ഇത് ലോക്സഭയിലേക്കുള്ള തന്റെ അവസാന മത്സരമാണെന്നാണ് ശശി തരൂര്‍ പറയുന്നത്. ഇനി മത്സരിക്കില്ലെന്നും എന്നാല്‍ രാഷ്ട്രീയം മതിയാക്കില്ലെന്നുമാണ് ശശി തരൂരിന്റെ പ്രതികരണം. തിരുവനന്തപുരത്ത് വാശിയേറിയ മത്സരം അരങ്ങേറുന്നതിനിടയില്‍ ശശി തരൂര്‍ നടത്തിയ ഈ അഭിപ്രായ പ്രകടനത്തിന് പലതരത്തിലാണ് വ്യാഖ്യാനങ്ങള്‍. അതില്‍ ഒന്ന് ശശി തരൂര്‍ തിരുവനന്തപുരത്ത് പരാജയം മണത്തു തുടങ്ങിയിരിക്കുന്നു എന്നാണോ ഇതിനര്‍ത്ഥം?
കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായൊരു രാഷ്ട്രീയ കാലാവസ്ഥയാണ് തിരുവനന്തപുരത്ത് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വവും വിലയിരുത്തുന്നത്. കോണ്‍ഗ്രസിന് വലിയ മേല്‍കൈ അവകാശപ്പെടാനില്ലാത്ത തിരുവനന്തപുരത്ത് തുടര്‍ച്ചയായി വിജയം നേടിയെടുക്കാന്‍ വിശ്വപൗരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രധാന പങ്കുവഹിച്ചിരുന്നു. നേരത്തെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം സമ്മാനിച്ചിരുന്ന മണ്ഡലമായിരുന്നു തിരുവനന്തപുരം.
എന്നാല്‍ വിശ്വപൗരന്റെ അപ്രതീക്ഷിതമായ എന്‍ട്രി തിരുവനന്തപുരത്തെ വലത്തോട്ട് ചായാന്‍ സഹായിച്ചു. ശശി തരൂര്‍ മത്സരിക്കാനായി തിരുവനന്തപുരത്തേക്ക് എത്തുന്നത് 2009 ലാണ്. ഏക്യരാഷ്ട്രസഭയില് കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അണ്ടര്‍ സെക്രട്ടറിയായിരുന്നു. 2006 ല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് ഇന്ത്യക്കാര്‍, പ്രത്യേകിച്ചും മലയാളികള്‍ ഈ വിശ്വപൗരനെ ശ്രദ്ധിക്കുന്നത്.
അതിനകം തന്നെ നിരവധി പുസ്തകങ്ങളിലൂടെ കുറേയധികം മലയാളികള്‍ ശശി തരൂരിനെ അറിഞ്ഞിരുന്നുവെങ്കിലും സാധാരണക്കാരുടെ ഇടയില്‍ ശശി തരൂരിന് പേരുണ്ടായത്, യുഎന്‍ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനായി എത്തിയതോടെയായിരുന്നു. ചില അംഗരാജ്യങ്ങളുട പിന്തുണ ലഭിക്കാതെ വന്നതോടെ യുഎന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും ശശി തരൂര്‍ എന്ന പാലക്കാട്ടുകാരന് പിന്‍വാങ്ങിയതും ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായി.
ലണ്ടനില്‍ ജനിച്ച് ഇന്ത്യയില്‍ വളർന്ന ശശി തരൂര്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നാണ് ബിരുദം നേടിയത്. 1978 ടഫ്റ്റ്സ് സര്‍വ്വകലാശാലയിലെ ഫ്ളെെച്ചര് സ്കൂളില്‍ നിന്നും, 22 ാം വയസില്‍ ഡോക്ടറേറ്റ് നേടുമ്പോൾ അതൊരു ചരിത്രം കൂടിയായിരുന്നു. ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഒരു കലാലയത്തില്‍ നിന്നും ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു തരൂര്‍. 1978 മുതല്‍ 2007 വരെ ഐക്യരാഷ്ട്ര സഭയില്‍ പ്രവര്‍ത്തിച്ച ശശി തരൂര്‍, ഒരു പക്ഷേ യുഎന്നിന്റെ ജനറൽ സെക്രട്ടറി മത്സരത്തില്‍ ബാന്‍കിമൂണിനെ പരാജയപ്പെടുത്തിയിരുന്നുവെങ്കില്‍ ലോകം അറിയപ്പെടുന്ന ഇന്ത്യക്കാരനായി മാറിയേനേ.
യുഎന്നില്‍ കമ്യൂണിക്കേഷന്‍ ആ്ന്റ് പ്ബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന തരൂര്‍ 2006 ല്‍ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു. 2009 ലാണ് ശശി തരൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമാവുന്നത്. അതേ വര്‍ഷം തന്നെ തിരുവനന്തപുരത്തു നിന്നും അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനെത്തി. ടെക്കികളും ഉദ്യോഗസ്ഥ സമൂഹവും ഉള്‍പ്പെടെ എല്ലാ വിഭാഗം ജനതയും തിരുവനന്തപുരത്തെത്തിയ വിശ്വപൗരനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
പിന്നീട് കോണ്‍ഗ്രസുകാര്‍ക്കുപോലും ശശി തരൂരിന്റെ തേരോട്ടത്തെ തടുക്കാനായില്ലെന്നത് ചരിത്രം. മൂന്നു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ശശി തരൂര്‍ കേന്ദ്രമന്ത്രിയായി രണ്ടുതവണ. വിവാദങ്ങളും തരൂരിനെ വിടാതെ പിന്തുര്‍ന്നു. ഭാര്യ സുനന്ദാ പുഷ്കറിന്റെ ദുരൂഹമരണം
കൊച്ചി ക്രിക്കറ്റ് ക്ലബ്ബിലെ പങ്കാളിത്തം, പാക്ക് മാധ്യമ പ്രവര്‍ത്തകയുമായുള്ള ബന്ധം തുടങ്ങി നിരവധി വിഷയങ്ങളിലൂടെ കടന്നു പോവുമ്പോഴും ഭാഷാ പണ്ഡിതന്, എഴുത്തുകാരന്, പ്രഭാഷകന്‍ തുടങ്ങിയ നിലയിലെല്ലാം തരൂര്‍ ഏറെ ആഘോഷിക്കപ്പെട്ടു.
കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ ഗാന്ധി കുടുംബത്തിനെതിരെ രൂപം കൊണ്ട ജി 24 എന്ന ഗ്രൂപ്പില്‍ അംഗമായിരുന്ന തരൂര്‍, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിക്കാനെത്തിയതോടെ കേരളത്തില്‍ ശശി തരൂരിനെ ഒരു പക്ഷം അകറ്റി നിര്‍ത്തി. കേരള രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമമാണ് തരൂര്‍ നടത്തുന്നതെന്ന് മനസിലാക്കിയതോടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുകളുമായി രംഗത്തെത്തി. യോഗങ്ങളില്‍ പങ്കെടുക്കുന്നതുപോലും വിലക്കി.
കേരളത്തില്‍ തരൂര്‍ ഗ്രൂപ്പ് വളരുന്നതായിപ്പോലും സംശയമുണര്‍ത്തിയായിരുന്നു നീക്കങ്ങള്‍. 2009 ല്‍ തിരുവനന്തപുരത്ത് മത്സരിക്കാനെത്തിയപ്പോഴുള്ള രാഷ്ട്രീയ കാലാവസ്ഥയല്ല ശശി തരൂര്‍ 2024 ല്‍ നേരിടുന്നതെന്ന് വ്യക്തം. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ്, എന്‍ഡിഎയുടെ ശക്തമായ സാന്നിദ്ധ്യം എല്ലാം തരൂരിന് ഈ തെരഞ്ഞെടുപ്പ് കടുകട്ടിയാക്കി മാറ്റിയെന്ന് വ്യക്തം.
സിപിഐയിലെ രാമചന്ദ്രന് നായരെയും ബിജെപിയിലെ പികെ കൃഷ്ണദാസിനെയുമാണ്, ആദ്യ മത്സരത്തില്‍ തരൂര്‍ തിരുവനന്തപുരത്ത് കന്നിയങ്കത്തില്‍ നേരിട്ടതെങ്കില്‍, ഇന്ന് അതല്ല സ്ഥിതി.
ശശി തരൂരിന് കേരളാ മുഖ്യമന്ത്രി കസേരയില്‍ കണ്ണുണ്ട് എന്ന് കേരളത്തിലെ മിക്കവാറും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തമായി അറിയാം. കേരളത്തില്‍ അടുത്ത അംബ്ലി തെരഞ്ഞെടുപ്പില്‍ തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചാല്‍ ഭരണത്തിലെത്താമെന്ന് ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. സാധാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇതേ അഭിപ്രായമുണ്ട്.
എന്നാല്‍ ഇതൊക്കെ നടക്കുമോ എന്ന സംശയവും ശശി തരൂരിനുണ്ട്. മുസ്ലിം ലീഗും മധ്യകേരളത്തിലെ ചില യുവ കോണ്‍ഗ്രസ് നേതാക്കളുമാണ് ശശി തരൂരിന് പിന്തുണ നല്കുന്നവരില് പ്രമുഖന്. തിരുവനന്തപുരത്ത് തോല്‍വിയുണ്ടായാല്‍ ആ പേരില്‍ ശശി തരൂരിനെ ഒതുക്കാമെന്നാണ് ചിലരുടെ മനോഗതം. എന്നാല്‍ തിരുവനന്തപുരത്ത് വീണ്ടും തരൂര്‍ ജയിച്ചുകയറിയാല്‍ പിന്നെ ശശി തരൂരിന്റെ അഭിപ്രായവും കോണ്‍ഗ്രസ് പരിഗണിക്കേണ്ടവരും.
എന്തായാലും രാജ്യത്തെ പ്രമുഖ വ്യവസായിയായ രാജീവ് ചന്ദ്രശേഖരനെയാണ് തിരുവനന്തപുരത്ത് തരൂര്‍ നേരിടുന്നത്. വിദേശത്ത് പഠിച്ച പാരമ്പര്യമാണ് ഇരു സ്ഥാനാര്ത്ഥികള്ക്കുമുള്ളത്. ടെക്കികളെ ഒരുപോലെ ആകര്‍ഷിക്കുന്ന രണ്ടു പേര്. എന്നാല്‍ തരൂരിനുള്ള ആഴത്തിലുള്ള ബന്ധം തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന് ഇല്ല, ഇതാണ് തരൂരിനുള്ള വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
സിപിഐയുടെ പന്ന്യന്‍ രവീന്ദ്രനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും ശക്തരായ എതിരാളികളായി കളം നിറഞ്ഞു നില്‍ക്കുകയാണ്. നിരവധി രാഷ്ട്രീയ വിഷയങ്ങളെ അതിജീവിച്ചു വേണം ഈ പോരാട്ടത്തില്‍ തരൂരിന് വിജയിക്കാന്‍. 2014 ല്‍ ഒ രാജഗോപാലിനെ ഇറക്കി ബിജെപി തരൂരിന് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചു. 2019 ല്‍ ബിജെപി വീണ്ടും തരൂരിനെ തളയ്ക്കാന്‍, ബിജെപി മുന്‍ അധ്യക്ഷനും ഹിന്ദു മുന്നണി നേതാവുമായിരുന്ന കുമ്മനം രാജശേഖരനെ ഇറക്കി.
എന്നാല്‍ ഇതൊന്നും തരൂരിനെ തളയ്ക്കാവുന്ന ആയുധങ്ങളായിരുന്നില്ല. തരൂരിനെ തിരുവനന്തപുരത്ത് പരാജയപ്പെടുത്തുകയെന്നത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. കാരണം പാര്‍ലമെന്റില്‍ മോദി ഭയപ്പെടുന്ന ഏക കോണ്‍ഗ്രസ് അംഗം ശശി തരൂരാണ്. മോദിയുടെ മുഖത്തു നോക്കി സധൈര്യം ചോദ്യങ്ങള്‍ ഉന്നയിക്കാറുള്ള തരൂര്‍ ഇത്തവണ പാര്‍ലമെന്റില്‍ ഉണ്ടാവരുതെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. രാജീവ് ചന്ദ്രശേഖരന് ആ ദൗത്യം നിര്‍വ്വഹിക്കുമോ. അതോ തരൂരെന്ന അശ്വം ആര്‍ക്കും പിടിച്ചുകെട്ടാനാവാതെ കുതിക്കുമോ എന്നു നേരില്‍ കാണാം.