ഇരുപതുലക്ഷം യാത്രികരുമായി ഒന്നാംപിറന്നാൾ ആഘോഷിച്ച ജലമെട്രോ കൂടുതൽ ടെർമിനലുകളിലേക്ക് സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.കൊച്ചി കപ്പൽശാലയിൽ നിന്ന് കൂടുതൽ ബോട്ടുകൾ നിർമിച്ച് കൈമാറുന്നമുറയ്ക്ക് കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളിലേക്കും ബോട്ടുകളെത്തും.
എല്ലായിടത്തും ടെർമിനലുകൾ നിർമാണഘട്ടത്തിലാണ്.ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസാണ് ഒടുവിൽ ആരംഭിച്ചത്.മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്ക് രണ്ടു റൂട്ടും തൊട്ടുമുമ്പ് ആരംഭിച്ചിരുന്നു.14 ബോട്ടുകളാണ് സർവീസിനുള്ളത്.
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ജലമെട്രോയുടെ ഒന്നാംഘട്ടമാണ് നടപ്പാക്കിവരുന്നത്.പദ്ധതി പൂർത്തിയാകുമ്പോൾ 76 കിലോമീറ്റർ ജലപാതയിൽ പത്തു ദ്വീപുകളിലെ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 16 റൂട്ടുകൾ ജലമെട്രോയിലുണ്ടാകും.