രാജേഷ് തിലങ്കേരി
വൈദ്യുതി വകുപ്പിന് വാര്‍ദ്ധക്യം ബാധിച്ചോ? വിചിത്രമായ നിയമങ്ങള്‍ നടപ്പാക്കുന്ന വകുപ്പായി വൈദ്യുതി വകുപ്പ് മാറിയതോടെ മന്ത്രിമാര്‍ കാര്യങ്ങളൊന്നും അറിയുന്നില്ലെന്ന് വ്യക്തം.അപ്പോള്‍ ഈ വകുപ്പ് ഭരിക്കുന്നത് ആരാണ്? മന്ത്രി കെ കൃഷ്ണന് കുട്ടിക്കും കെ എസ് ഇ ബി ചെയര്‍മാനും ഒരു ബോധവും വെള്ളിയാഴ്ചയും ഇല്ലേ…
കോഴിക്കോട് തിരുവമ്പാടിയില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥനെ അക്രമിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച വിചിത്രനടപടിയില്‍ ഒടുവില്‍ മന്ത്രി ഇടപെട്ടിരിക്കയാണ്.അജ്മല്‍ എന്ന യുവാവ് കെ എസ് ഇ ബി ഓഫീസിലെത്തി അക്രമം നടത്തിയെന്നാണ് ഇലട്രിസിറ്റി ഉദ്യോഗസ്ഥരുടെ ആരോപണം.അക്രമം നടത്തിയതിനെതിരെ കേസ് എടുക്കുകയെന്ന നിയമപരമായ നടപടിക്കപ്പുറം ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള അധികാരമുണ്ടോ…? അത്തും പിത്തുമായൊരു മന്ത്രിയാണ് വൈദ്യുതി വകുപ്പിനുള്ളതെന്നതിനാല് എന്തും ചെയ്യുമെന്ന അവസ്ഥയാണ് കെ എസ് ഇ ബിയിലിപ്പോള്.
വൈദ്യുതി വകുപ്പുപോലുള്ള ഒരു വകുപ്പില്‍ എന്താണ് നടക്കുന്നതെന്നുപോലും അറിയാത്ത കെ കൃഷ്ണന് കുട്ടിയെന്ന വയോധികനെ എന്തിനാണ് ഈ വകുപ്പ് ഏല്‍പ്പിച്ചു കൊടുത്തതെന്നുപോലും ദുരൂഹമാണ്.വൈദ്യുതി നിയമം 43 ന്റെ പച്ചയായ ലംഘനവുമാണ്.മന്ത്രിക്കു നിയമബോധമില്ലെന്ന് വ്യക്തമാക്കുന്നതാണ് വൈദ്യുതി വിച്ഛേദിച്ച നടപടി.അജ്മല്‍ അക്രമം നടത്തിയെന്ന പേരില്‍ അജ്മലിന്റെ പിതാവിന്റെ പേരിലുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച നടപടിയാണ് വന്‍ വിവാദമായത്.
വൈദ്യുതി ഓഫീസിലെത്തി അക്രമം നടത്തിയെന്ന പേരില്‍ ഒരു വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ച നടപടി വിവാദമായതോടെ വകുപ്പ് മന്ത്രി വിഷയത്തില്‍ ഇടപെട്ടെങ്കിലും കെ എസ് ഇ ബി ഉന്നതന്റെ നടപടി ചോദ്യം ചെയ്യപ്പെടുകയാണ്.ചുതലയേറ്റെടുത്ത് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും കെ കൃഷ്ണന് കുട്ടിയെന്ന മഹാത്മാവ് കെ എസ് ഇ ബിയുടെ നിയമാവലിപോലും ഇതുവരെ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം.ഒരു വീട്ടുടമയ്ക്ക് വൈദ്യുതി കണക്ഷന് നല്കുമ്പോള് കെ എസ് ഇ ബിയും ആ വീട്ടുടമസ്ഥനും ഒരു കരാറില്‍ ഏര്‍പ്പെടുന്നുണ്ട്. ആ കരാര്‍ പ്രകാരം വൈദ്യുതി ബില്‍ അടക്കുകയും കെ എസ് ഇ ബി വൈദ്യുതി നല്‍കുകയും ചെയ്യുകയാണ് പതിവ്.ബില്‍ അടക്കാതിരുന്നാല്‍ വൈദ്യുതി ബന്ധം താല്കാലികമായി വിച്ഛേദിക്കുന്ന രീതി നേരത്തെ ഉണ്ടായിരുന്നു.ബില്‍ പെയ്മെന്റുകള്‍ ഓണ്‍ലൈന്‍ ആയതോടെ ബില്‍ അടക്കാത്തവര്‍ക്ക് മൊബൈല്‍ മെസ്സേജ് അയക്കുന്നതാണ് പുതിയ രീതി. സെക്യുരിറ്റിയായി പണം നേരത്തെ വാങ്ങിവെച്ചിട്ടുണ്ടെങ്കിലും അതൊന്നും കെ എസ് ഇ ബി ക്കാര് പരിഗണിക്കാറില്ല.
കെ എസ് ഇ ബി മറ്റു ഹിഡന്‍ അജണ്ടകള്‍ പ്രകാരം എക്സ്ട്രാ ബില്‍ എന്ന പേരിലും പണം കൊള്ളയടിക്കുന്ന പതിവും തുടരുന്നുണ്ട്. ഇതിനിടയിലാണ് വൈദ്യുതി ബില്‍ അടക്കാന്‍ ഒരു ദിവസം വൈകിയാല്‍ കണക്ഷന് വിച്ഛേദിക്കുന്നത്. കോഴിക്കോട് തിരുവമ്പാടിയില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ അക്രമിച്ചതിന്റെ പേരില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതി നല്‍കില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്, നിയമപരമായി അങ്ങിനെയൊരു തീരുമാനമെടുക്കാന്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. ഇക്കാര്യം അറിയാത്ത മന്ത്രിയാണ് വൈദ്യുതി വകുപ്പ് ഭരിക്കുന്നത്. ഉദ്യോഗസ്ഥരെ അക്രമിക്കില്ലെന്ന് ഉറപ്പുകിട്ടിയാല്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനസ്ഥാപിക്കാമെന്നാണ് മന്ത്രിയുടെ പ്രതികരണം. അക്രമം നടത്തിയെങ്കില്‍ അക്കാര്യം അന്വേഷിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് പൊലീസാണ്. കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കുനേരെ അക്രമം നടത്തിയെങ്കില്‍ പൊലീസില്‍ പരാതി നല്‍കുകയാണ് ചെയ്യേണ്ടത്.
വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരാണ് തന്നെ അക്രമിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവുകൂടിയായ അജ്മല്‍ വ്യക്തമാക്കുന്നത്.അജ്മലിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ഉദ്യോഗസ്ഥരുടെ നടപടിയെ എന്തടിസ്ഥാനത്തിലാണ് മന്ത്രി കൃഷ്ണന് കുട്ടി ന്യായീകരിച്ചതെന്നാണ് വ്യക്തമാക്കേണ്ടത്.മന്ത്രിക്ക് പ്രായാധിക്യത്താല്‍ പലകാര്യങ്ങളിലും വ്യക്തതയില്ലായ്മയുണ്ട്.വിശ്രമജീവിതം നയിക്കേണ്ടകാലത്ത് വൈദ്യുതി വകുപ്പുപോലുള്ള ഒരു പ്രധാനവകുപ്പിന്റെ ചുമതല വഹിക്കേണ്ടിവരികയെന്ന ദുഷ്ക്കരമായൊരു ജോലിയാണ് കെ കൃഷ്ണന് കുട്ടിയെന്ന സോഷ്യലിസ്റ്റ് നേതാവ് ഏറ്റെടുത്തിരിക്കുന്നത്.
പ്രായമായ വ്യക്തികള്‍ താമസിക്കുന്ന ഒരു വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം പ്രതികാരനടപടിയുടെ ഭാഗമായി വിച്ഛേദിച്ചത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നുള്ള വിവരം മന്ത്രി കൃഷ്ണന് കുട്ടിക്കുമാത്രം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇനിയൊരു അക്രമം ഉണ്ടാവില്ലെന്ന് വീട്ടുകാര്‍ ഉറപ്പ് നല്കിയാല് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാമെന്നാണ് വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറയുന്നത്. ഇന്നേവരെ കേട്ടുകേള്‍വിപോലുമില്ലാത്ത നടപടിയാണ് വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്നുമുണ്ടായത്. കെ എസ് ഇ ബിക്ക് ശിക്ഷവിധിക്കാനുള്ള അധികാരമുണ്ടോ ? ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും തെറ്റുകള്‍ പറ്റിയിട്ടുണ്ടോ എന്നുകൂടി പരിശോധിക്കപ്പെടേണ്ടതല്ലേ… കട്ടുചെയ്ത വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ അവിടെ പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമില്ലെന്നാണ് മന്ത്രി പറയുന്നത്. ഈ മന്ത്രി സംസ്ഥാനത്തിനുതന്നെ നാണക്കേടാണ്. മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ജനദ്രോഹനയങ്ങള്‍ തുടരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന മന്ത്രീ താങ്കള്‍ ജനാധിപത്യത്തിലും വിശ്വസിക്കുന്നില്ലേ… ഈ മന്ത്രിയെ മാറ്റി നിര്‍ത്താനുള്ള നടപടിയെങ്കിലും മുഖ്യമന്ത്രി സ്വീകരിക്കണം… കേരളത്തിന് ഇതൊക്കെ വലിയ നാണക്കേടാണ് സാര്‍….