മഞ്ഞുമ്മല്‍ ബോയ്സ് സിനിമ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും പണം വാരിയ ചിത്രമായാണ് വാഴ്ത്തപ്പെടുന്നത്.എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രം കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഒരു തട്ടിപ്പിന്റെ കഥയെന്ന നിലയിലാണ്. അരൂര്‍ സ്വദേശിയായ സിറാജ് എന്ന വ്യവസായിയാണ് സിനിമയെ വെല്ലുന്ന തട്ടിപ്പിന് ഇരയായത്.എന്നാല്‍ തട്ടിപ്പിനും അപ്പുറം നടന്ന വലിയ കള്ളപ്പണ ഇടപാടാണോ ഈ വിവാദത്തിനു പിന്നിലെന്നും സംശയിക്കുന്നുണ്ട്. പൊലീസ് പരാതിക്കാരന് പണം തിരികെ നല്കാന് ഉതകുന്ന രീതിയിലുള്ള അന്വേഷണം നടത്തുമ്പോഴും വന്‍ തോതില്‍ കള്ളപ്പണ ഇടപാട് നടന്നതായുള്ള ആരോപണം ചെവിക്കൊള്ളുന്നില്ല.മലയാള സിനിമാ രംഗത്ത് വിവിധ രീതിയില്‍ ഇത്തരം ഫണ്ടുകള്‍ വരികയും ബ്ലാക്ക് മണി വൈറ്റാക്കി മാറ്റുകയും ഒക്കെ നടക്കുന്നുവെന്ന വെളിപ്പെടുത്തലുകളും മഞ്ഞുമ്മല്‍ ബോയ്സുമായി കൂട്ടിവായ്ക്കേണ്ടതാണ്.
സൗബിന് ഷാഹിര്‍ എന്ന ഏറെ പ്രസിദ്ധനായ യുവ നടനും ഷോണ്‍ ആന്റണിയെന്ന ബിസിനസ് പങ്കാളിയും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കാന്‍ മറ്റൊരാളില്‍ നിന്നും ലാഭം വാഗ്ദാനം ചെയ്ത് വാങ്ങിയ കോടികള്‍ തട്ടിപ്പു നടത്തിയെന്ന പരാതിയാണ് മഞ്ഞുമ്മല്‍ ബോയ്സിനെ ബാഡ് ബോയ്സാക്കി മാറ്റിയിരിക്കുന്നത്. തെന്നിന്ത്യയില്‍ ഏറെ ചര്‍ച്ചയായ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്.പണം വാരിയ സിനിമയെന്ന ഖ്യാതി കേവലം കെട്ടിച്ചമച്ചതോ, അതോ കള്ളപ്പണം വെളുപ്പിക്കാനായി വ്യാജ ബുക്കിംഗ് നടത്തിയോ എന്നാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
സൗബിനും ബിസിനസ് പങ്കാളിയായ ഷോണ്‍ ആന്റണിയും ചേര്‍ന്ന് ചതിച്ചെന്നായിരുന്നു മരട് പൊലീസിന് ലഭിച്ച പരാതി. കേസില്‍ വലിയ തട്ടിപ്പു നടന്നതായി പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെങ്കിലും സൗബിനും ബിസിനസ് പങ്കാളിയും നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയതോടെ അറസ്റ്റ് താല്കാലികമായി ഒഴിവായി. പരാതിയില്‍ അന്വേഷണം നടക്കുമ്പോഴും വാങ്ങിയ പണം ലാഭസഹിതം തിരിച്ചു നല്കാന് സൗബിനും കൂട്ടരും തയ്യാറാവാത്തതിനു പിന്നില്‍ വലിയ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമാണ്.
മഞ്ഞുമ്മല്‍ ബോയ്സ് ഇരുന്നൂറുകോടി ക്ലബ്ബില്‍ എന്നൊക്കെ സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട് വലിയ പ്രചാരണം നല്‍കിയിട്ടും ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി നിര്‍മ്മാതാക്കള്‍ ഒരു വ്യക്തിയില്‍നിന്നും വാങ്ങിയ കോടികള്‍ നല്കാന് തയ്യാറാവാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം ദുരൂഹമാണ്. സൗബിനെപ്പോലെ സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഒരു നിര്‍മ്മാതാവ് ഇത്തരമൊരു വഞ്ചന നടത്തിയെന്ന വാര്‍ത്ത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അപ്പോള്‍ ഈ ഇരുന്നൂറു കോടിയില്‍പരം ലാഭം ഉണ്ടാക്കിയെന്ന പ്രചാരണം തെറ്റാണോ.
ഏതാണ്ട് പതിനെട്ടര കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. നിര്‍മ്മാണ ചിലവ് പെരുപ്പിച്ചുകാട്ടിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇതെല്ലാം കള്ളപ്പണം വെളുപ്പി്ക്കാനായി നടത്തിയ നാടകമാണോ ? പ്രചരിപ്പിച്ച അത്രയും പണം ഗ്രോസായി വന്നുവോ, അതില്‍ എത്ര ശതമാനം പണം നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിന് ലഭിക്കും തുടങ്ങിയ വിവരങ്ങള്‍ ഇപ്പോഴും വ്യക്തമല്ല.
സിനിമയുടെ നിര്‍മ്മാണ ചിലവും ഒപ്പം പ്രിന്റ് ആന്റ് പബ്ലിസിറ്റി മറ്റു ചിലവുകള്‍, വിതരണക്കാരന്റെയും തിയേറ്റര്‍ ഉടമകളുടടേയും ഷെയര്‍ എന്നിവയെല്ലാം ചേര്‍ന്ന് നല്ലൊരു തുക പിന്നെയും ചിലവാകും. ഇതിനെല്ലാമായി വിതരണ കമ്പനിയില്‍ നിന്നും 11 കോടി പിന്നെയും വാങ്ങിയ നിര്‍മ്മാതാക്കള്‍ മനപ്പൂര്‍വ്വം തട്ടിപ്പു നടത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. നിലവില്‍ വിതരണ കമ്പനിയില്‍ നിന്നും ലഭിച്ചിരിക്കുന്ന വരുമാനം തന്നെ വാങ്ങിയ പണം ഉപയോഗിച്ച് പണം തിരികെ നല്കി കേസിന്റെ നൂലാമാലകളില്‍ നിന്നും വേണമെങ്കില്‍ സൗബിന് തലയൂരാവുന്നതാണ്. എന്നാല്‍ അത്തരത്തില്‍ ചെയ്യാന്‍ കഴിയാതെ വന്നതിനു പിന്നില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ടീമിന് ഇതില്‍ പങ്കാളിത്തമുണ്ടോ എന്നാണ് ഉയരുന്ന സംശയം. കോടികള്‍ വരുമാനം കാണിച്ചാല്‍ കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ പറ്റും.
മഞ്ഞുമ്മല്‍ ബോയ്സിന്റെ ഇതുവരെ ലഭിച്ചിരിക്കുന്ന കളക്ഷനില്‍ നെറ്റ് വരുമാനത്തില്‍ ചിലവുകളെല്ലാം കുറച്ചാലും 120 കോടി രൂപ ലാഭമായി വരും മാസങ്ങളില്‍ ലഭിച്ചിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍്ട്ടില്‍ പറയുന്നത്. ഇതില്‍ 45 കോടി രൂപ നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിന്റെ അക്കൗണ്ടിലേക്ക് വന്നിരുന്നു. വിതരണക്കമ്പനിയില്‍ നിന്നും ഒ ടി , സാറ്റലൈറ്റ് തുടങ്ങി വിവിധ മേഖലയില്‍ നിന്നും വേറെയും തുക ഇനി വരാനുള്ളതുമാണ്. എന്നിട്ടും എന്തുകൊണ്ടാണ് സിറാജിന് പണം തിരിരെ നല്കാന് നിര്‍മ്മാതാക്കള്‍ തയ്യാറാവാതിരുന്നത് എന്നത് സംശയകരമാണ്.
പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം നേരത്തെ തന്നെ പ്ലാന്‍ ചെയ്ത തട്ടിപ്പായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അതിനപ്പുറം മറ്റു ചില തട്ടിപ്പുകള്‍ ഈ സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്നുവെന്നാണ് സ്ഥിരീകരിക്കാത്ത ചില വിവരങ്ങള്‍.കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സിനിമയുടെ കളക്ഷന്‍ പെരുപ്പിച്ചു കാണിച്ചതായാണ് ആരോപണം.വന്‍തോതില്‍ കണ്ണപ്പണം വെളുപ്പിക്കല്‍ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. കള്ളപ്പണവും മറ്റു ചില ഏജന്‍സികളുടെ പണവും സിനിമയില്‍ ഇറങ്ങുന്നുവെന്ന ആരോപണം മലയാള സിനിമയുടെ മുകളില്‍ ഒരു നിഴലായി നിലനില്‍ക്കുന്നുണ്ട്.