നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതിലെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മെമ്മറി കാര്‍ഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
അങ്കമാലി മജിസ്ട്രേറ്റും ജില്ലാ ജഡ്ജിയുടെ ഓഫിസിലെ സ്റ്റാഫും മെമ്മറി കാര്‍ഡ് പരിശോധിച്ചു. അതേസമയം, ജില്ലാ ജഡ്ജിയുടെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് അതിജീവിത രംഗത്തെത്തി. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ അന്വേഷണം നടത്തിയത്. അസമയത്തടക്കം മെമ്മറി കാര്‍ഡ് പരിശോധിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി നേരത്തേ അതിജീവിതയ്ക്ക് കൈമാറിയിരുന്നു. ആ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കേ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങി മെമ്മറികാര്‍ഡിന്റെ ഹാഷ്യ വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിയ്ക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണെന്നും നടി പറയുന്നു. സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
നടിയുടെ കുറിപ്പ്
‘ഇത് നീതി യുക്തമല്ലാത്തതും ഞെട്ടിക്കുന്നതുമാണ്’
എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണ കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി. സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കേ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങി മെമ്മറികാര്‍ഡിന്റെ ഹാഷ്യ വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിയ്ക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്.
എന്റെ സ്വകാര്യതയ്ക്ക് ഈ കോടതിയില്‍ സുരക്ഷയില്ലെന്നത് ഭയമുളവാക്കുന്നു. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിയ്ക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ദുരാനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്.
എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ നീതി ലഭിക്കുന്നതുവരെ എന്റെ പോരാട്ടം തുടരും. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നിതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുക തന്നെ ചെയ്യും. സത്യമേവ ജയതേ…’
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ജില്ല; സെഷന്‍സ് കോടതിയിലെ സീനിയര്‍ ക്ലാര്‍ക്ക് മഹേഷ് മോഹന്‍ പരിശോധനയ്ക്കായി വീട്ടില്‍ കൊണ്ടുപോയി എന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2018 ഡിസംബര്‍ 13-ന് രാത്രി 10.58-ന് മെമ്മറി കാര്‍ഡ് കോടതി ജീവനക്കാരന് പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജഡ്ജിയുടെ അനുമതിയോടെയാണ് മെമ്മറി കാര്‍ഡ് വീട്ടില്‍ കൊണ്ടുപോയതെന്ന ക്ലാര്‍ക്കിന്റെ മൊഴിയില്‍ അന്നത്തെ ജഡ്ജിയോട് ചോദിച്ച് വ്യക്തത വരുത്തിയിട്ടില്ല. മെമ്മറി കാര്‍ഡ് കൈപ്പറ്റിയ പ്രോപ്പര്‍ട്ടി ക്ലാര്‍ക്കിന്റെ മൊഴിയും എടുത്തിട്ടില്ല. ആരാണ് അതെന്നുപോലും റിപ്പോര്‍ട്ടിലില്ല. ഏത് ദിവസമാണ് താന്‍ മെമ്മറി കാര്‍ഡ് വീട്ടില്‍ കൊണ്ടുപോയതെന്ന് ഓര്‍മിക്കാന്‍ കഴിയുന്നില്ലെന്ന് മഹേഷ് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ പോലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീനാ റഷീദിനെതിരേ ഗുരുതര ആരോപണമാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കേസില്‍ എട്ടാംപ്രതിയായ നടന് ദിലീപിനും അഭിഭാഷകര്‍ക്കും അവര്‍ തന്റെ ലാപ്ടോപ്പില്‍ കാണിച്ചുനല്‍കിയെന്നും പ്രോസിക്യൂഷന്റെ നിര്‍ദേശം മറികടന്നായിരുന്നു ഇതെന്നും അഡ്വ. ടി.ബി. മിനി വഴി ഫയല്‍ചെയ്തിരിക്കുന്ന ഉപഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ ഇവരെയടക്കം മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച എല്ലാവരെയും സംരക്ഷിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും വിശദീകരിക്കുന്നു.
2017 മാര്‍ച്ച് അഞ്ചിന് അങ്കമാലി മജിസ്ട്രേറ്റായി ലീനാ റഷീദ് ചുമതലയേറ്റശേഷമാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. 2017 ഡിസംബര്‍ 15-ന് കേസില്‍ എട്ടാംപ്രതിയായ നടന് ദിലീപ് രണ്ട് അഭിഭാഷകരോടൊപ്പം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ എത്തി. അവര്‍ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മജിസ്ട്രേറ്റ് തന്റെ ലാപ്ടോപ്പില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചു.
ദിലീപ് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണിച്ചതെന്ന് അങ്കമാലി മജിസ്ട്രേറ്റ് നല്കിയ മൊഴി അന്വേഷണറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് തെറ്റും നടപടി ആവശ്യപ്പെടുന്ന പെരുമാറ്റദൂഷ്യവുമാണ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍വെച്ച് ദിലീപിന്റെ അഭിഭാഷകര്‍ ദൃശ്യങ്ങള്‍ കണ്ടുവെന്നത് അന്വേഷണറിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തിനെതിരായി ഉപയോഗിക്കാന്‍ കഴിയുന്നതാണിത്. അതൊരുവീഴ്ചയായി കാണാനാകില്ല. ഇത് ജുഡീഷ്യല്‍ ഓഫീസറുടെ നിഷ്പക്ഷതയില്‍ സംശയം ജനിപ്പിക്കുന്നതാണ്.- ഹര്‍ജിയില്‍ പറയുന്നു.
അങ്കമാലി മജിസ്ട്രേറ്റ് പെന്‍ഡ്രൈവും മെമ്മറി കാര്‍ഡും സ്വന്തം കൈവശം സൂക്ഷിച്ചുവെന്നത് റിപ്പോര്‍ട്ടില്‍നിന്നുതന്നെ വ്യക്തമാണ്. മജിസ്ട്രേറ്റിന്റെ വീഴ്ചയും അന്വേഷണത്തിലെ അപാകവും ഇങ്ങനെ.
- മജിസ്ട്രേറ്റ് മെമ്മറികാര്‍ഡും പെന്‍ഡ്രൈവും വീട്ടില്‍ കൊണ്ടുപോയത് സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തിയില്ല. ലൈംഗികാതിക്രമ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഇത്തരത്തില്‍ കൊണ്ടുപോകാനാകില്ല.
- ദിലീപിനും അഭിഭാഷകര്‍ക്കും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മജിസ്ട്രേറ്റ് അനുമതി നല്‍കിയത് മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് സംശയിക്കണം.
- മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനായി യാതൊരുവിധ പരിശോധനയും നടത്തിയിട്ടില്ല.