2025-ല്‍ പാകിസ്താനിലെ ലാഹോറില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍ ട്രോഫിയുടെ ഫിക്ച്ചര്‍ ഐ.സി.സിക്ക് പാകിസ്താന് അധികാരികള്‍. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ ലോഹറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ മാര്‍ച്ച് ഒന്നിന് പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പോരാട്ടം നടക്കും.കനത്ത സുരക്ഷയിലായിരിക്കും മത്സരങ്ങള്‍ നടത്തുക. സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ലാഹോറിലായിരിക്കും.
ചാമ്പ്യന്‍സ് ട്രോഫി സംബന്ധിച്ച അന്തിമതീരുമാനം പാകിസ്താന് എടുത്തെങ്കിലും ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും (ബി.സി.സി.ഐ) ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ചാമ്പ്യന്‍സ്ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ചകള്‍ പോലുമുണ്ടായിട്ടില്ലെന്നും വിവരമുണ്ട്.
കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ ഏഷ്യ കപ്പ് നടന്നപ്പോഴും ഇന്ത്യയുടെ പങ്കാളിത്തമുണ്ടായിരുന്നില്ല. പിന്നീട് ടൂര്‍ണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. നടക്കാനിരിക്കുന്ന ഐ.സി.സി യോഗത്തില്‍ ടൂര്‍ണമെന്റ് സംബന്ധിച്ച് ചര്‍ച്ചയുണ്ടാവുമെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.