മഴക്കാലം ശക്തമാകും മുൻപേ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കുതിച്ചുയരുന്നു. ഈ വർഷം ജനുവരി 1 മുതൽ ഏപ്രിൽ 30 വരെ 15 ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചു; 28 മരണങ്ങൾ കൂടി ഡെങ്കിപ്പനി മൂലമാണെന്നു സംശയിക്കുന്നു. ഈ 28 പേരുടെ കണക്കുകൂടി ചേർത്തുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം ആരോഗ്യ വകുപ്പിന്റെ അവലോകനയോഗത്തിൽ അവതരിപ്പിച്ചു. റിപ്പോർട്ട് അനുസരിച്ച് ഈ വർഷം ഏപ്രിൽ വരെ 4576 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സംശയിക്കുന്ന 11,387 പേരുണ്ട്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഇത്തവണ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. മിക്ക ജില്ലകളിലും റെക്കോർഡ് ചൂട് ഉണ്ടായിട്ടും ഡെങ്കിപ്പനി ഉയർന്നു. ചൂടു കൂടുമ്പോൾ കൊതുകു പെരുകാനുള്ള സാധ്യത കുറയുമെന്നുമായിരുന്നു കണക്കുകൂട്ടൽ.
അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം; പരസ്യ പ്രചാരണം ഇന്ന് തീരും
ഇന്നും നാളെയും ശുചീകരണം
ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങളാണു സംസ്ഥാനത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്നു മന്ത്രി വീണാ ജോർജ് ജില്ലാതല ആരോഗ്യ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞു. എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണു മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്തത്. ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തണമെന്നും ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.