തിരുവനന്തപുരം:തൊഴിലിടങ്ങളിലെ സ്ത്രീപീഡനങ്ങളെക്കുറിച്ച് പരാതി നല്കുന്ന സ്ത്രീകളെ പിന്നീട് മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ: പി. സതീദേവി.
തൊഴിലിടങ്ങളിലെ സ്ത്രീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികളുമുണ്ട്.തൊഴിലിടത്തില്‍ സ്ത്രീ അനുഭവിക്കുന്ന പീഡനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതിന്റെ പേരില്‍ പരാതിക്കാരിയെ മാനസികമായും വൈകാരികമായും തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റം അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതായി കാണുന്നു.തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടന്ന അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
സര്‍ക്കാര്‍ സംവിധാനത്തിലും ഈ പ്രവണത കാണുന്നുണ്ട്. തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട് ഇന്റേണല്‍ കമ്മിറ്റി നടത്തിയിട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എതിര്‍കക്ഷിക്കെതിരെ വര്‍ഷങ്ങളായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന പ്രശ്നവും അദാലത്തില്‍ ശ്രദ്ധയില്‍പ്പെട്ടതായി കമ്മിഷന് അറിയിച്ചു.കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ വൈമനസ്യം കാട്ടുന്നു. സ്ത്രീ വിരുദ്ധമായ ഒരു മനോഭാവം തൊഴിലിടങ്ങളില്‍ കാണുന്നുവെന്നാണ് ഇതിലൂടെ മനസിലാവുന്നതെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.