തൃശ്ശൂര്‍: ചാലക്കുടിയിലെ എം.എല്‍.എ.യായ സനീഷ്കുമാര് ജോസഫിന്റെ ഫോണിലേക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്.കൃഷ്ണതേജയുടെ വിളിയെത്തി. മറ്റൊരു ദൗത്യം ഏറ്റെടുക്കുന്നതിനാല്‍ കേരള കേഡര്‍ വിടുകയാണെന്നും ഉടന്‍ തൃശ്ശൂരിനോട് വിടപറയുമെന്നും അറിയിക്കാന്‍ മാത്രമായിരുന്നില്ല ആ വിളി. തൃശ്ശൂര്‍ വിടുംമുന്‍പേ രണ്ടു കുട്ടികളുടെ പഠനവും അതിനുള്ള ചെലവും ഏറ്റെടുക്കുന്ന കാര്യംകൂടി പറയാനായിരുന്നു.
”മലക്കപ്പാറയിലെ ആഷ്നിക്കും റീഗനും ആയിരിക്കും ജില്ലാ കളക്ടര്‍ എന്ന നിലയില്‍ എന്റെ അവസാനത്തെ സഹായം” എന്ന കൃഷ്ണതേജയുടെ വാക്കുകള്‍ കേട്ട് സനീഷ് അമ്പരന്നു. അഞ്ചെട്ടുമാസം മുന്‍പേ അതിരപ്പിള്ളിയില്‍ കൃഷ്ണതേജ പങ്കെടുത്ത ചടങ്ങിലാണ് സനീഷ്കുമാര് ഈ കുട്ടികളെപ്പറ്റി സൂചിപ്പിച്ചത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട തോട്ടംതൊഴിലാളികളായ അച്ഛന് പാല്‍ദുരൈയും അമ്മ ആശയും വാഹനാപകടത്തില്‍ മരിച്ചതോടെ അനാഥരായവരാണ്. കുട്ടികളുടെ പഠനവും ജീവിതവും ശരിയാക്കാമെന്ന ഉറപ്പുനല്‍കിയാണ് കളക്ടര്‍ അന്ന് മടങ്ങിയത്. ജില്ലയില്‍നിന്ന് പോകുംമുന്പേ ഇവര്‍ക്ക് സഹായം ഉറപ്പാക്കി.
കുട്ടികളെയും അവരെ സംരക്ഷിക്കുന്ന മുത്തച്ഛന് മണിയെയും മുത്തശ്ശിയെയും പൂങ്കനിയെയും കൂട്ടി സനീഷ്കുമാര് തിങ്കളാഴ്ച ജില്ലാ കളക്ടറേറ്റിലെത്തി. സ്പോണ്‍സര്‍മാര്‍ വഴി കണ്ടെത്തിയ ഒരു ലക്ഷം രൂപ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് കൈമാറി. കേരളത്തിലെ ഔദ്യോഗികജീവിതത്തിലെ അവസാന ചടങ്ങാണിതെന്ന് കൃഷ്ണതേജ പ്രഖ്യാപിക്കുകയും ചെയ്തു.