പാലക്കാട്:സംസ്ഥാനത്ത് വസ്തു ഈടിന്മേല് വായ്പ നല്കുന്നതില് സഹകരണ ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു.ചട്ടങ്ങള്‍ തയ്യാറാക്കി അന്തിമ വിജ്ഞാപനം രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്ന് മന്ത്രി വി.എന്‍. വാസവന് കഴിഞ്ഞദിവസം പാലക്കാട്ട് പറഞ്ഞിരുന്നു.
ഈടിന്റെ മൂല്യം നിര്‍ണയിക്കുന്നതില്‍ സമൂലമായ മാറ്റം വരുത്തിക്കൊണ്ടാണ് സഹകരണ ഭേദഗതി നിയമത്തിലെ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നത്.ഈടുനല്കുന്ന ഭൂമിയുടെയും കെട്ടിടത്തിന്റെയും വില നിര്‍ണയിക്കുന്നത് നിലവില്‍ ബാങ്ക് ഭരണസമിതി അംഗങ്ങളാണ്.പണയവസ്തുവിന്റെ വില പെരുപ്പിച്ചുകാണിച്ച് ഉയര്‍ന്ന തുക ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും അനുവദിച്ച് സംഘത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നത് തടയുകയാണ് പുതിയ വ്യവസ്ഥകളിലൂടെ ലക്ഷ്യമിടുന്നത്.
പണയവസ്തുവിന്റെ വില നിശ്ചയിക്കാന്‍ പ്രത്യേകസമിതി വേണമെന്നതാണ് പുതിയ വ്യവസ്ഥ.10 ലക്ഷം രൂപയില്‍ താഴെയാണ് വായ്പാത്തുകയെങ്കില് ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥസമിതി വില നിശ്ചയിക്കും. 10 ലക്ഷത്തിലധികമാണ് തുകയെങ്കില്‍ രണ്ടുവീതം ബാങ്ക് ഉദ്യോഗസ്ഥരും ഡയറക്ടര്‍മാരും സമിതിയിലുണ്ടാകും.വിരമിച്ച ഡെപ്യൂട്ടി തഹസില്‍ദാരോ സബ് രജിസ്ട്രാറോ സമിതിയില്‍ വേണം. ഈടുനല്കുന്ന ഭൂമിയില്‍ കെട്ടിടമുണ്ടെങ്കില്‍ വിരമിച്ച പൊതുമരാമത്ത് അസി. എന്‍ജിനിയറെയും ഉള്‍പ്പെടുത്തണം. നിശ്ചയിക്കുന്ന വിലയുടെ പകുതിയാണ് വായ്പയായി അനുവദിക്കുക.സംഘങ്ങള്‍ സ്വന്തമായി ഭൂമിവാങ്ങുന്നതിലും പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്കുമാത്രമേ വാങ്ങാനാവൂ. മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നുവര്‍ഷത്തിനിടയില്‍ നടന്ന ഭൂമിയിടപാടിലെ വില കണക്കാക്കി വാങ്ങാം. അധികവില നല്‍കിയെന്ന് കണ്ടെത്തിയാല്‍ നഷ്ടം ഭരണസമിതി അംഗങ്ങളില്‍നിന്ന് ഈടാക്കും.