രാജേഷ് തില്ലങ്കേരി
ഉപതിരഞ്ഞെടുപ്പ് നടന്ന 13 അംസബ്ലി സീറ്റില്‍ 11 സീറ്റുകള്‍ നേടിയ ഇന്‍ഡ്യാ മുന്നണി ബി ജെ പി യെ ഞെട്ടിച്ചിരിക്കയാണ്. ബി ജെ പിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ സ്വീകാര്യതയുണ്ടായിരുന്നിടത്തുപോലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.പശ്ചിമബംഗാളിലും, ഹിമാചല്‍ പ്രദേശിലും ബി ജെ പിക്കുണ്ടായ നഷ്ടം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്. പശ്ചിമബംഗാളില്‍ ബി ജെ പിയില്‍ നിന്നും രാജിവച്ച മൂന്ന് മുന്‍ എം എല്‍ എമാരും ടി എം സി ടിക്കറ്റല്‍ വിജയിച്ചുകയറി. നാല് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നത്. ഒരു സീറ്റ് നേരത്തെ ടി എം സി യുടെ സിറ്റിംഗ് സീറ്റാണ്. ബി ജെ പിക്ക് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അമ്പതിനായിരത്തില്‍പരം വോട്ടുകളുടെ ലീഡുണ്ടായിരുന്ന റായ്ഗഞ്ചില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.
പഞ്ചാബിലും ബി ജെ പിക്കുണ്ടായ തിരിച്ചടിക്ക് ഇരട്ട പ്രഹരശക്തിയാണ്. ബി ജെ പിയുടെ സംസ്ഥാന നേതാവും ജലന്തറില്‍ രണ്ടുതവണ മത്സരിച്ച് പരാജയപ്പെട്ട മോഹിന്ദര്‍ ഭഗവതാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നത്. മൊഹിന്ദര്‍ വിജയിച്ചതും ആംആദ്മിയില്‍ നിന്നും ബി ജെ പിയിലെത്തിയ സിറ്റിംഗ് എം എല്‍ എ പരാജയപ്പെട്ടതും തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിച്ചു.ഹിമാചലില്‍ മൂന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ ബി ജെ പിക്ക് ഒപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മന്ത്രിസഭതന്നെ പ്രതിസന്ധിയിലായിരുന്നു. മൂന്നു മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിച്ചതോടെ സംസ്ഥാനത്തെ ഭരണ പ്രതിസന്ധി അവസാനിച്ചിരിക്കയാണ്.
തമിഴ് നാട്ടില്‍ ഡി എം കെ സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. മധ്യപ്രദേശിലും കോണ്‍ഗ്രസിനാണ് വിജയം. ബിഹാറില്‍ ജെ ഡിയുവിന് ലഭിച്ച സീറ്റും ഹിമാചലില്‍ ബി ജെ പി ക്ക് ലഭിച്ച ഒരു സീറ്റുമാണ് എന്‍ ഡി എ സഖ്യത്തിന് ലഭിച്ചത്. 13 ല്‍ 11 സീറ്റുകള്‍ ലഭിച്ചതോടെ ഇന്‍ഡ്യാ സഖ്യം മിന്നും പ്രകടനമാണ് നടത്തിയത്.