പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിക്കുന്ന വാഹനം അപകടമുണ്ടാക്കിയാല്‍ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ക്കും വാഹനയുടമക്കുമെതിരെ കേസെടുക്കാനാവുമെന്ന് ഹൈക്കോടതി.മോട്ടോര്‍ വാഹന നിയമത്തില്‍ 199 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് 2019ല്‍ കൊണ്ടുവന്ന ഭേദഗതി ഇതിന് അനുമതി നല്‍കുന്നുണ്ട്.ഈ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യം സ്വതന്ത്രമായി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.ഇത്തരം കേസുകളില്‍ കുട്ടികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തിയാല്‍ മതിയാകും.
എന്നാല്‍ ലൈസന്‍സില്ലാതെ കുട്ടികള്‍ വാഹനമോടിക്കുന്നത് ബാലനീതി നിയമപ്രകാരം നിസ്സാര കുറ്റമാണ്.കുട്ടികള്‍ കുറ്റക്കാരെന്ന് ബാലനീതി ബോര്‍ഡ് കണ്ടെത്തിയാല്‍ രക്ഷിതാക്കള്‍ക്കും വാഹനയുടമക്കുമെതിരായ കേസ് നിലനില്ക്കും.കുറ്റക്കാരല്ലെങ്കില്‍ ഇവര്‍ക്കെതിരെ കേസുണ്ടാവുകയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ തങ്ങള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വാഹനയുടമകളും സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ തള്ളിയാണ് ഉത്തരവ്.