അന്തരീക്ഷ ഓക്സിജൻ ശ്വസിച്ച് പറക്കുന്ന ഐ.എസ്.ആർ.ഒയുടെ ആദ്യ റോക്കറ്റ് പരീക്ഷണം വിജയം. രോഹിണി 560 റോക്കറ്റിൽ ഐ.എസ്.ആർ.ഒ വികസിപ്പിച്ച സ്ക്രാംജെറ്റ് എൻജിൻ ഘടിപ്പിച്ച് തയ്യാറാക്കിയ അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിളാണ് പരീക്ഷിച്ചത്.
ശബ്ദത്തെക്കാൾ ആറിരട്ടി വേഗതയിലാണ് എ.ടി.വി റോക്കറ്റ് ഓക്സിജൻ ശ്വസിച്ച് കുതിച്ചത്. ഭൗമാന്തരീക്ഷത്തിൻ്റെ അതിരുവരെ പോയ റോക്കറ്റ് നിർദ്ദിഷ്ട 110 മാനദണ്ഡങ്ങളും വിജയകരമായി പൂർത്തിയാക്കി. ഇതോടെ ഇന്ത്യ ശ്വസിച്ചു പറക്കാവുന്ന റോക്കറ്റ് വിജയിപ്പിക്കുന്ന നാലാമത്തെ രാജ്യവുമായി. അമേരിക്ക, റഷ്യ, ജപ്പാൻ എന്നിവരാണ് ഈനേട്ടമുള്ള മറ്റ് രാജ്യങ്ങൾ. 2016 ആഗസ്റ്റിലാണ് സ്ക്രാംജെറ്റ് എൻജിനും അനുയോജ്യമായ പ്രൊപ്പൽഷനും വികസിപ്പിച്ചത്.
ഇന്ധനം നിറയ്ക്കാനുള്ള ടാങ്കും അത് ജ്വലിപ്പിക്കാനുള്ള ഓക്സികാരിയുമുൾപ്പെടെ രണ്ട് ടാങ്കുകളാണ് സാധാരണ റോക്കറ്റിലുണ്ടാകുക. എ.ടി.വി റോക്കറ്റിൽ ഹൈഡ്രജനാണ് പ്രധാന ഇന്ധനം. അന്തരീക്ഷത്തിൽ നിന്ന് ശ്വസിക്കുന്ന ഓക്സിജനുപയോഗിച്ച് 70 കിലോമീറ്റർ ഉയരത്തിൽ വരെ എ.ടി.വി പറന്നു. ഭൂമിയുടെ ഭൗമാന്തരീക്ഷം കഴിയും വരെയേ ഇതുപയോഗിക്കാനാകൂ.