കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളില്‍ ബോട്ടിറക്കിയും വ്യൂ പോയിന്റുകളില്‍ ആളെക്കയറ്റിയും വന്‍ ലാഭംകൊയ്ത് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ (കെ.എച്ച്.ടി.സി.). കെ.എസ്.ഇ.ബി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന് 2021-2022-ല്‍ 1.64 കോടിരൂപ നഷ്ടത്തിലായിരുന്നിടത്തുനിന്ന് 2022-2023-ല്‍ 8.63 കോടിയുടെ ലാഭമാണുണ്ടായത്. 2023-2024-ല്‍ 7.97 കോടിയുടെ ലാഭവുമുണ്ടായി.കെ.എച്ച്.ടി.സി.ക്കുകീഴില്‍ നിലവില്‍ 13 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. കക്കയം ഡാം, അടയന്പാറ മലപ്പുറം, ഇടുക്കി ഡാം, മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക്, മൂന്നാര്‍ ഇക്കോപോയിന്റ്, ചെങ്കുളം ഡാം, ആനയിറങ്കല്‍ ഡാം, കുണ്ടള ഡാം, സണ്‍ മൂണ്‍ വാലി മാട്ടുപ്പെട്ടി, ബാണാസുരസാഗര്‍ ഡാം എന്നിവയാണവ.
ഇവയില്‍ ഏറ്റവുംകൂടുതല്‍ വരുമാനംലഭിക്കുന്നത് വയനാട്ടിലെ ബാണാസുരയില്നിന്നാണ്. ഇടുക്കി ജില്ലയിലെ വടക്കേപ്പുഴയില്‍ ജലവൈദ്യുത വിനോദസഞ്ചാരം തുടങ്ങുന്നതിനുള്ള പ്രാഥമികനടപടികളും നടക്കുന്നുണ്ട്.