ഇന്ത്യന്‍ സഞ്ചാരികളെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള മാലിദ്വീപ് സര്‍ക്കാരിന്റെ വെല്‍കം ഇന്ത്യ റോഡ് ഷോ ആരംഭിച്ചു. മാലിദ്വീപ് മാര്‍ക്കറ്റിംഗ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കോര്പ്പറേഷന്, മാലിദ്വീപ് അസോസിയേഷന് ഓഫ് ട്രാവല്‍ ഏജന്റ്സ് ആന്‍ഡ് ടൂര്‍ ഓപ്പറേറ്റേഴ്സ്, നാഷണല്‍ ഹോട്ടല്‍സ് ആന്‍ഡ് ഗസ്റ്റ്ഹൗസ് അസോസിയേഷന് ഓഫ് മാലദ്വീപ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് റോഡ് ഷോ പരമ്പര നടക്കുന്നത്.
ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലായി നടക്കുന്ന റോഡ് ഷോ മാലിദ്വീപ് ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജൂലൈ 30 ന് ഡല്‍ഹിയിലാണ് ഷോ ആരംഭിച്ചത്. മാലദ്വീപിന്റെ ബീച്ചുകള്‍, ആഡംബര റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവയെല്ലാം ഷോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.ഒരു ഇടവേളയ്ക്ക് ശേഷം മാലദ്വീപിലേക്ക് ഇന്ത്യന്‍ സഞ്ചാരികള്‍ വീണ്ടുമെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2024 ല്‍ ഇതുവരെ 65,000ല്‍ കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികള്‍ മാലിദ്വീപിലെത്തി. ഇത് നിലനിര്‍ത്തുന്നതിനും കൂടുതല്‍ സഞ്ചാരികളെ മാലദ്വീപിലേക്ക് എത്തിക്കുന്നതിനുമാണ് റോഡ് ഷോകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഷോയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാലദ്വീപിലെ പ്രമുഖ വിനോദസഞ്ചാര കമ്പനികളുടെ വക ഉപഹാരങ്ങളും നല്‍കുന്നുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി മാലദ്വീപിലെ ചില മന്ത്രിമാര്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ വ്യാപകമായി മാലദ്വീപിനെ ബഹിഷ്കരിച്ചിരുന്നു. ഇന്ത്യക്കാര്‍ ബഹിഷ്കരിക്കാന്‍ തുടങ്ങിയതോടെ മാലദ്വീപ് ടൂറിസം മേഖലയിൽ വന്‍ തിരിച്ചടിയാണ് നേരിട്ടത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ടൂറിസം പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ഈ ദ്വീപ് രാഷ്ട്രത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ ഇന്ത്യയെ അനുനയിപ്പിക്കാന്‍ മാലദ്വീപ് ഭരണകൂടം ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മാലദ്വീപ് ടൂറിസം ഈ റോഡ് ഷോയുമായി രംഗത്തിറങ്ങിയത്.
ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതോടെയാണ് മാലദ്വീപുമായുള്ള വിവാദങ്ങള്‍ ആരംഭിച്ചത്. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മാലദ്വീപിന് ബദലായി മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി. ഇതോടെയാണ് മാലദ്വീപ് മന്ത്രിമാര്‍ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ഇന്ത്യയില്‍ മാലദ്വീപ് ബഹിഷ്കരണ ക്യാംപെയിന് ശക്തമാവുകയുമായിരുന്നു.കഴിഞ്ഞ വര്‍ഷം വരെ മാലദ്വീപിലേക്ക് ഏറ്റവും കൂടുതലായി എത്തിയ സഞ്ചാരികള്‍ ഇന്ത്യക്കാരായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് ശേഷം മാലദ്വീപിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്തെത്തി. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 42 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.