അനുഷ എൻ.എസ്
നമ്മുടെ മലയാള സിനിമയ്ക്ക് മൺമറഞ്ഞ് പോയതും ജീവിച്ചിരിക്കുന്നതുമായ കുറേ മുത്തശ്ശിമാരുണ്ടല്ലേ സുകുമാരി അമ്മ ,കവിയൂർ പൊന്നമ്മ,ലളിതാമ്മ ഫിലോമിന ,ഇവരെല്ലാം മലയാലത്തിൻ്റെ മുത്തശ്ശിമാരാണ്. ഇവരെല്ലാവരും തന്നെ മലയാളത്തിലും അന്യ ഭാഷകളിലുമായി അനവധി ശ്രദ്ദേയമായ വേഷങ്ങളും ചെയ്തിട്ടുണ്ട്. ഈ മുത്തശ്ശിമാരോടൊപ്പം ചേർത്ത് പറയേണ്ട മറ്റൊരു അമ്മ കൂടിയുണ്ട് നമ്മുടെ മലയാള സിനിമയ്ക്ക് .കോഴിക്കോടുകാരിയായ ലീല എന്ന കുളപ്പുള്ളി ലീല.കഴിഞ്ഞ ദിവസം കുളപ്പുള്ളി ലീലയുടെ അമ്മ വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് മരിച്ചു എന്നൊരു വാർത്ത നമ്മൾ അറിഞ്ഞിരുന്നു.
കുളപ്പുള്ളി ലീല ഈ പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് ചെറിയൊരു ചിരിയൊക്കെ വരുമല്ലേ.അതിൽ തെറ്റൊന്നുമില്ല കാരണം കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് കുളപ്പുള്ളി ലീല ശ്രദ്ദേയയാകുന്നത്. നാടകവേദികളിൽ നിന്നാണ് കുളപ്പുള്ളി ലീല ബിഗ്സ്ക്രീനിലേക്കെത്തുന്നത്. ഹാസ്യ കഥാപാത്രങ്ങൾ ചെയ്ത് നമ്മൾ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കുളപ്പുള്ളി ലീലയുടെ യഥാർത്ഥ ജീവിതം അത്ര സന്തോഷം നിറഞ്ഞതൊന്നുമല്ല എന്നതാണ് സത്യം. ഏതാനും വർഷങ്ങൾക്ക് മുന്നേയാണ് കുളപ്പുള്ളി ലീലയുടെ ഭർത്താവും ആൺമക്കളും മരിക്കുന്നത്. ഒരാൾ ജനിച്ച് 8 ആം നാളും ഒരുമകൻ 13 ആം വയസ്സിലുമാണ് മരിക്കുന്നത് പിന്നീടങ്ങോട്ട് അമ്മ രുക്മിണി അമ്മയോടൊപ്പം നോർത്ത് പറവൂരിലെ വീട്ടിലാണ് കുളപ്പുള്ളി ലീല താമസിച്ചിരുന്നത്. ഭർത്താവും മക്കളും നഷ്ടപ്പെട്ട കുളപ്പുള്ളി ലീലയ്ക്ക് താങ്ങായും തണലായും നിന്നത് അമ്മ രുക്മിണി അമ്മയായിരുന്നു.
1998 മുതലാണ് കുളപ്പുള്ളി ലീല അഭിനയരംഗത്ത് സജീവമാകുന്നത്. തുടക്കസമയത്തെല്ലാം നാടകങ്ങളിലായിരുന്നു സജീവം പിന്നീടാണ് സിനിമയിലേക്കെത്തുന്നത്.1998 ൽ പുറത്തിറങ്ങിയ അയാൾ കഥയെഴുതുകയാണ് എന്ന കമൽ ചിത്രത്തിലൂടെയാണ് കുളപ്പുള്ളിലീല ശ്രദ്ദേയമായ കഥാപാത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ത്രേസ്യാമ്മ എന്ന വീട്ട് വേലക്കാരിയുടെ റോളിലെത്തിയ ലീല പ്രേക്ഷകരെ പ്പൊട്ടിച്ചിരിപ്പിച്ചിരുന്നു.കസ്തൂരിമാനിലെ വായാടിയായ അമ്മായി അമ്മയും ,ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിലെ മീൻകാരിയും ഒക്കെ നമ്മൾ എപ്പോഴും ഓർക്കുന്ന കഥാപാത്രങ്ങളാണ്. അഭീനയത്തിൽ തൻ്റേതാകുന്നൊരു ശെെലി ഉള്ളൊരു അഭിനേത്രിയാണ് ലീല.ഡയലോഗ് പറയുന്നരീതിയാണ് ലീലയുടെ സിഗ്നേച്ചർ എന്ന് നമുക്ക് പറായാൻ സാധിക്കും. ഒരുപക്ഷേ ഈ ഒരു സിഗ്നേച്ചർ തന്നെയാകാം എപ്പോഴും ഒരേ തരത്തിലുള്ള ക്യാരക്ടറുകളിലേക്ക് ലീല ഒതുങ്ങിപ്പോയത്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കുന്ന സ്വഭാവക്കാരിയായതുകൊണ്ട് ധാരാളം വിമർശനങ്ങളും ലീലയെപ്പറ്റി വരാറുണ്ട്. പ്രതിഫലം കൂട്ടി ചോദിക്കുന്നു, സെറ്റില്‍ പ്രശ്നക്കാരി എന്നൊക്കെയാണത്രെ ലീലയെ കുറിച്ച് പറഞ്ഞ് പ്രചരിപ്പിയ്ക്കുന്നത്. എന്നാൽ പേരിലെ വില്ലത്തരം മാത്രമേയുള്ളൂ.. സത്യം പറഞ്ഞാല്‍ ഞാന്‍ അഭിനയിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുകയോ സെറ്റില്‍ പ്രശ്നമുണ്ടാക്കുകയോ ഒന്നും ഇതുവരെ ചെയ്തിട്ടില്ല എന്നാണ് തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് ലീല ഒരിക്കൽ മറുപടി പറഞ്ഞത്. ഏറെ സാമ്പത്തികമുട്ടനുഭവിക്കുന്നതായി പല അഭിമുഖങ്ങളിലും ലീല പറഞ്ഞിട്ടുണ്ട്. എന്നാൽ ആകെ അറിയുന്ന തൊഴിൽ അഭിനയമാണെന്നും ഈ തൊഴിലിലാണെങ്കിൽ ചെയ്യുന്ന ജോലിക്ക് കൃത്യമായ കൂലി കിട്ടുന്നില്ലെന്ന പരാതിയും കുളപ്പുള്ളി ലീല പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
തൻ്റെ പ്രീയപ്പെട്ടവർ എല്ലാം നഷ്ടപ്പെട്ട് ഇനി എന്ത് എന്ന് ചിന്തിച്ച് പകച്ച് നിന്നപ്പോൾ അമ്മ തന്ന ശക്തിയിലാണ് ലീല ഇതുവരെ ജീവിച്ചത് .എന്നെ ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത് അമ്മയ്ക്കും ഞാനും എനിക്കമ്മയുമുണ്ട് അമ്മ ജീവിച്ചിരിക്കുന്നത് വരെ ഞാൻ അമ്മയ്ക്ക് കുഞ്ഞാണ്. അമ്മയെ ക്കുറിച്ച് ആര് ചോദിച്ചാലും ചെറിയൊരു പുഞ്ചിരിയോടെ ലീല പറയുന്ന വാചകമാണ് ഇത്. ജീവിതത്തിൽ ഒറ്റ പ്പെട്ടുപോയ ഒരു സ്ത്രീയുടെ സങ്കടങ്ങൾ മറച്ചുവെച്ച് കൊണ്ടുള്ള വാചകം. അവർക്ക് അത് വെറുമാരു വാചകം മാത്രമല്ലായിരുന്നു, ഓർമ്മപ്പെടുത്തലായിരുന്നു ജീവിതത്തിൽ തനിച്ചല്ലെന്നുള്ള സ്വയം ഓർമ്മപ്പെടുത്തൽ. ഇനി അങ്ങനെ ഓർമിക്കുവാൻ പോലും ആരും ഇല്ലാത്ത വിധം അവർ ഒറ്റയ്ക്കായി