ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പരസ്യ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. പ്രതിഷേധത്തിന്റെ ഭാഗമായി പാർലമെന്റ് സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നത് എ.എ.പി എം.പിമാർ ബഹിഷ്കരിച്ചു.
പാർമെന്റ് കവാടത്തിന് പുറത്ത് സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ ആം ആദ്മി എം.പിമാർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിനെതിരെ പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് അംഗങ്ങൾ പ്രതിഷേധിച്ചത്. സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് എം.പിമാർ ആരോപിച്ചു.
ഇന്നലെയാണ് മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കെജ്രിവാളിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാൻ ബുധനാഴ്ച ഡൽഹി കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ സി.ബി.ഐ സംഘം ജയിലിലെത്തി ചോദ്യം ചെയ്ത ശേഷം കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ജൂൺ 20ന് വിചാരണ കോടതി ഒരുലക്ഷം രൂപയുടെ ബോണ്ടിൽ കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. തൊട്ടുത്ത ദിവസം താൽകാലികമായും ചൊവ്വാഴ്ച പൂർണമായും ഹൈകോടതി ജാമ്യം തടഞ്ഞു. വിചാരണ കോടതിയുടെ നടപടിയിൽ പിഴവുണ്ടെന്ന് ഹൈകോടതി വിമർശിക്കുകയും ചെയ്തു.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്രിവാൾ ഉൾപ്പെടെയുള്ള എ.എ.പി നേതാക്കൾ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും ഈ തുക ഗോവയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് അന്വേഷണ ഏജൻസി അവകാശപ്പെടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് 10ന് ഇടക്കാല ജാമ്യത്തിലിറങ്ങിയ കെജ്രിവാൾ ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങിയിരുന്നു.