ഒരു കുടുംബത്തിലെ എല്ലാവരുംകൂടി അവതരിപ്പിക്കുന്ന നൃത്തമെന്ന സവിശേഷതയുണ്ട് കുച്ചിപ്പുഡി കലാകാരനായ അനില്‍ വെട്ടിക്കാട്ടിരിയും കുടുംബവും അരങ്ങിലെത്തുമ്പോള്‍. അനിലിനൊപ്പം ഭാര്യയും മൂന്ന് മക്കളുംകൂടി വേദിയിലെത്തും.
ആദ്യമായി അവര്‍ അഞ്ചു പേരുമൊരുമിച്ച് നൃത്തമവതരിപ്പിച്ചത് 2016-ല്‍ വണ്ടൂരില്‍ നടത്തിയ കേരള സംസ്ഥാന പൈതൃകോത്സവത്തിലാണ്. 2001-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനുശേഷം പ്രേമലത കുച്ചിപ്പുഡി അഭ്യസിക്കുകയും 2003-ല്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മക്കളും നൃത്തരംഗത്തുണ്ട്.
അനില്‍ ആദ്യമായി സ്ത്രീവേഷത്തില്‍ കുച്ചിപ്പുഡി അവതരിപ്പിക്കുന്നതും 2003-ലാണ്. ഡോ. വെമ്പട്ടി ചിന്നസത്യം മാസ്റ്ററുടെ മകന് രവിശങ്കര്‍ അര്ധനാരീശ്വരവേഷം ചെയ്തതിന്റെ ചിത്രം പിന്നീട് സ്ത്രീവേഷത്തില്‍ അരങ്ങിലെത്താന്‍ പ്രചോദനമായതായി അനില്‍ പറയുന്നു. 2017-ല്‍ വിശാഖപട്ടണത്തെ നടരാജ മ്യൂസിക് ആന്‍ഡ് ഡാന്‍സ് അക്കാദമിയുടെ അന്താരാഷ്ട്ര നൃത്തദിന പുരസ്കാരമുള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ അനിലിന് ലഭിച്ചിട്ടുണ്ട്.
അനിലും കുടുംബവും ചലച്ചിത്രമേഖലയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് . ‘ക്രിസ്റ്റഫറി’ല്‍ മമ്മൂട്ടിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് മകന് സിദ്ധേന്ദ്ര ചോക്കലിംഗമാണ്. ജയരാജ് സംവിധാനംചെയ്ത ‘ഹാസ്യം’ എന്ന സിനിമയില്‍ ഹരിശ്രീ അശോകന്റെ മകളായി അഭിനയിച്ചിട്ടുണ്ട് ചെറിയ മകള്‍ വരഹാലൂ രേവഗുപ്തി. മകള്‍ സൃഷ്ടി ദേശാക്ഷി അഭിനയിച്ചതടക്കം മൂന്ന് ഹ്രസ്വചിത്രങ്ങളും അനില്‍ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ പ്രേമലതയും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് അനില്‍.