കരുവന്നൂരിലും പോവില്ല, മസാല ബോണ്ടിലും പോവില്ല, ഒരു ഏജന്‍സിയിലും നമുക്ക് വിശ്വാസമില്ല… ഇ ഡിയുടെ ചോദ്യം ചെയ്യലിന് സി പി എമ്മുകാര്‍ ആരും പോവില്ല, ഇ ഡിയെ നമ്മള്‍ക്ക് ഭയമില്ല, പക്ഷേ, ചോദ്യം ചെയ്യലിന് നമ്മള് പോവില്ല അത് കട്ടായം…
ഇതാണ് സി പി എമ്മിന്റെ ഇപ്പോഴത്തെ നയം. ഊരിപ്പിടിച്ച വാളുകള്ക്കുമുന്നിലൂടെ നെഞ്ച് വിരിച്ചു നടന്നതിന്റെയും തീതുപ്പുന്ന തോക്കുകള്‍ക്ക് മുന്നില്‍ വിരിമാറു കാണിച്ചതിന്റെയും ചരിത്രവഴികളില്‍ ഇനി പാര്‍ട്ടി ഒരു കാര്യം കൂടി എഴുതിച്ചേര്‍ക്കും. ഇ ഡി ക്കുമുന്നില്‍ കൊഞ്ഞനം കുത്തിക്കാട്ടിയ ചരിത്രവും നമ്മള്‍ക്കുണ്ടെന്ന്.
https://youtu.be/pflhNJbSZ2s?si=XHxXmOA6MqW3nZtO
എന്നാല്‍ ഊരിപ്പിടിച്ച വാളിനുമുന്നിലൂടെ നടന്നുപോയതുപോലെ അത്ര ഈസിയായിരിക്കില്ല ഇ ഡിയെ കൊഞ്ഞനം കുത്തുന്നത് എന്നാണ് ആനുകാലിക സംഭവങ്ങള്‍ നല്കുന്ന പാഠം. ‘ഇ ഡിയെ ഞങ്ങള്‍ക്ക് ഭയമില്ല, സി ബി ഐ ഞങ്ങള്‍ക്ക് ഭയമില്ല, പക്ഷേ, ഇവരാരും കേരളത്തിലേക്ക് വരേണ്ട’ ഇതായിരുന്നു സി പി എം പൊതുവായി സ്വീകരിച്ച നയം.
മടിയില്‍ കനമില്ലാത്തതിനാല്‍ വഴിയില്‍ ഭയക്കേണ്ടതില്ല, പക്ഷേ, ഇ ഡിയെ ഭയന്നേ പറ്റൂ…അതേ സഖാക്കളേ, കരിവന്നൂരില്‍ കുരുക്ക് മുറുകുകയാണ്. സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ഇ ഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം, ഇ ഡി യൊന്നും വിളിക്കുമ്പോള്‍ അവിടെ പോയിരിക്കേണ്ടയാളല്ലാത്തതിനാല് പോവില്ലെന്നും അറിയിച്ചിട്ടുണ്ട്.
അതാണ് ഇ ഡിയുടെ സ്റ്റൈല്‍… പിന്നെ കാര്യം എളുപ്പമാവുകയും ചെയ്യും
വരും ദിവസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും മുന്‍ മന്ത്രിയും എം എല്‍ എയുമായ എ സി മൊയ്തീനെയും കേരളാ ബാങ്ക് വൈസ്. പ്രസിഡന്റ് എം കെ കണ്ണനെയും ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. അപ്പോള്‍ അവരും പറയും ഞങ്ങള്‍ ഇ ഡി വിളിച്ചേടത്തൊന്നും വരില്ലെന്ന്… കരുവന്നൂരില്‍ കോടികള്‍ വെട്ടിച്ചപ്പോള്‍ മൗനം പാലിച്ച സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ ഡി. അവരും ചിലപ്പോള്‍ പറഞ്ഞേക്കാം ഇ ഡിയുടെ നോട്ടീസിലൊന്നും ഞങ്ങള്‍ വരില്ലെന്ന്. എന്നാല്‍ ഇ ഡി അവര്‍ ഉള്ള സ്ഥലത്തേക്ക് വരും… അതാണ് ഇ ഡിയുടെ സ്റ്റൈല്‍… പിന്നെ കാര്യം എളുപ്പമാവുകയും ചെയ്യും. അതേ സഖാക്കളെ നിങ്ങളെ ഇ ഡി പിടിമുറുക്കിക്കഴിഞ്ഞെന്ന് വ്യക്തം.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നടന്ന 300 കോടിയിലധികം വരുന്ന തട്ടിപ്പിന് ഒത്താശ ചെയ്തത് ആരൊക്കെയാണ്… ? സി പി എം ഉന്നത നേതാക്കള്‍ക്ക് ഈ കൊടും വെട്ടിപ്പിലുള്ള പങ്കെന്താണ്…? ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇ ഡി യുടെ നീക്കം, ബി ജെ പി ക്ക് വേണ്ടിയോ അതോ കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് ധരിദ്രരായിപ്പോയ പാവം നിക്ഷേപകര്ക്കുവേണ്ടിയോ…? ഇ ഡി വിചാരിച്ചാല്‍ ബി ജെ പിയെ വിജയിപ്പിക്കാനാവുമോ എന്നാണ് ഉയരുന്ന ചോദ്യം. സി പി എം ജില്ലാ നേതാക്കളുടെയും മറ്റും നേതൃത്വത്തില്‍ അരങ്ങേറിയ കൊള്ളയ്ക്കെതിരാവുമോ തൃശ്ശൂരിലെയും ആലത്തൂരിലെയും ജനവിധി…?
തൃശ്ശൂരില്‍ പറന്നിറങ്ങിയ മുഖ്യമന്ത്രി ഈ തട്ടിപ്പു സംഘവുമായി നടത്തിയ ഗൂഢനീക്കം, എന്തായിരിക്കുമെന്ന് ഇപ്പോഴും അജ്ഞാതമാണ്
ഇത്തരം നിരവധി ചോദ്യങ്ങളാണ് തൃശ്ശൂരില്‍ ഉയരുന്നത്. സി പി എം നേതാക്കള്‍ ഇ ഡിയുടെ വലയത്തിലായെന്നാണ് തൃശ്ശൂരില്‍ നിന്നും വരുന്ന പുതിയ വാര്‍ത്തകള്‍. ചോദ്യം ചെയ്യലിനായി നോട്ടീസ് കിട്ടിയാലും പോവില്ലെന്ന നിലപാടിലാണ് നേതാക്കള്‍. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി തൃശ്ശൂരില്‍ പറന്നിറങ്ങിയ മുഖ്യമന്ത്രി ഈ തട്ടിപ്പു സംഘവുമായി നടത്തിയ ഗൂഢനീക്കം, എന്തായിരിക്കുമെന്ന് ഇപ്പോഴും അജ്ഞാതമാണ്, ഏത് അഴിമതിക്കേസുകളെയും ലാഘവത്തോടെ നേരിടുന്ന മുഖ്യന് ഇ ഡിയെ ഒതുക്കാന്‍ എന്തെങ്കിലും വഴികാണുമെന്നുതന്നെയാണ് തൃശ്ശൂരിലെ സഖാക്കളുടെ വിശ്വാസം. എന്നാല്‍ ഇ ഡി സ്വരം കടുപ്പിക്കാന്‍ തുടങ്ങിയതോടെ ഇടത് ക്യാമ്പ് ആശങ്കയിലാണ്.
ഇ ഡി ഇങ്ങനെ വട്ടമിട്ടു പറക്കും, ഒടുവില്‍ ചില ഒത്തുതീര്പ്പുകളുണ്ടാക്കും, അതോടെ എല്ലാം തീരും എന്നാണ് സി പി എം കരുതിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ നല്കുന്ന സൂചനകള്‍. സി പി ഐ ഏറെ പ്രതീക്ഷകളോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന മണ്ഡലമാണ് തൃശ്ശൂര്‍. ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തരാവാതിരിക്കണമെങ്കില് തൃശ്ശൂരോ മാവേലിക്കരയോ കനിയണം. തൃശ്ശൂരിലായിരുന്നു സി പി ഐക്കുള്ള പ്രതീക്ഷ. എന്നാല്‍ തൃശ്ശൂരില്‍ ആദ്യഘട്ടത്തിലുണ്ടായിരുന്ന അനുകൂല കാലാവസ്ഥയല്ല സുനില്‍ കുമാറിനിപ്പോഴുള്ളത്.
പാര്‍ട്ടിയിലെ ചില ഉന്നതരുടെ അറിവോടെ നടന്ന കാട്ടു കൊള്ളയാണ് ഇ ഡി അന്വേഷിക്കുന്നത്
കരുവന്നൂര്‍ ബാങ്കില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നതെന്ന് സി പി എം ഇപ്പോഴും നിക്ഷേപകരോട് ഏറ്റു പറഞ്ഞിട്ടില്ല. ഏതെങ്കിലും ഒരു കൂട്ടം ജീവനക്കാരോ പ്രാദേശിക പാര്‍ട്ടി നേതൃത്വമോ നടത്തിയ ചെറിയൊരു വെട്ടിപ്പല്ല കരുവന്നൂരിലെന്ന് വ്യക്തമാണ്… പാര്‍ട്ടിയിലെ ചില ഉന്നതരുടെ അറിവോടെ നടന്ന കാട്ടു കൊള്ളയാണ് ഇ ഡി അന്വേഷിക്കുന്നത്. പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്ന വെട്ടിപ്പുരഹസ്യങ്ങളാണ് ഇ ഡിയുടെ പക്കലുള്ളതെന്നാണ് പറയപ്പെടുന്നത്… ഇതാണ് ഇ ഡി അന്വേഷണത്തെ, സി പി എം ഭയക്കുന്നതും.
കരുവന്നൂരില്‍ മുഖം രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പാളിയതോടെയാണ് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് എത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്ന സംശയത്തിന്റെ ബലത്തില്‍ എത്തിയ ഇ ഡിയെ ആദ്യം ഘട്ടത്തില്‍ തുരത്തിയോടിക്കാനാണ് സി പി എമ്മും വിജിലന്‍സും ശ്രമിച്ചത്.
വിജിലന്‍സ് മാത്രമായിരുന്നു കരുവന്നൂര്‍ കേസില്‍ അന്വേഷണം നടത്തിയതെങ്കില്‍ ഒരു തുമ്പുമില്ലാതെ കേസ് അട്ടിമറിക്കെപ്പെട്ടേനേയെന്ന് വിശ്വസിക്കുന്നവരാണ് ബാങ്കിലെ നിക്ഷേപകര്‍
ഇ ഡി പിടിച്ചെടുത്ത രേഖകള്‍ തിരികെ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചതുമൊക്കെ സംസ്ഥാനത്തെ അഭ്യന്തര വകുപ്പിന്റെ രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ്. വിജിലന്‍സ് മാത്രമായിരുന്നു കരുവന്നൂര്‍ കേസില്‍ അന്വേഷണം നടത്തിയതെങ്കില്‍ ഒരു തുമ്പുമില്ലാതെ കേസ് അട്ടിമറിക്കെപ്പെട്ടേനേയെന്ന് വിശ്വസിക്കുന്നവരാണ് ബാങ്കിലെ നിക്ഷേപകര്‍.
നിക്ഷേപിച്ച പണം ലഭിക്കാതെ ജീവന് നഷ്ടമായവര്‍, മക്കളുടെ വിവാഹം മുടങ്ങിയവര്‍, രാത്രി ഒന്നു തലചായ്ക്കാന്‍ ഒരിടമില്ലാതായിപ്പോയവര്, ഇങ്ങനെ എത്രയെത്രപേരുടെ കണ്ണീരാണ് കരുവന്നൂരില്‍ ഒഴുകിയത്. ഇതെല്ലാം അറിയുന്നവര്ക്കുമുന്നിലാണ് ഇ ഡി രാഷ്ട്രീയ പ്രേരിതമായാണ് ഇടപെടുന്നതെന്ന് സി പി എം പറയുന്നത്. നിരവധി സമരങ്ങള്‍ കണ്ട കരുവന്നൂരിലെ ജനങ്ങളോട് സി പി എം എന്ത് ന്യായമാണ് നിരത്തുക.
മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിനെ സി പി ഐ തൃശ്ശൂരില്‍ മത്സരത്തിന് ഇറക്കുമ്പോള്‍ ഇടത് മുന്നണിക്ക് വാനോളം വിജയപ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. സുനില്‍ കുമാര്‍ ആദ്യഘട്ടത്തില്‍ ഏറെ മുന്നേറുകയും ചെയ്തതാണ്. എന്നാല്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് വീണ്ടും പ്രധാന ചര്‍ച്ചാ വിഷയമായതോടെ തൃശ്ശൂരില്‍ സ്ഥിതിയിപ്പോള്‍ ആകെ മാറിമറിയുകയാണ്.
ആലത്തൂര്‍ തിരിച്ചു പിടിക്കാനായി സി പി എം നിയോഗിച്ചിരിക്കുന്ന മന്ത്രി കെ രാധാകൃഷ്ണന്റെ നിലയും ഇപ്പോള്‍ പരുങ്ങലിലാവുകയാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കെന്ന ആരോപണം പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ കരുവന്നൂര്‍ തട്ടിപ്പു വാര്‍ത്ത പുറത്തുവരാതിരിക്കാന്‍ ഭരണ കക്ഷിയായ സി പി എം സഹകരണ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ധം ചെലുത്തിയിരുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ ഉത്തരവാദിത്വം ആദ്യ ഘട്ടത്തില്‍ ബാങ്ക് ഭരണ സമിതി അംഗങ്ങളിലും, ജീവനക്കാരിലും മാത്രം കെട്ടിവച്ച് കേസ് ഒതുക്കാനായിരുന്നു നീക്കം. ആലത്തൂര്‍ എം പിയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി കെ ബിജു അംഗമായ ഒരു സമിതിയെ നിയമിച്ച് കരിവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണവും നടത്തിയിരുന്നു. പി കെ ബിജു അന്വേഷണ കമ്മിറ്റി സി പി എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ജാഗ്രതക്കുറവുണ്ടായി എന്നുമാത്രമാണ് കണ്ടെത്തിയത്.
ബാങ്ക് ഭരണസമിതിയും ബിജു കരിമനെപ്പോലുള്ള ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് കോടികള്‍ തട്ടിപ്പുനടത്തിയെന്ന മട്ടിലായിരുന്നു സി പി എം ആദ്യഘട്ടത്തില്‍ പ്രചരിപ്പിച്ചിരുന്നത്. കേസില്‍ പ്രതികളായവര്‍ പീരുമേട്ടില്‍ ഒരു റിസോര്‍ട്ട് പണിയാനായി ബാങ്കില്‍ നിന്നും കുറച്ച് പണം തട്ടിയെന്നായിരുന്നു വിവരങ്ങള്‍.
ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ മറവില്‍ പണം തട്ടിയെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. പിന്നീട് നിരവധി ഇടപാടുകാരുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി വായ്പാതട്ടിപ്പെന്നായിരുന്നു രണ്ടാമതായി പുറത്തുവന്ന വിവരം. എന്നാല്‍ അതൊക്കെ ഒരു മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നുവെന്ന് തെളിഞ്ഞത് ഇ ഡിയുടെ വരവോടെയാണ്.
ഒന്നും ഒളിക്കാനോ മറക്കാനോ ഇല്ലെന്നാണ് സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാവില്ലെങ്കിലും ഒന്നും ഒളിക്കാനില്ലത്രേ… ഇ ഡിയുടെ ലക്ഷ്യം കേവലം രാഷ്ട്രീയം മാത്രമാണെന്ന് ആവര്ത്തിക്കുതയാണ് സി പി എം. കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട നിക്ഷേപതുക തിരിച്ചെത്തിക്കുക മാത്രമാണ് ഇ ഡിയുടെ ലക്ഷ്യമെന്നാണ് തൃശ്ശൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പറയുന്നത്.
ഇ ഡി യുടെ കാലച്ചൊകേള്ക്കാനായി കാതോര്‍ത്തിരിക്കുകയാണ് തൃശ്ശൂരില്‍ സുരേഷ് ഗോപിയും ആലത്തൂരില്‍ ഡോ സരസുവും. രാഷ്ട്രീയമായി എന്തെങ്കിലും ബി ജെ പി ക്ക് നേട്ടമുണ്ടാക്കുമോ അതോ വിതച്ചവരല്ലാത്തവര് കൊയ്യുമോ എന്നൊക്കെ വഴിയെ കാണാം…