വാരാണസി : ക്ഷേത്രനഗരമായ വാരാണസി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിറ്റിങ് മണ്ഡലമെന്ന നിലയ്ക്കുകൂടിയാണ് പ്രശസ്തമാകുന്നത്. 2009-ല്‍ വിജയിച്ച മുരളീ മനോഹര്‍ ജോഷിയില്‍നിന്ന് ബാറ്റണ്‍ ഏറ്റെടുത്താണ് 2014 മുതലിങ്ങോട്ട്, ഗുജറാത്തിയായ നരേന്ദ്രമോദി വാരാണസിയില്‍ മത്സരിക്കാനെത്തുന്നത്. അക്കുറി 3.72 ലക്ഷം വോട്ടിന്റെയും 2019-ല്‍ 4.8 ലക്ഷം വോട്ടിന്റെയും ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ ജയം.
2009 മുതലിങ്ങോട്ട് ബി.ജെ.പി.യെ എതിര്‍ത്ത് മത്സരിക്കുന്നത് ഇപ്പോഴത്തെ യു.പി. പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ്. 2009-ല്‍ അദ്ദേഹം സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു. 2014-ലും 2019-ലും മോദിക്കെതിരേ കോണ്‍ഗ്രസിന്റെയും. മൂന്ന് തിരഞ്ഞെടുപ്പുകളിലും പക്ഷേ, മൂന്നാം സ്ഥാനത്തായി, പഴയ ബി.ജെ.പി. എം.എല്‍.എ.യായിരുന്നു അജയ് റായ്.
ഇത്തവണ മോദിയുടെ ഭൂരിപക്ഷം അഞ്ചുലക്ഷത്തിന് മുകളിലേക്കെത്തിക്കുമെന്ന് ബി.ജെ.പി.ക്കാരും പത്തുവര്‍ഷത്തെ മോദി ഭരണത്തില്‍ നിരാശയിലായ ജനം ഇത്തവണ മാറിച്ചിന്തിക്കുമെന്ന് അജയ് റായിയും പറയുന്നു. അജയ് റായ് ഇത്തവണ മത്സരിക്കുന്നത് എസ്.പി.-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രതിനിധിയായാണ്. 2019-ല്‍ എസ്.പി.-ബി.എസ്.പി. സഖ്യത്തില്‍ മത്സരിച്ച എസ്.പി. സ്ഥാനാര്‍ഥി രണ്ടാമതെത്തി. ഇക്കുറി ബി.എസ്.പി. തനിച്ച് മത്സരിക്കുന്നു.
മുന്നാക്കക്കാരായ ബ്രാഹ്മിണ്‍, ഭൂമിഹാര്‍ സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള വാരാണസിയില്‍ കോണ്‍ഗ്രസ് അജയ് റായിയില്‍ വിശ്വാസമര്പ്പിക്കാനൊരു കാരണം അദ്ദേഹം ഭൂമിഹാര്‍ വിഭാഗക്കാരനാണെന്നതാണ്. ”പ്രധാനമന്ത്രിയായുള്ള മോദിജിയുടെ 10 വര്‍ഷംകൊണ്ട് ഇവിടെയൊന്നും നടന്നില്ല. ഇവിടെ കുടിക്കാന്‍ വെള്ളമില്ല. നഗരമാകെ ഗതാഗതക്കുരുക്കാണ്. തൊഴിലില്ലായ്മ രൂക്ഷം. സാധാരണ ജനങ്ങളെ കണ്ടുള്ള വികസനമൊന്നും ഇവിടെ നടന്നിട്ടില്ല. ജനമാകെ നിരാശരും”- വാരാണസി ക്ഷേത്രപരിസരത്തെ ലൗരബിറിനടുത്തുള്ള ഹത്വ മാര്‍ക്കറ്റിനോടു ചേര്‍ന്നുള്ള വീട്ടില്‍ െവച്ച് അജയ് റായ് മാധ്യമങ്ങളോട് പറഞ്ഞു.
”ജനങ്ങളെല്ലാം കാണുന്നുണ്ട്. ഒരു പ്രവൃത്തിയും നടക്കുന്നില്ലെങ്കില്‍ അവരെന്തിന് മോദിജിയെ തുടര്‍ച്ചയായി വിജയിപ്പിക്കണം. പത്ത് വര്‍ഷമായി വാരാണസിയുടെ മുഖച്ഛായ മോദിജി മാറ്റിയെടുത്തു. എല്ലാ സൗകര്യവുമൊരുക്കുമ്പോള് ജനം ആരെ തിരഞ്ഞെടുക്കണം”- രോഹണിയായിലെ ബി.ജെ.പി. ജില്ലാ കാര്യാലയത്തില്‍ പാര്‍ട്ടി വാരാണസി ജില്ലാ അധ്യക്ഷന്‍ ഹന്‍സ് രാജ് വിശ്വകര്‍മ പറഞ്ഞു. അവസാനഘട്ടമായ ജൂണ്‍ ഒന്നിനാണ് വാരാണസിയിലെ വോട്ടെടുപ്പ്.
ചുട്ടുപൊള്ളുന്ന വെയില്. കാശിവിശ്വനാഥ ക്ഷേത്രത്തിലേക്ക് സദാനേരവും ജനങ്ങളുടെ കുത്തൊഴുക്ക്. ഇടുങ്ങിയ ഗലികളിലടക്കം വാഹനങ്ങളുടെ പെരുക്കം. ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയുള്ള ശബ്ദമലിനീകരണം അകമ്പടി. ഗലികളില്‍ അവിടവിടെ പൊട്ടിയൊലിക്കുന്ന ഓടകള്‍. റോഡുകളില്‍ എങ്ങോട്ട് തിരിഞ്ഞാലും ഗതാഗതക്കുരുക്ക്. സന്ധ്യയായാല്‍ ഗംഗാ ആരതി കാണാനുള്ള ആള്‍പ്രവാഹം ഇരട്ടിയാകും. ആരതി ദര്‍ശനം ഗംഗയില്‍ ബോട്ടിലിരുന്ന് ആസ്വദിക്കാവുന്ന വിധത്തില്‍ തീര്‍ഥാടന ടൂറിസം വികസിപ്പിച്ചതും മധ്യ, ഇടത്തരം വര്‍ഗങ്ങളെ ആകര്‍ഷിക്കുന്ന ഘടകമായിട്ടുണ്ട്. 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയിലെ ചന്ദ്രശേഖര്‍ നേടിയ 66.22 ശതമാനം വോട്ടുകഴിഞ്ഞാല്‍ വാരാണസി മണ്ഡലചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വോട്ടുനില സ്വന്തമാക്കിയത് 2019-ല്‍ മോദിയാണ്. 63.62 ശതമാനം.