രാജേഷ് തില്ലങ്കേരി
ഇത് തീരാ കളങ്കമാണ് സഖാക്കളേ… സാധാരണക്കാരായ നിരവധി പേരുടെ പണം തട്ടിയെടുത്ത് പാര്‍ട്ടി മന്ദിരം പണിയാനുള്ള തീരുമാനം കൈക്കൊണ്ട സി പി എം നേതാക്കളെ നിങ്ങള്‍ക്ക് നല്ല നമസ്കാരം.കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസില്‍ ഇഡി കണ്ടെത്തിയ വിവരങ്ങള്‍ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കയാണ്.
നമ്മുടെ പൊലീസിനെയും പാര്‍ട്ടി കോടതിയേയും വച്ച് അന്വേഷിച്ചാല്‍ ഈ കൊടും കൊള്ളയുടെ അന്തരാളത്തിലേക്ക് ആര്‍ക്കും കയറാനാവില്ലെന്ന് വിശ്വസിച്ചിരുന്ന സി പി എമ്മിന് തെറ്റിയത് ഇ ഡിയുടെ വരവായിരുന്നല്ലോ. കള്ളപ്പണ ഇടപാട് അന്വേഷിക്കാനെത്തിയ ഇ ഡി കണ്ടെത്തിയത് സി പി എം എന്ന ഭരണപ്പാര്‍ട്ടിയുടെ നേതാക്കള്‍ നടത്തിയ കോടികളുടെ കള്ളങ്ങളുടെ കഥയായിരുന്നു. കാട്ടിലെ തടി തേവരുടെ ആന…വലിയെടാ വലിയെന്ന മട്ടിലാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും പണം തട്ടിയത്. തട്ടിപ്പിന്റെ ആഴം കണ്ട് സി പി എമ്മിലെ ആരും ഞെട്ടിയില്ല.സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ അടക്കം ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവെന്ന കണ്ടെത്തലും ആരെയും ഞെട്ടിച്ചില്ല.എല്ലാം കേന്ദ്ര ഏജന്‍സിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് പ്രചരിപ്പിച്ചു.സ്വയം വിശ്വസിപ്പിച്ചു.
ഇ ഡിയുടെ വരവിനെതിരെ സി പി എം അതിശക്തമായാണ് ആദ്യം മുതല്‍ എതിര്‍ത്തിരുന്നത്. അന്വേഷണം ശക്തിപ്പെടുത്തും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും എന്നൊക്കെ ആദ്യം മുതല്‍ പറഞ്ഞിരുന്ന സി പി എം നേതാക്കള്‍ എന്തുകൊണ്ടാണ് ഇ ഡിയെ ഭയന്നിരുന്നത് എന്ന് ഇപ്പോള്‍ ഏവര്‍ക്കും വ്യക്തമായിരിക്കുന്നു.സി പി എം ഭയന്നത് സംഭവിച്ചിരിക്കുന്നു.അതേ സഖാക്കളേ ലോകരെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു.
കരുവന്നൂര്‍ ബാങ്കില്‍ നിന്നും 300 കോടി രൂപ ആരെല്ലാമാണ് കൊണ്ടുപോയതെന്നും ഈ കൊടും കൊള്ളയില്‍ പാര്‍ട്ടിക്ക് എത്രകോടിരൂപ ലഭിച്ചുവെന്നുമാണ് ഇ ഡി അന്വേഷിച്ചിരുന്നത്. ഇ ഡി വന്നപ്പോള്‍ സഹരിക്കില്ലെന്ന് ക്രൈംബ്രാഞ്ചും സ്പെഷ്യല്‍ ബ്രാഞ്ചും ഒറ്റക്കെട്ടായി നില്ക്കുന്ന കാഴ്ചയും കേരളം കണ്ടു.ഇതെന്തിനായിരുന്നു.കേരളത്തിലെ അന്വേഷണ ഏജന്‍സി അന്വേഷിച്ചാല്‍ മതിയെന്നും അതൊക്കെ തെളിയിക്കാനുള്ള ബുദ്ധിയൊക്കെ നമ്മുടെ പൊലീസിനുണ്ടെന്നൊക്കെയായിരുന്നു സംസ്ഥാന അഭ്യന്തര വകുപ്പിന്റെ നിലപാട്.ഇ ഡി കൊണ്ടുപോയ രേഖകള്‍ ഉടന്‍ ഞങ്ങള്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പാവപ്പെട്ടവന്റെ പാര്‍ട്ടി, പാവപ്പെട്ടവനെ കൊള്ളയടിച്ച ചരിത്രമാണ് കരുവന്നൂരിന് ഇനി പറയാനുണ്ടാവുക. ഇ ഡി എന്നത് ബി ജെ പിയുടെ ഇലക്ഷന് ഡിപ്പാര്ട്ടുമെന്റാണെന്നായിരുന്നല്ലോ സി പി എം ആരോപിച്ചിരുന്നത്. ബി ജെ പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ വഴിയൊരുക്കിയത് കരുവന്നൂര്‍.
2021 ജൂലായ് 21 നാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം അഭ്യന്ത്രവകുപ്പ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.ഡി ജി പി അനില്‍ കാന്തായിരുന്നു ഈ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.100 കോടിയുടെ തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നതെന്നായിരുന്നു അന്ന് പൊലീസ് വ്യക്തമാക്കിയത്.എന്നാല്‍ തട്ടിപ്പിന്റെ വ്യാപ്തി അതിലും എത്രയോ വലുതായിരുന്നുവെന്ന് വ്യക്തമാവുന്നത് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ്.ഇ ഡിയുടെ അന്വേഷണ പരിധിയിലേക്ക് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാരും സി പി എമ്മും ഭയന്നതും അതുതന്നെയായിരുന്നു.യഥാര്‍ത്ഥത്തില്‍ എത്രകോടിയുടെ തട്ടിപ്പാണ് അരങ്ങേറിയത് ?ആരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്.. ?ബാങ്ക് ഭരണം കൈയ്യാളിയിരുന്ന സിപിഎമ്മിന്റെ പങ്ക് എന്തായിരുന്നു?കേവലം പ്രദേശിക തലത്തിലുണ്ടായൊരു തട്ടിപ്പായി ചിത്രീകരിച്ച ചില നേതാക്കളുടെ ജാഗ്രതക്കുറവായൊക്കെയായിരുന്നു കരുവന്നൂര്‍ തട്ടിപ്പിനെക്കുറിച്ച് സഖാക്കളോട് സി പി എം നേതൃത്വം പറഞ്ഞുകൊണ്ടേയിരുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പ് ഗുരുതരമെന്നായിരുന്നു സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.
നൂറ് കോടിയില്‍ പരിമിതപ്പെടുന്നതല്ല കരുവന്നൂര്‍ തട്ടിപ്പ് എന്നാണ് സഹകരണ വകുപ്പ് അന്ന് വിലയിരുത്തിയിരുന്നത്. ബാങ്കിലെ കൂടുതല്‍ രേഖകള്‍ പരിശോധിക്കണം. ബാങ്കിനെതിരെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ടെന്നും ഇതും കണക്കില്‍ എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ സര്‍ക്കാരോ സി പി എം നേതൃത്വമോ തയ്യാറായില്ല. ഇതെല്ലാം സംശയത്തിന് ആക്കം കൂട്ടി. വര്‍ഷങ്ങളായി കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി. മുന്‍ സി പി എം സഹയാത്രികനായ സുരേഷ് എന്നയാള്‍ നല്കിയ പരാതി എന്തു കൊണ്ട് അഞ്ചു വര്‍ഷം ഒളിച്ചു വച്ചു ? സി പി എം ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്ക് ലഭിച്ച പരാതിയില്‍ എന്തു കൊണ്ട് അന്വേഷണം നടത്താന്‍ തയ്യാറായില്ല.?
മൂന്നു വര്‍ഷം മുന്‍പ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറം ലോകം അറിഞ്ഞപ്പോള്‍ ഈ കേസിനെ എന്തുകൊണ്ടായിരുന്നു സി പി എം നേതൃത്വം ഗൗരവത്തോടെ സമീപിക്കാതിരുന്നത്. കേസന്വേഷണം തുടങ്ങിയ ആദ്യഘട്ടത്തില്‍ വഞ്ചന, ഗൂഡാലോചന എന്നിവ കൂടാതെ അഴിമതി നിരോധന നിയമ പ്രകാരവും കേസെടുത്ത് അന്വേഷിക്കണമെന്ന നിര്‍ദ്ദേശം എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചത്.നൂറ് കണക്കിന് രേഖകള്‍ പരിശോധിച്ചായിരിക്കണം അന്വേഷണം നടത്തേണ്ടതെന്ന നിര്‍ദ്ദേശം ആരിടപെട്ടാണ് വേണ്ടെന്നു വച്ചത് എന്നൊക്കെ ഇപ്പോഴും ദുരൂഹമാണ്.
സഹകരണ സംഘങ്ങളില്‍ നടക്കുന്ന ക്രമക്കേടുകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കേണ്ട സഹകരണ വകുപ്പിലെ ഉദ്യാഗസ്ഥരേയും കൃത്യമായ ഓഡിറ്റ് ചെയ്യാതെ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥരെ ആരാണ് നിയന്ത്രിച്ചിരുന്നതെന്ന് എന്തു കൊണ്ട് പൊലീസോ, ക്രൈംബ്രാഞ്ചോ അന്വേിച്ചില്ല എന്നൊക്കെ സി പി എം നേതൃത്വം ഇനിയെങ്കിലും പറയാന്‍ തയ്യാറാവണം.പാര്‍ട്ടി നേതൃത്വം ഒന്നാകെ ഒരു വലിയ തട്ടിപ്പിന് ഒത്താശ ചെയ്യുകയും വിഹിതം പറ്റുകയും ചെയ്തുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. സഹകരണ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് നടത്തിയ വന്‍ കൊള്ളയെ എങ്ങിനെയാണ് രാഷ്ട്രീയ പകപോക്കലായി സി പി എം ചിത്രീകരിച്ചതെന്ന് വിചിത്രമാണ്.
ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നും സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പ് തടയാന്‍ നിയമം കൊണ്ടുവരുമെന്നും സഹകരണ മന്ത്രി പ്രസ്താവന നടത്തിയതുകൊണ്ടുമാത്രം നിക്ഷേപകര്‍ക്ക് നീതി ലഭിക്കുമായിരുന്നോ. ഇ ഡി കേസ് അന്വേഷണം നടത്തിയതോടെയാണല്ലോ കോടികള്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞതും ഉന്നത സി പി എം നേതാക്കളുടെ പങ്കാളിത്തം ബോധ്യപ്പെടുകയും ചെയ്തത്. ഇ ഡിയെ ഇറക്കിയത് സുരേഷ് ഗോപിയെ വിജയിപ്പിക്കാനാണെന്നായിരുന്നു സി പി എം ആദ്യം മുതല്‍ ആരോപിച്ചിരുന്നത്. ഇ ഡിക്ക് വരാനുള്ള വഴിയൊരുക്കിയതും ബി ജെ പി സ്ഥാനാര്‍ത്ഥിയായെത്തിയ സുരേഷ് ഗോപിക്ക് വിജയിക്കാന്‍ വഴിയൊരുക്കിയതും എല്ലാം സി പി എം ആയിരുന്നുവെന്ന സത്യം ഇനിയെങ്കിലും നാട്ടുകാരോട് ഏറ്റു പറയുകയല്ലേ സഖാക്കളേ ചെയ്യേണ്ടത്.
പാര്‍ട്ടിയുടെ ഉന്നതരായ നേതാക്കള്‍ക്കെല്ലാം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പങ്കാളിത്തമുണ്ട്. കോടികള്‍ വിഹിതവും ലഭിച്ചിട്ടുണ്ടെന്ന് ജനം വിശ്വസിക്കുന്നു. ഇതാണ് തൃശ്ശൂരിലുണ്ടായ തിരിച്ചടി. നിങ്ങള്‍ക്ക് കൂടുതല്‍ തിരിച്ചടി വരാതിരിക്കമമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ കൊള്ളക്കാരെ തള്ളിപ്പറയുക. കൊള്ള മുതലിന്റെ പങ്ക് പറ്റി പാര്‍ട്ടി ആസ്ഥാനങ്ങള്‍ കെട്ടിപ്പൊക്കിയാലൊന്നും ജനഹൃദയത്തില്‍ ഇടം ലഭിക്കില്ല.ചികിത്സയ്ക്കും മക്കളുടെ പഠനത്തിനും വിവാഹത്തിനും മറ്റുമായി പണം നിക്ഷേപിച്ച് പിന്നീട് ബാങ്കിന് മുന്നില്‍ പിച്ചക്കാരെപ്പോലെ വന്നു നില്ക്കേണ്ടിവന്ന നിരവധി പേരുടെ ദുരിതജീവിതത്തിന് ഇനിയെങ്കിലും നിങ്ങള്‍ ഉത്തരം പറയണം. ജീവന് പൊലിഞ്ഞുപോയവരോടും നിങ്ങള്‍ മാപ്പുപറയണം. ആ പാപപ്പറ അങ്ങിനെയൊന്നും കഴുകിക്കളയാന്‍ പറ്റില്ലെങ്കിലും, ജനങ്ങളെ വിശ്വസിപ്പിക്കാനെങ്കിലും.