ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെ മൂന്നുപേർക്കായി ഗംഗാവാലി പുഴയിൽ ഇന്നും തിരച്ചിൽ തുടരും. നാവികസേനയെ കൂടാതെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരായ മൽപെ സംഘവും ശനിയാഴ്ച തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, നദിയിൽ ലോറിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ല. കനത്ത അടിയൊഴുക്കും കലങ്ങിയൊഴുകുന്ന വെള്ളവും മോശം കാലാവസ്ഥയുമാണ് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നത്.
കേരള-കർണാടക മന്ത്രിമാരും എം.എൽ.എമാരും കലക്ടറും ഉൾപ്പെടെയുള്ളവരുടെ സംയുക്ത യോഗ തീരുമാനപ്രകാരമാണ് മുങ്ങൽ വിദഗ്ധരെ എത്തിച്ചത്. രാജസ്ഥാനിൽനിന്ന് അതിവിദഗ്ധരായ സ്കൂബ ഡൈവർമാരെ കൊണ്ടുവരാനും ഗോവയിൽനിന്ന് മണ്ണുനീക്കൽ യന്ത്രം കൊണ്ടുവരാനുമുള്ള തീരുമാനം നടപ്പായില്ല. ഇതിൽ മന്ത്രി മുഹമ്മദ് റിയാസ് ഡെപ്യൂട്ടി കമീഷണർ ലക്ഷ്മിപ്രിയയെ പ്രതിഷേധം അറിയിച്ചു. തുടർന്നാണ് ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരുടെ സംഘത്തെ എത്തിച്ചത്.
ഈശ്വർ മൽപെ രണ്ടുതവണ പുഴയിലിറങ്ങി പരിശോധന നടത്തി. രണ്ടാം തവണ കയർ പൊട്ടി 80 മീറ്റർ ഒഴുകിപ്പോയപ്പോൾ നാവിക സേനയാണ് അദ്ദേഹത്തെ കരക്കെത്തിച്ചത്. ഞായറാഴ്ച വീണ്ടും തിരച്ചിലിനിറങ്ങും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, എം.എൽ.എമാരായ എം.കെ.എം. അഷ്റഫ്, എം. വിജിൻ, ലിന്റോ ജോസഫ്, സച്ചിൻ ദേവ്, എം. രാജഗോപാലൻ എന്നിവർ ഷിരൂരിൽ ഉണ്ടായിരുന്നു.
ജൂലൈ 16നാണ് ദേശീയപാത 66ൽ മണ്ണിടിച്ചിലുണ്ടാകുന്നത്. ലോറി ഡ്രൈവർമാർ വാഹനം നിർത്തി വിശ്രമിക്കുന്ന മേഖലയിലാണ് വൻതോതിൽ മണ്ണിടിഞ്ഞത്. 12ലേറെ പേർ സംഭവത്തിൽ മരിച്ചിരുന്നു. കാണാതായ അർജുൻ മണ്ണിനടിയിലുണ്ടാകുമെന്ന നിഗമനത്തിൽ ദിവസങ്ങളോളം മണ്ണ് മാറ്റി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് നദിയിൽ ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ നാല് പോയിന്റുകളിൽ ലോഹവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഇവിടം കേന്ദ്രീകരിച്ചാണ് തിരച്ചിൽ തുടരുന്നത്.