കീടനാശിനി അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വില്‍പ്പന നിരോധന ഭീഷണിക്കിടെ ഉല്‍പ്പന്നങ്ങളിലെ എഥിലീന്‍ ഓക്സൈഡിന്റെ ഉപയോഗത്തിന് പരിധി നിശ്ചയിക്കാന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമിതിയോട് ആവശ്യപ്പെട്ട് ഇന്ത്യ. എഥിലീന്‍ ഓക്സൈഡിന്റെ സാന്നിധ്യം കാരണം ഇന്ത്യന്‍ കമ്പനികളായ എവറസ്റ്റ്, എംഡിഎച്ച് എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ പല രാജ്യങ്ങളും നിരോധിച്ചിരുന്നു.
എഥിലീന്‍ ഓക്സൈഡ് സാധാരണയായി അണുനാശിനി, സുഗന്ധവ്യഞ്ജനങ്ങളിലെ സൂക്ഷ്മജീവികളുടെ മലിനീകരണം കുറയ്ക്കുന്നതിനുള്ള കീടനാശിനി എന്നിവയായാണ് ഉപയോഗിക്കുന്നത്. അതേസമയം ഇതിന്റെ ഉപയോഗം അനുവദനീയമായ പരിധി കടന്നാല്‍ അര്‍ബുദത്തിന് വരെ കാരണമാകാം. സുഗന്ധവ്യഞ്ജനങ്ങളില്‍ എഥിലീന്‍ ഓക്സൈഡിന്റെ ഉപയോഗത്തിന് വിവിധ രാജ്യങ്ങള്‍ക്ക് വ്യത്യസ്ത പരിധികളുണ്ട്.അതിനാല്‍, എഥിലീന്‍ ഓക്സൈഡ് പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങള്‍ അന്തിമമാക്കാനും ഇന്ത്യ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര ഭക്ഷ്യ നിലവാരവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിശീലന കോഡുകളും വികസിപ്പിക്കുന്നതിനായി റോമിലെ കോഡെക്സ് അലിമെന്റേറിയസ് കമ്മിറ്റിക്ക് കീഴില്‍ കേരളം കേന്ദ്രീകരിച്ച് കോഡെക്സ് കമ്മിറ്റി സ്ഥാപിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്പൈസസ് ബോര്‍ഡ് കേന്ദ്രമാണ് ഇന്ത്യയിലെ കോഡക്സ് സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നത് എഥിലീന്‍ ഓക്സൈഡിന്റെ അളവ് വര്‍ധിച്ചുവെന്നാരോപിച്ച് എംഡിഎച്ച്, എവറസ്റ്റ് എന്നിവ നിര്‍മ്മിക്കുന്ന ചില സുഗന്ധവ്യഞ്ജനങ്ങളുടെ വില്‍പ്പന സിംഗപ്പൂരും ഹോങ്കോങ്ങും നിര്‍ത്തി വച്ചിരിക്കുകയാണ്.
എവറസ്റ്റിന്റെ മീന്‍ കറി മസാലകള്‍ വാങ്ങിയ ഉപഭോക്താക്കളോട് ഇത് ഉപയോഗിക്കരുതെന്ന് സിംഗപ്പൂര്‍ ഫുഡ് ഏജന്‍സി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എവറസ്റ്റ് ഫിഷ് കറി മസാല ഉപയോഗിക്കുന്നവരോട് വൈദ്യോപദേശം തേടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്, ഉപഭോക്താക്കള്‍ മസാല വാങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും അധികൃതര്‍ ആവശ്യപ്പെട്ടു. സിംഗപ്പൂര്‍ ഫുഡ് ഏജന്‍സിയുടെ നടപടിക്ക് പിന്നാലെ എസ്പി മുത്തയ്യ & സണ്‍സ് മസാല വിപണിയില്‍ നിന്നും പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.