വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും രണ്ട് മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് അറിയിപ്പുമായി കെഎസ്ഇബി.മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെ കെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് അടുത്ത രണ്ടു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും.ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദേശം നല്കി.
അതേസമയം, ദുരന്തം കവര്‍ന്ന പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും തിരച്ചില്‍ 90 ശതമാനം പൂര്‍ത്തിയായെന്ന് റവന്യു മന്ത്രി കെ രാജന്. നൂറ് ശതമാനം ആണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംയുക്ത സംഘം ഇന്ന് യോഗം ചേര്‍ന്ന് വിലയിരുത്തും. മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആദ്യപട്ടിക ഇന്ന് പുറത്തുവിടുമെന്ന് മന്ത്രി വ്യക്തമാക്കി.ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസം ഉടന്‍ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.