ഒളിമ്പിക്സിൽ ആദ്യ മെഡൽ നേടി ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിങ്ങിലാണ് മനു ഭാക്കർ വെങ്കലം നേടിയത്. ഒളിമ്പിക് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമാണ് ഭാക്കർ. ഒളിമ്പിക്സിന്റെ രണ്ടാം ദിനത്തിലാണ് ഹരിയാനക്കാരിയായ മനു ഇന്ത്യക്ക് മെഡൽ സമ്മാനിച്ചത്.
ഫൈനലിൽ തുടക്കം മുതലെ മെഡല്‍ പൊസിഷനില്‍നിന്ന് പുറത്താവാതെയാണ് താരം മുന്നേറിയത്. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. പിന്നാലെ കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി കടന്നാണ് താരം മെഡല്‍ ഉറപ്പിച്ചത്.221.7 പോയന്റ് നേടിയാണ് താരം മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ദക്ഷിണ കൊറിയൻ താരങ്ങൾക്കാണ് സ്വർണവും വെള്ളിയും.
ഒ യെ ജിൻ 243.2 പോയന്റുമായി സ്വർണം നേടി. ഒളിമ്പിക് റെക്കോഡാണിത്. കി യെജിൻ 241.3 പോയന്റുമായി വെള്ളി നേടി. ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷം എലിമിനേഷന് സ്റ്റേജും കടന്നാണ് താരം മെഡല്‍ നേടിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനം നേടിയാണ് താരം ഫൈനൽ റൗണ്ടിലേക്ക് കടന്നത്. നേരത്തെ, നാലു ഇന്ത്യൻ പുരുഷ താരങ്ങൾ ഒളിമ്പിക് ഷൂട്ടിങ്ങിൽ മെഡൽ നേടിയിരുന്നു.2012 ലണ്ടൻ ഒളിമ്പിക്സിൽ വിജയ് കുമാറാണ് ഇന്ത്യക്കായി അവസാനമായി ഷൂട്ടിങ്ങിൽ മെഡൽ നേടിയത്. കഴിഞ്ഞ ഒളിമ്പിക്സിൽ പിസ്റ്റൽ തകരാറിലായതിനെ തുടർന്ന് മനു ഭാക്കറിനു മത്സരിക്കാൻ സാധിച്ചിരുന്നില്ല.
2022 ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ പിസ്റ്റൽ ടീമിനത്തിലും കഴിഞ്ഞ വർഷം നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 25 മീറ്റർ പിസ്റ്റൽ ഇനത്തിലും മനു സ്വർണം നേടിയിരുന്നു. ഇന്ത്യ കൂടുതൽ മെഡൽ അർഹിക്കുന്നതായി മനു ഭാക്കർ പ്രതികരിച്ചു.
ഇന്ത്യക്ക് ഏറെ നാളായി ലഭിക്കേണ്ട മെഡലായിരുന്നു. ഇന്ത്യ ഇതിലും കൂടുതൽ മെഡലുകൾ അർഹിക്കുന്നുണ്ട്. ഇത്തവണ സാധ്യമായത്രയും മെഡലുകൾ നേടാൻ കാത്തിരിക്കുകയാണ്. ഞാൻ ഒരുപാട് പരിശ്രമിച്ചു. അവസാന ഷോട്ട് വരെ എല്ലാ ഊർജവും ഉപയോഗിച്ച് പോരാടി. വെങ്കലമാണ് ലഭിച്ചത്. അടുത്ത തവണ നോക്കാമെന്നും മനു പറഞ്ഞു.