സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കേരളത്തിൽ ഇപ്പോഴുള്ള ആകെ ആനകളുടെ എണ്ണം 1793 ആണെന്നും കഴിഞ്ഞ വർഷം 1920 ആനകളാണ് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ വന മേഖലയിൽ ആനകളുടെ എണ്ണം കൂടിയിട്ടില്ല എന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. വലിയ തോതിൽ എണ്ണം കുറയുന്നുണ്ടെങ്കിൽ അത് പരിശോധിക്കണം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒന്നിച്ചാണ് കണക്കെടുപ്പ് നടത്തിയത്. കാലത്തിന് അനുസരിച്ച് ആനകളുടെ എണ്ണത്തിൽ ചെറിയ കുറവ് ഉണ്ടാകും. അത് സ്വഭാവികം ആണ്.
നേരിയ വ്യത്യാസം മാത്രമാണ് ആനകളുടെ എണ്ണത്തിൽ കാണാനുള്ളത്. എണ്ണം കുറയുമ്പോഴും ഇവ നാട്ടിൽ എത്തി ഉണ്ടാക്കുന്ന ദുരിതങ്ങൾ പരിഹരിക്കാനുള്ള ശ്രമം വനവകുപ്പ് നടത്തും. ഗണ്യമായി ആനകളുടെ എണ്ണം കുറഞ്ഞു എന്ന് പറയാനാവില്ല. കഴിഞ്ഞ വർഷത്തേക്കാൾ 6% കുറവ് ആണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യ ജീവി ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങൾ നൽകുന്ന വാർത്ത ഭീതി ജനിപ്പിക്കുന്നതാണെന്ന് ആനകളുടെ കണക്കുകൾ വ്യക്തമാക്കിക്കൊണ്ട് മന്ത്രി പറഞ്ഞു. വനം സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി മാതൃകാ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം സർപ്പ ആപ്പ് പാമ്പിനെ പിടിക്കുന്നവർക്കും കടിയേൽക്കുന്നവർക്കും ഉപകാരപ്പെടുന്നതാണെന്നും, പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം പൂജ്യത്തിൽ എത്തിക്കാൻ കഴിയും എന്നാണ് കണക്കുകൂട്ടലെന്നും പറഞ്ഞു.