2024ന്റെ അവസാനത്തോടെ രാജ്യമെമ്പാടും 4ജി നെറ്റ് വര്‍ക്ക് എത്തിക്കാമെന്നും 2025ന്റെ തുടക്കത്തില്‍ 5ജി സേവനം തുടങ്ങാനാകുമെന്നും ബിഎസ്എന്‍എല്‍ കരുതുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട്.സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവിന് പിന്നാലെ പുത്തന്‍ വരിക്കാരുമായി കുതിക്കുകയാണ് ബിഎസ്എന്‍എല്‍.12,000ത്തോളം 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ ഇതിനകം സ്ഥാപിച്ചത്.
ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ സിറ്റികളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമായി. അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്നൗ, റായ്പൂര്‍, ചണ്ഡീഗഡ് എന്നിങ്ങനെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും 4ജി സേവനം ബിഎസ്എന്‍എല്‍ എത്തിച്ചു.2025ന്റെ തുടക്കത്തോടെ 5ജി സേവനം ലഭ്യമാക്കിത്തുടങ്ങാന്‍ കഴിയുമെന്ന് ബിഎസ്എന്‍എല്‍ കണക്കുകൂട്ടുന്നു. ടെലികോം മന്ത്രിയുടെയും സെക്രട്ടറിയുടേയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ബിഎസ്എന്‍എല്‍ ടവറുകള്‍ അപ്ഗ്രേഡ് ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നത്. രാജ്യമാകെ 67,340 മൊബൈല്‍ ഫോണ്‍ ടവറുകളാണ് ബിഎസ്എന്‍എല്ലിനുള്ളത്.