തെരുവുമക്കളില്ലാത്ത ഇന്ത്യ എന്ന ലക്ഷ്യവുമായി ജനസേവ ശിശുഭവന്റെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നു.ആദ്യ സംരഭമായി രാജസ്ഥാനിലെ അജ്മീറില്‍ ചേരിപ്രദേശങ്ങളിലെ കുട്ടികള്‍ക്കായി ജനസേവ ഉഡാന്‍ അക്കാദമി എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു.ജനസേവ ശിശുഭവന് സാരഥികളായ പത്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ടസ് ചെയര്മാന് ജോസ് മാവേലി പ്രസിഡന്റ് അഡ്വ. ചാര്‍ളി പോള്‍ എന്നിവരാണ് മുഖ്യ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു വരുന്നത്. ചേരിപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ഭക്ഷണവും ഉറപ്പുവരുത്തുന്നതാണ് പുതിയ പദ്ധതിയെന്ന് ചെയര്മാന് ജോസ് മാവേലി പറയുന്നു.
ചേരിയിലെ കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി 6 മുതല്‍ 11 വയസു വരെയുള്ള കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കും. ഇതിനായി ജനസേവ ഉഡാന്‍ അക്കാദമി എന്ന പേരില്‍ ഒരു പാരലല്‍ സ്കൂള്‍ ആണ് ആരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും ജനസേവ നല്‍കും. രാജസ്ഥാനിലെ അജ്മീറില്‍ 2000 സ്ക്വയര്‍ ഫീറ്റ് വരുന്ന ഇരുനില കെട്ടിടം വാടകയ്ക്കെടുത്താണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
പ്രാരംഭ ഘട്ടത്തില്‍ ഇരുന്നൂറോളം കുട്ടികള്‍ക്കാണ് അക്കാദമിയില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. കുട്ടികളെ ചേരിപ്രദേശങ്ങളില്‍ നിന്ന് അക്കാദമിയിലേക്കെത്തിക്കുവാന് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി എട്ട് അധ്യാപകരെയും രണ്ട് ഓഫീസ് സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്. ഇവിടെ അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുട്ടികളെ മറ്റ് വിദ്യാലയങ്ങളില്‍ ചേര്‍ത്ത് ജനസേവയുടെ തണലില്‍ പഠിപ്പിക്കും. ഈ മഹത്തായ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് സന്മനസുള്ളവരുടെ സഹായ സഹകരണങ്ങള്‍ ആവശ്യമാണെന്ന് ജോസ് മാവേലി പറയുന്നു. കോഴിക്കോട് സ്വദേശിയായ ഡോ. സുനില്‍ ജോസിനാണ് ജനസേവ ഉഡാന്‍ അക്കാദമിയുടെ മേല്‍നോട്ട ചുമതല. അദ്ദേഹം മുപ്പത് വര്‍ഷമായി രാജസ്ഥാനിലെ അജ്മീര്‍ സെന്റ് ആന്‍സ്ലം ഹയര്‍ സെക്കന്ററി സ്കൂളില്‍ ഗണിതശാസ്ത്ര വിഭാഗം അധ്യാപകനാണ്. തന്റെ സ്കൂള്‍ അധ്യാപന വ്യത്തിക്ക് പുറമേ അദ്ദേഹം ചേരിപ്രദേശത്തിലെ നിരവധി കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി പ്രവര്‍ത്തിച്ചു വരുന്നു.
1996 ല്‍ സന്മനസുള്ളവരുടെ കൂട്ടായ്മയില്‍ ആരംഭിച്ച ആലുവ ജനസേവ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് വീണ്ടും മുന്നോട്ട് കുതിക്കുകയാണ്. കുട്ടികള്‍ക്കായുള്ള സൗജന്യ ഉച്ചഭക്ഷണ പരിപാടിയും നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പ് പരിപാടിയും ആലുവ ജനസേവയുടെ ആദ്യപദ്ധതികളായിരുന്നു. 1999 ല്‍ തെരുവിലലയുന്ന കുട്ടികളുടെ സംരക്ഷണത്തിനായി ജനസേവ ശിശുഭവനും ആരംഭിച്ചു. 26 വര്‍ഷംകൊണ്ട് രണ്ടായിരത്തോളം കുട്ടികളെ തെരുവിലെ ക്രൂരതകളില്‍നിന്നും രക്ഷിച്ച് ജനസേവ സമുഹത്തിന്റെ മുഖ്യധാരയിലെത്തിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫി താരമുള്‍പ്പെടെ നിരവധി ജില്ലാ സംസ്ഥാന കായിക താരങ്ങള്‍, ബാങ്ക് ജീവനക്കാര്‍, നഴ്സ്മാര്, പോലീസ് ഉദ്യോഗസ്ഥന്, ആയുര്‍വേദ തെറാപ്പിസ്റ്റുമാര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍, ബ്യൂട്ടീഷന്മാര്, ഷെഫുമാര്‍, ഇതര സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാര്‍, ടെക്സ്റ്റൈല്‍ ജീവനക്കാര്‍, ഓഫീസ് ജീവനക്കാര്‍, കമ്പനി തൊഴിലാളികള്‍ തുടങ്ങി സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്നവരുടെ ഒരു നീണ്ട നിരതന്നെ ജനസേവയുടെ അഭിമാനമായി ഇന്ന് സമൂഹത്തിന്റെ ഭാഗമാണ്.
എന്നാല്‍ സ്വാര്‍ത്ഥമതികളായ ഏതാനും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയില്‍ വ്യാജാരോപണങ്ങള്‍ നിരത്തി 2018 ല്‍ സര്‍ക്കാര്‍ ജനസേവ ശിശുഭവന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഇതരസംസ്ഥാനക്കാരായ കുട്ടികളെ ജനസേവയില്‍ പാര്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ജനസേവ ശിശുഭവന് 2021 ല്‍ പൂട്ടിക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ ശക്തിയോടെ ജനസേവ വീണ്ടും നിര്‍ധന വിദ്യാര്‍ത്ഥികളുടെ സഹായത്തിനെത്തുകയാണെന്ന് ജനസേവ സ്ഥാപകന്‍ ജോസ് മാവേലി പറഞ്ഞു.