തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കാനിടയായ സാഹചര്യം ഇപ്പോഴും അജ്ഞാതം. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നെയ്യാറ്റിൻകര കണ്ണറവിള സ്വദേശിക്ക് രോഗം ബാധിച്ചത് ലഹരി ഉപയോഗമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ. പൊടിരൂപത്തിലുള്ള ലഹരിവസ്തുക്കള്‍ വെള്ളത്തില്‍ ചേര്‍ത്ത് മൂക്കിലേക്ക് വലിച്ചുകയറ്റിയതുകൊണ്ടാവാമെന്നാണ് കണ്ടെത്തല്‍.
കുളത്തിലെ വെള്ളം ലഹരി ഉപയോഗത്തിന് ഉപയോഗിച്ചതായും ആരോഗ്യവകുപ്പ് പറയുന്നു. എന്നാൽ പേരൂര്‍ക്കട, മണ്ണാമ്മൂല സ്വദേശിയുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. നിലവില്‍ രോഗം സ്ഥിരീകരിച്ച് ആറുപേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.
നെയ്യാറ്റിന്‍കരയിലെ കാവിന്‍കുളം ക്ലോറിനേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യവിഭാഗം. കുളത്തിലെ വെള്ളത്തിന്റെ സാമ്പിളുകള്‍ തുടര്‍ച്ചയായി പരിശോധിക്കുന്നുണ്ട്. മലിനജലം ഉപയോഗിച്ച് പൊടിയോ പുകയിലയോ ശ്വസിച്ചവരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.