ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എന്‍ സി പി ഭരിക്കുന്ന വനംവകുപ്പിനെതിരെ സി പി എം പ്രതിഷേധവുമായി രംഗത്ത്.കാട്ടാനയാക്രമണവും വന്യമൃഗശല്യവും ജീവിതം ദുരുത പൂര്‍ണമായിട്ടും വനംവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ചാണ് അങ്കമാലി മേഖലയിലെ വനം വകുപ്പ് ഓഫീസിനെതിരെ സമരവുമായി സി പി എം രംഗത്തെത്തിയത്.സംസ്ഥാനത്തെ മലയോരമേഖല കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കയാണ്.വന്യമൃഗങ്ങളുടെ നിരന്തരമായ അക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.
സാധാരണക്കാരായ കര്‍ഷകരുടെ ഏക വരുമാനമാര്‍ഗമായ കൃഷിയിടങ്ങള്‍ നിരന്തരമായ നശിപ്പിക്കപ്പെടുകയും നിരവധി പേര് അക്രമികപ്പെടുകയും ചെയ്യുന്നത് സ്ഥിരം സംഭവമായിട്ടും ശാശ്വതമായൊരു പരിഹാര മാര്‍ഗം ഇതുവരേയും ഉണ്ടായിട്ടില്ലെന്നും ഇത് വനം വകുപ്പ് മന്ത്രിയുടേയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അവഗണന കാരണമാണെന്നുമാണ് സി പി എം നേതാക്കളുടെ ആരോപണം. മലയോരത്തെ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുന്ന അപകടകരമായൊരു സാഹചര്യമാണ് അങ്കമാലിയിലെ വനമേഖലയില്‍ നിലവിലുളളതെന്നാണ് സമരക്കാരുടെ ആരോപണം.
അങ്കമാലി, മലയാറ്റൂര്‍, അയ്യമ്പുഴ മേഖലകളില്‍ കാട്ടാന ശല്യം ഏറെക്കാലമായി രൂക്ഷമാണ്. കാലങ്ങളായി ഇതിനെതിരെ ജനങ്ങള്‍ പരാതിയുമായി വനംവകുപ്പിന്റെ വിവിധ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. കോടനാട്ടെ വനംവകുപ്പ് അധികൃതര്‍ മിക്കയിടങ്ങളിലുമുള്ള കാട്ടാന ശല്യം പരിഹരിക്കാനായി ഇടപെടുന്നതെങ്കിലും അങ്കമാലിയിലെ പ്രശ്നങ്ങളില്‍ അനങ്ങാപ്പാറ നയമാണ് ഇവര്‍ സ്വീകരിക്കുന്നതെന്നാണ് സി പി എമ്മിന്റെ പരാതി.പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും, പരാതിയില്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ശാശ്വത പരിഹാരമുണ്ടാവണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രതിപക്ഷ കക്ഷികളൊക്കെ വനംവകുപ്പ് നിഷ്ക്രിയമാണെന്ന ആരോപണവുമായി രംഗത്ത് വരുകയും നിരവധി പ്രക്ഷോഭ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയെങ്കിലും വനംകുപ്പ് മൗനം തുടര്‍ന്നതോടെയാണ് സി പി എം നേരിട്ട് സമരവുമായി രംഗത്തെത്തിയത്.വനംവകുപ്പ് കൈകാര്യം ചെയ്യുന്ന എ കെ ശശീന്ദ്രനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍ സി പിക്കുമെതിരെ പ്രത്യക്ഷ സമരവുമായി സി പി ഐ എം നേതൃത്വം രംഗത്തുവന്നത് സംശയത്തോടെയാണ് എന്‍ സി പി കാണുന്നത്.
എന്‍ സി പിയുടെ വകുപ്പിനെതിരെ സമരവുമായി സി പി എം രംഗത്ത് വരുമ്പോള്‍ അതിന് മറ്റൊരു രാഷ്ട്രീയ മുഖം കൂടിയുണ്ടെന്നാണ് അങ്കമാലിക്കാര് കരുതുന്നത്.2026 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായ പി സി ചാക്കോ മത്സരിക്കാനുദ്ദേശിക്കുന്ന നിയോജക മണ്ഡലമാണ് അങ്കമാലി.ഇവിടെ എല്‍ ഡി എഫിന് ഉയര്‍ത്തിക്കാട്ടാന്‍ ജനകീയനായൊരു സ്ഥാനാര്‍ത്ഥിയില്ല.
മുന്‍മന്ത്രിയും അങ്കമാലി മുന്‍ എം എല്‍ എയുമായ ജോസ് തെറ്റയില്‍ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെടുകയുണ്ടായി.അതിന് മുന്‍പ് രണ്ട് തവണ ജോസ് തെറ്റയില്‍ എം എല്‍ എ ആയിരുന്നുവെങ്കിലും അദ്ദേഹത്തിനെതിരെയുണ്ടായ ലൈംഗീകാരോപണ വിവാദത്തോടെ ജോസ് തെറ്റയിലിന്റെ ജനസ്വാധീനത്തിന് ഇടിച്ചല് തട്ടുകയായിരുന്നു.ഇതേ തുടര്‍ന്ന് തെറ്റയില്‍ മത്സരരംഗത്തുനിന്നും പിന്മാറുകയായിരുന്നു.പകരം ജെ ഡി എസിലെ ബെന്നി മുഞ്ഞേലി അങ്കമാലിയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.ഈ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കെയാണ് പി സി ചാക്കോ അങ്കമാലിയില്‍ മത്സരിക്കുന്നതിനുളള തയ്യാറെടുപ്പുകള്‍ നടത്തികൊണ്ടിരിക്കുന്നത്.
നേരത്തെ മുകുന്ദപ്പുരം നിയോജക മണ്ഡലത്തില്‍ അദ്ദേഹം എം പിയായി ഇരുന്നിട്ടുളളയാളാണ്.തുടര്‍ന്ന് അദ്ദേഹം ചാലക്കുടി പാര്‍ലമെന്റ് നിയോജക മണ്ഡലമായതിന് ശേഷം മത്സരിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെടുകയാണ് ചെയ്യുന്നത്.അ സമയത്ത് അങ്കമാലിയില്‍ അദ്ദേഹത്തിനുണ്ടായ ബന്ധങ്ങള്‍ 2026-ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരത്തിനൊരുമ്പോഴാണ് അദ്ദേഹത്തിനോടും ,എന്‍സിപിയോടും എതിര്‍പ്പുളള സിപിഎം അദ്ദേഹത്തിന്റെ പാര്‍ട്ടി കൈകാര്യം ചെയ്യുന്ന വകുപ്പിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്നത് എന്നുളളത് ഏറെ രാഷ്ട്രീയ പ്രാധാന്യമുളള വിഷയമാണ്.ഇന്നലെ കൊടനാട് ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ നടന്ന സമരത്തില്‍ അയ്യാംപുഴ പഞ്ചായത്ത് പ്രസിഡന്റ്, സിപിഎം അങ്കമാലി ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്തിരുന്നു.വലിയ രീതിയിലുളള ജനപങ്കാളിത്തമുളള സമരമായിരുന്നു സിപിഎം നടത്തിയത്.മലയാറ്റൂര്‍ മേഖലയിലെ ജനജീവിതം വളരെ ദുസ്സഹമായ രീതിയിലാണ് നിലവില്‍ പോയിക്കൊണ്ടിരിക്കുന്നത്.കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം അവിടുത്തെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നു.ഇതിന് പരിഹാരം കാണുന്നതില്‍ വനംവകുപ്പ് പൂര്‍ണ്ണ പരാജയമാകുന്നതില് ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.