കണ്ണൂര്‍: ആന്തൂര്‍കാവിന് സമീപം ചെനാല്‍ തങ്കമണിയുടെ വീട് കുത്തിത്തുറന്ന് 2.80 ലക്ഷം രൂപയും ഒന്നേമുക്കാല്‍ പവനും കവര്‍ന്ന കേസിലെ പ്രതി കന്യാകുമാരി കണ്ടല്‍ ഹൗസിലെ പി. ഉമേഷിനെ പോലീസ് അറസ്റ്റുചെയ്തു. പ്രതിയില്‍നിന്ന് 70,000 രൂപ കണ്ടെടുത്തു. കുടുംബസമേതം ലോഡ്ജുകളില്‍ താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച പകലാണ് വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നത്. തുടര്‍ന്ന് പോലീസിന്റെ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. ആന്തൂര്‍കാവിന് സമീപത്തെ സി.സി.ടി.വി.കള്‍ പരിശോധിച്ചു. ഇതില്‍നിന്ന് ലഭിച്ച ചിത്രം പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലെത്തി. തുടര്‍ന്നാണ് ഉമേഷിനെ തിരിച്ചറിഞ്ഞത്.പ്രതി കണ്ണൂര്‍ തോട്ടടയിലെ ഒരു റിസോര്‍ട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്.ഐ. ദിനേശന് കൊതേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. പോലീസ് പറയുന്നതിങ്ങനെ: കവര്‍ച്ചയ്ക്ക് രണ്ടുദിവസം മുന്‍പ് കുടുംബത്തോടൊപ്പം പറശ്ശിനിക്കടവിലെത്തിയ പ്രതി ലോഡ്ജിലാണ് താമസിച്ചത്.
ഇലക്ട്രോണിക്സ് സാധനങ്ങള്‍ അറ്റകുറ്റപ്പണി നടത്താനെന്ന വ്യാജേനയാണ് കവര്‍ച്ച നടത്താനുള്ള വീട് കണ്ടുവെക്കുക. തങ്കമണിയുടെ വീട്ടിലെത്തിയതും വ്യാജന്റെ വേഷത്തില്‍. പകല്‍ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. പണവും ആഭരണങ്ങളുമെടുത്തശേഷം പറശ്ശിനിയിലെത്തി മുറി ഒഴിവാക്കി കുടുംബവുമായി രക്ഷപ്പെടുകയായിരുന്നു.