ഇന്ത്യന്‍ കാക്കകളുടെ ശല്യം അസഹനീയമായതോടെ അവയെ നിയന്ത്രിക്കാനുള്ള തയാറെടുപ്പിലാണ് കെനിയന്‍ സര്‍ക്കാര്‍. 10 ലക്ഷത്തോളം ഇന്ത്യന്‍ കാക്കകളെ കൊന്നൊടുക്കാനാണ് തീരുമാനം. കെനിയയിലേക്കു കടന്നുകയറിയ ഇന്ത്യന്‍ കാക്കകള്‍ തങ്ങളുടെ രാജ്യത്തിന്റെ തനത് ജന്തുജാലങ്ങള്‍ക്ക് കടുത്ത അതിജീവന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
2024 അവസാനത്തോടെ കാക്കകളെ കൊന്നൊടുക്കാനുള്ള നടപടികള്‍ തുടങ്ങും. ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ സ്വാഭാവിക ജനജീവിതത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെനിയയുടെ തീരപ്രദേശങ്ങളിലാണ് ഇന്ത്യന്‍ കാക്കകള്‍ കൂടുതല്‍ കാണപ്പെടുന്നത്.അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിലുള്ള കര്‍ഷകരെയും വിനോദ സഞ്ചാരികളെയും ഹോട്ടലുടമകളെയുമെല്ലാം കാക്കകളുടെ എണ്ണപ്പെരുപ്പം പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രാദേശിക പക്ഷി വര്‍ഗങ്ങള്‍ക്കും ഇന്ത്യന്‍ കാക്കകള്‍ ഭീഷണിയാകുന്നു.
തീരദേശവാസികളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് തങ്ങള്‍ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തീരുമാനിച്ചതെന്ന് കെ.ഡബ്യു.എസ്. ഡയറക്ടര്‍ ജനറലിന്റെ പ്രതിനിധിയായ വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്യൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ചാള്‍സ് മുസ്യോകി പറഞ്ഞു.
വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാക്കകളുടെ അധികവ്യാപനം തടയുന്നതില്‍ പ്രത്യേക നൈപുണ്യം നേടിയിട്ടുള്ള വ്യക്തികള്‍, ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികള്‍, കര്‍ഷകരുടെ പ്രതിനിധികള്‍ എന്നിവരുമായി കെ ഡബ്യു എസ് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. പൊതുവെ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന കാക്കകളെയാണ് ഹൌസ് ക്രോ അല്ലെങ്കില്‍ പേനക്കാക്ക, ഇന്ത്യന്‍ കാക്ക എന്നെല്ലാം വിളിക്കുന്നത്.
നമ്മുടെ നാട്ടില്‍ സാധാരണ കണ്ടുവരുന്ന കാക്കകള്‍ ഈ വിഭാഗത്തില്‍ പെടുന്നവയാണ്. ഇത് കെനിയയിലെ പ്രാദേശിക ആവാസവ്യവസ്ഥയില്‍പെട്ട പക്ഷിവര്‍ഗമല്ല. ഇന്ത്യന്‍ കാക്കകള്‍ കെനിയയില്‍ ജൈവാധിനിവേശം നടത്തുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു പ്രദേശത്തെ ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിക്കൊണ്ട് മറ്റൊരു പ്രദേശത്തുനിന്നുള്ള ജീവിവര്‍ഗങ്ങള്‍ അവിടെ കടന്നുകയറി പ്രത്യുല്പാദനം നടത്തുന്നതിനെയാണ് ജൈവാധിനിവേശം എന്ന് വിളിക്കുക. ഇത് ആ പ്രദേശത്തെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കാനും അസന്തുലിതമാക്കാനും കാരണമായേക്കും.
കെനിയയിലെ പ്രാദേശിക പക്ഷി വര്‍ഗ്ഗങ്ങള്‍ അപേക്ഷിച്ച് അക്രമ സ്വഭാവം കൂടുതലുള്ള പക്ഷികളാണ് ഇന്ത്യന്‍ കാക്കകള്‍. അവ മറ്റുള്ള പക്ഷികളുടെ കൂടുകള്‍ തകര്‍ക്കുകയും മുട്ടകള്‍ നശിപ്പിക്കുകയുമെല്ലാം ചെയ്യുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക പക്ഷികളുടെ എന്നതില്‍ കുറവുണ്ടായാല്‍ അത് പ്രദേശത്തെ കീടങ്ങളും പ്രാണികളും പെറ്റുപെരുകാനും അതുവഴി കൃഷി അടക്കമുള്ളവയെ ദോഷമായി ബാധിക്കാനും ഇടയുണ്ട് എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.