മൊറേന: സ്വത്തുക്കള്‍ സര്‍ക്കാരിന് നല്കാന് താല്പര്യം ഇല്ലാതിരുന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് സ്വത്ത് പിന്തുടര്ച്ചാ നികുതി (ഇന്‍ഹെറിറ്റന്‍സ് ടാക്സ്) നിയമം ഒഴിവാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
അദ്ദേഹം എടുത്തുകളഞ്ഞ നികുതിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. വ്യാഴാഴ്ച മധ്യപ്രദേശിലെ മൊറേനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ ആരോപണം.
ഇന്ദിരാ ഗാന്ധിയുടെ മരണശേഷം അവരുടെ സ്വത്തുക്കള്‍ കിട്ടേണ്ടിയിരുന്നത് മക്കള്‍ക്കായിരുന്നു. എന്നാൽ ആ സമയം ഇന്ത്യയില്‍ ഒരു നിയമം നിലനിന്നിരുന്നു. സ്വത്തിലൊരു ഭാഗം സര്‍ക്കാരിലേക്ക് പോകും. അതിന്റെ ബാക്കിയേ അനന്തരാവകാശികള്‍ക്ക് ലഭിക്കുകയുള്ളൂ.
സ്വത്തുക്കളില്‍ ഒരു ഭാഗം സര്‍ക്കാരിലേക്ക് പോകുന്നതിനോട് രാജീവ് ഗാന്ധിക്ക് താല്പര്യമില്ലായിരുന്നു. പ്രശ്നം ഒഴിവാക്കാനായി, അന്നത്തെ പ്രധാനമന്ത്രികൂടിയായിരുന്ന അദ്ദേഹം സ്വത്ത് പിന്തുടര്ച്ചാ നികുതി എന്ന നിയമംതന്നെ എടുത്തുകളഞ്ഞു, പ്രധാനമന്ത്രി പറഞ്ഞു.
1985-ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ എടുത്തുകളഞ്ഞ സ്വത്ത് പിന്തുടര്ച്ചാ നികുതി നിയമം തിരികെ കൊണ്ടുവരുമെന്നാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. സാധാരണക്കാരുടെ ചെറിയ സമ്പാദ്യങ്ങളും സ്വര്‍ണാഭരണങ്ങളും വരെ കോണ്‍ഗ്രസ് കണ്ടുകെട്ടും.
ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തി വോട്ടുനേടി അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ഇപ്പോഴും ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവിടെയുള്ള മുസ്ലിം സമുദായത്തെ മുഴുവന്‍ ഒ.ബി.സി. വിഭാഗമായി പ്രഖ്യാപിച്ചുകഴിഞ്ഞു.
നിരവധി പുതിയ സമുദായങ്ങളെ കോണ്‍ഗ്രസ് ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. നേരത്തെ, പിന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് നല്ല വിദ്യാഭ്യാസവും ജോലിയും ലഭിക്കാനാണ് അവരെ ഒ.ബി.സി. വിഭാഗത്തില്‍ ചേര്‍ത്തിരുന്നത്. എന്നാലിന്ന് അവരില്‍നിന്ന് ഈ അവകാശങ്ങളെല്ലാം ചീന്തിയെടുക്കപ്പെടുകയാണെന്നും മോദി പറഞ്ഞു.