രാജേഷ് തില്ലങ്കേരി
ഇ പി ജയരാജനെതിരെ സി പി എം കടുത്ത നടപടിക്ക് നീക്കം. കേന്ദ്രകമ്മിറ്റിയില്‍ നിന്നും തരം താഴ്ത്താനും എല്‍ ഡി എഫ് കണ്‍വീനര്‍സ്ഥാനത്തുനിന്നും നീക്കാനുമാണ് നീക്കം.ഇ പി ക്കെതിരെ കടുത്ത നടപടി ആവശ്യമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. പാര്‍ട്ടിയേയും മുന്നണിയേയും ഇ പി ജയരാജന് കടുത്ത പ്രതിസന്ധിയിലാക്കിയെന്നും, ഇത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയതെന്നുമായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന ആരോപണം.
മട്ടന്നൂര്‍ സീറ്റില്‍ വീണ്ടും മത്സരിക്കാന്‍ ഇ പി ജയരാജന് ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിക്ക് അധികാര തുടര്‍ച്ച ഉണ്ടായതോടെ ജയരാജന് സീറ്റു നിഷേധിച്ചതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്വാങ്ങുകയാണെന്നുപോലും ഒരിടയക്ക് ജയരാജന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ ജയരാജന് വീണ്ടും പാര്‍ട്ടിയില്‍ സജീവമായി.സംഘാടന ചുമതലയില്‍ പ്രധാനിയായി ജയരാജനെ ഉള്‍പ്പെടുത്താന്‍ പിണറായി വിജയന് മുന്‍കൈയെടുത്തു. ഇത് പിണങ്ങി നില്‍ക്കുകയായിരുന്ന ഇ പി ജയരാജനെ ഒപ്പം നിര്‍ത്താനുള്ള അടവായിരുന്നു. എറണാകുളത്ത് നടന്ന സി പി എം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിയായി ജയരാജന് വരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. കോടിയേരി രോഗബാധിതനായിരുന്ന വേളയില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് ജയരാജന് വിശ്വസിച്ചിരുന്നു. എന്നാല്‍ സെക്രട്ടറി സ്ഥാനം എം വി ഗോവിന്ദന് നല്‍കാനായിരുന്നു പോളിറ്റ് ബ്യൂറോ തീരുമാനം.
പിണറായി വിജയന്റെ വലംകൈ ആയി അറിയപ്പെട്ടിരുന്ന ഇ പി മന്ത്രിസഭയില്‍ ഒന്നാമനായാണ് അറിയപ്പെട്ടിരുന്നത്.
പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുപ്പക്കപ്പെടുമെന്നായിരുന്നു ഇ പി കരുതിയിരുന്നത്. എന്നാല്‍ പൊളിറ്റ് ബ്യൂറോയിലേക്ക് വന്നതാവട്ടെ എ വിജയരാഘവനും. ജൂനിയര്‍ നേതാക്കളായ എം വി ഗോവിന്ദനും എ വിജയരാഘവനും പൊളിറ്റ് ബ്യൂറോയില്‍ എത്തിയതോടെയാണ് ജയരാജന് പാര്‍ട്ടിയില്‍ തഴയപ്പെട്ടതായുള്ള തിരിച്ചറിവുണ്ടാവുന്നത്.
അധികാരമോ, പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളോ ഇല്ലാതെ നില്ക്കാന് പറ്റാത്ത അവസ്ഥയിലേക്ക് ഇ പി അപ്പോഴേക്കും മാറിയിരുന്നു. സി പി എമ്മില്‍ വിഭാഗീയ പ്രവര്‍ത്തനം ശക്തമായിരുന്ന കാലത്ത് മലപ്പുറം സമ്മേളനത്തില്‍ വി എസ് ഗ്രൂപ്പിനെ ദുര്‍ബലപ്പെടുത്താനും പിണറായി വിജയന്റെ കാല്‍ക്കീഴിലേക്ക് പാര്‍ട്ടിയെ എത്തിക്കാന്‍ ഗൂഢനീക്കങ്ങള്‍ നടത്തിയ നേതാവാണ് ഇ പി ജയരാജന്. ഇതാണ് പിണറായി വിജയന് ഇ പിയോടുള്ള കടപ്പാടും.ഇ പിയെ കൂടെ നിര്‍ത്തുകയെന്ന നിലപാടിന്റെ ഭാഗമായാണ് പിന്നീട് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് അവരോധിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മുന്നണി കണ്‍വീനറിനാണ് പ്രമുഖസ്ഥാനമെന്ന് ജയരാജന് സ്വയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജയരാജന്റെ നിരവധി ഇടപെടലുകള്‍ പലപ്പോഴായി വിവാദങ്ങളിലേക്ക് പാര്‍ട്ടിയെ വലിച്ചിഴച്ചുവെന്നും, ഇത്തരം പ്രവണതകള്‍ വലിയ തിരിച്ചടിയാവുമെന്നുമായിരുന്നു പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളുടേയും അഭിപ്രായം.
ഇ പിയുടെ മകന് ഓഹരിയുടമയായ വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രമുഖ നേതാവായ പി ജയരാജന് പാര്‍ട്ടിയില്‍ ഉന്നയിച്ച പരാതിയും പിന്നീട് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു. പാര്‍ട്ടിയുടെ ഉന്നതനായൊരു നേതാവിന്റെ മകന് സ്ഥാപിച്ച ഒരു വന്‍കിട റിസോര്‍ട്ടില്‍ ഇ പിയുടെ ഭാര്യ ഓഹരിയെടുത്തതും വിവാദമായിരുന്നു.വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നൊക്കെ ഇ പി തല്ക്കാലം തടിയൂരിയെങ്കിലും കണ്ണൂരിലെ പാര്‍ട്ടിയില്‍ ഈ വിഷയം പിന്നെയും ചൂടേറിയ വിഷയമായിതന്നെ നിലനിന്നു.
ഇ പി ജയരാജന് ജില്ലാ സെക്രട്ടറിയായിരിക്കെ ആഡംബര ഭവനം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതിയും അതുമായി ബന്ധപ്പെട്ട് ഇ പി ക്കെതിരെ ഉയര്‍ന്ന വിവാദവും, വെട്ടുകല്ല് സമരവും ജയരാജനെതിരെ നടപടി വേണമെന്ന് അക്കാലത്ത് കണ്ണൂര്‍ ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ഇ പിയെ പാര്‍ട്ടിയില്‍ നിലനിര്‍ത്തിയത് വി എസ് അച്ചുതാനന്ദനായിരുന്നു. പിന്നീട് വി എസ്സ് പക്ഷത്തുനിന്നും ജയരാജന് മാറി.പിണറായി ശക്തിപ്പെട്ടതോടെ ഇ പി പിണറായിയുടെ ഏറ്റവും വിശ്വസ്തനായിമാറി. കോടിയേരിയെ എക്കാലവും ശക്തമായി എതിര്‍ത്ത നേതാവുകൂടിയായിരുന്നു ഇ പി. ദേശാഭിമാനി ജനറല്‍ മാനേജറായിരിക്കെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും കോടികള്‍ വാങ്ങിയെന്ന ആരോപണത്തിലും ഇ പി ജയരാജൻ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഒന്നാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ കാരണങ്ങളില്‍ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ബി ജെ പി ബന്ധമാണെന്നാണ് ആരോപണം. വിവാദ ദല്ലാള്‍ നന്ദകുമാറുമായുള്ള അടുത്ത ബന്ധവും, ബി ജെ പി ദേശീയ നേതാവും കേരളത്തിന്റെ ചുമതലക്കാരനുമായ പ്രകാശ് ജാവഡേക്കറുമായി മകന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലും വലിയ തിരിച്ചടിയിലേക്ക് പാര്‍ട്ടിയെ നയിച്ചുവെന്നാണ് പാര്‍ട്ടി ചര്‍ച്ച ചെയ്ത് കണ്ടെത്തിയത്.
ഇ പിയുടെ ബി ജെ പി ബന്ധവും ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും വലിയ ക്ഷീണമാണ് മുന്നണിക്ക് ഉണ്ടാക്കിയതെന്നാണ് പരാതി.തിരഞ്ഞെടുപ്പില്‍ ഇ പി വിഷയം കോണ്‍ഗ്രസ് വലിയ ആയുധമാക്കിയിരുന്നു.പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് എന്ന കാര്യം പലപ്പോഴും മറന്നാണ് ഇ പി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാറുള്ളത്.ഇ പി പലപ്പോഴായി നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പത്തിന് വഴിതെളിച്ചുവെന്നാണ് പാര്‍ട്ടി അണികള്‍ തന്നെ ആരോപിക്കുന്നത്.എന്ത് വിഷയം കിട്ടിയാലും ആലോചിക്കാതെ പ്രസ്താവനയിറക്കുകയെന്ന ശൈലിയാണ് ഇ പിക്ക് വിനയായത്.
ഇ പി ബിജെപിയില്‍ ചേരാന്‍ നീക്കങ്ങള്‍ നടത്തിയെന്നും തൃശ്ശൂര്‍ ഗസ്റ്റ് ഹൗസില്‍ ദല്ലാള്‍ നന്ദകുമാറിന്റെ ഇടനിലയില്‍ ചില ബി ജെ പി നേതാക്കളെ കണ്ടുവെന്നും ശോഭാ സുരേന്ദ്രനും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.ഇതെല്ലാം സി പി എം അണികളിലും ഇടത് അനുഭാവികളിലും വലിയ സംശയം ജനിപ്പിച്ചുവെന്നുമാണ് ഇ പി ക്കെതിരെ സി പി എം തയ്യാറാക്കിയിരിക്കുന്ന കുറ്റം.തിരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇ പിക്കെതിരെ തല്ക്കാലം നടപടിയില്ലെന്നായിരുന്നു തീരുമാനമെടുത്തത്.എന്നാല്‍ തോല്‍വിയെക്കുറിച്ചുള്ള അവലോകനത്തില്‍ നിറയെ ഇ പി വിഷയം ചൂടേറിയ ചര്‍ച്ചയായി ഉയര്‍ന്ന സാഹചര്യത്തില്‍ മേല്‍കമ്മിറ്റിക്ക് തീരുമാനം കൈക്കൊള്ളാതെ മുന്നോട്ടേക്ക് പോവാന്‍ കഴിയാതെ വന്നിരിക്കയാണ്.
ഇടതുമുന്നണി കണ്‍വീനര്‍ എന്ന നിലയില്‍ കാണിക്കേണ്ട ജാഗ്രതയോ മിതത്വമോ ഒന്നും ഇ പി ജയരാജന് കാണിച്ചില്ലെന്നാണ് സി പി എം പൊതുവെ വിലയിരുത്തിയിരിക്കുന്നത്.പിണറായി വിജയന്റെ ശൈലിയും ജയരാജന്റെ നാക്കുപിഴയും തിരിച്ചടയുടെ ആഘാതം വര്‍ധിപ്പിച്ചുവെന്നാണ് ഭൂരിപക്ഷം ജില്ലാകമ്മിറ്റികളും ആരോപിക്കുന്നത്. ജയരാജന്റെ തട്ടകമായ കണ്ണൂരിലും അതിരൂക്ഷമായ വിമര്‍ശനമാണ് ഇ പിക്കെതിരെ ഉയര്‍ന്നത്.
ഇ പി സി പി എം കേന്ദ്രക്കമ്മിറ്റി അംഗമാണ്.അതിനാല്‍ നടപടി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണ്.അടുത്ത മാസം അഞ്ചാം തീയതി നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗം ജയരാജാനെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യും.ഇതേ യോഗത്തില്‍ തന്നെ നടപടിയുണ്ടാവും.എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന് അധികാരമുണ്ട്.നടപടിയുണ്ടായാല്‍ ഇ പി സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുന്നതടക്കമുള്ള കഠിന നിലപാട് സ്വീകരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.