വാഷിങ്ടൺ: പെൻസിൽവാനിയയിലെ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കനത്ത സുരക്ഷയാണ് ഒരുക്കിയത്. റാലിയിൽ പങ്കെടുക്കുന്നവർ കൈയിൽ പഴ്സോ ബാഗോ കരുതാൻ പാടില്ലെന്ന് നിഷ്കർഷിച്ചിരുന്നു. രണ്ടുമണിക്കൂറോളം നീണ്ട സുരക്ഷ പരിശോധനക്കു ശേഷമാണ് ആളുകളെ വേദിയിലേക്ക് കടത്തിവിട്ടത്.
സ്റ്റേജിന് 50 അടി അകലെയായി രണ്ട് ട്രാക്റ്ററുകളും മറ്റൊരു വലിയ വാഹനവും നിർത്തിയിട്ടിരുന്നു. ഇത്രയും സുരക്ഷയൊരുക്കിയിട്ടും അധികൃതരുടെ കണ്ണുവെട്ടിച്ച് അക്രമി എങ്ങനെയാണ് ട്രംപിന് മുന്നിലെത്തിയത് എന്നതാണ് ജനങ്ങളടക്കം ചിന്തിക്കുന്നത്.
വെടിവെപ്പിൽ ട്രംപിന്റെ ചെവിക്ക് മുറിവേൽക്കുകയും റാലിയിൽ പങ്കെടുക്കാനെത്തിയ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിയൊച്ച കേട്ടയുടൻ ആളുകൾ പരിഭ്രാന്തരായി.
അക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു. അനധികൃത കുടിയേറ്റക്കാരാണ് അക്രമത്തിന് പിന്നിലെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചു. പെൻസിൽവാനിയ സ്വദേശിയായ 20 കാരൻ തോമസ് മാത്യു ക്രൂക്ക്സ് ട്രംപിനെ വെടിവെച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് എ.ആർ-15 സെമി ഓട്ടോമാറ്റിക് തോക്ക് കണ്ടെടുക്കുകയും ചെയ്തു. പരിക്കേറ്റ് ചികിത്സ തേടിയ ട്രംപ് ആശുപത്രി വിട്ടു.
ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ട്രംപ് പ്രസംഗിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്റെ ചെവിക്കാണ് പരിക്കേറ്റത്. ഉടൻ സുരക്ഷാ സേനാംഗങ്ങൾ വേദിയിലെത്തി ട്രംപിനെ പൊതിഞ്ഞു. അടുത്തനിമിഷം തന്നെ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു.
സീക്രട്ട് സർവീസും ആഭ്യന്തര സുരക്ഷാ വിഭാഗവും ചേർന്നാണ് ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്. ട്രംപിനുനേർക്കുണ്ടായ ആക്രമണത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കം നേതാക്കൾ അപലപിച്ചു.