കൊച്ചി: ഇ പി ജയരാജന് വധശ്രമ ഗൂഡാലോചനാ കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ കുറ്റമുക്തനാക്കി. ഗൂഡാലോചനാ കേസില്‍ പ്രതിയാക്കിയതു ശരിവെച്ച തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
കേസില്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് നിലവിലുണ്ടെന്നും പ്രതി ഓരോ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്തിമവാദം കേള്‍ക്കാനായി കോടതി തീരുമാനിച്ചത്.
1995 ഏപ്രില്‍ 12 ന് സി പി എം പാര്‍ട്ടികോണ്‍ഗ്രസ് കഴിഞ്ഞ് ട്രെയിനില്‍ മടങ്ങിയ ഇ പി ജയരാജനുനേരെ ആന്ധ്രാപ്രദേശിലെ ഓങ്കോളില്‍ വച്ച് ഒരാള്‍ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവായ കെ സുധാകരന് ഏര്‍പ്പാടാക്കിയ അക്രമികളാണു വെടിയുതിര്‍ത്തതെന്നായിരുന്നു സി പി എമ്മിന്റെ ആരോപണം.
ആന്ധ്രയിലെ കേസിനു പുറമെ സുധാകരനെ പ്രതിയാക്കി തിരുവനന്തപുരത്തും കേസെടുകയായിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടത്തിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒരു കേസില്‍ രണ്ട് എഫ് ഐ ആര് നിലനില്‍ക്കില്ലന്ന സുധാകരന്റെ വാദം സെഷന്‍സ് കോടതി തള്ളിയിരുന്നു.
രണ്ടും രണ്ട് കേസാണന്ന് ചൂണ്ടിക്കാട്ടിയാണ് സുധാകരന്റെ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയത്.ഇതിനെതിരെയാണു സുധാകരന് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഗൂഡാലോചനാകുറ്റം ഒഴിവാക്കിയകത്. 2016 ലാണ് കെ സുധാകരന് ഹൈക്കോടതിയെ സമീപിച്ചത്. .