നാടകഅരങ്ങിൻ്റെ പിന്‍ബലത്തോടെ സിനിമയിലെത്തുകയും സിനിമയില്‍ അഭിനയത്തിന്റെ വലിയ കരുത്തു തെളിയിക്കുകയും ചെയ്ത അഭിനയിതാവ് മുരളി വിട പറഞ്ഞിട്ട് ഒന്നരപതിറ്റാണ്ട് . താരത്തിന്റെ പരിവേഷവും നാട്യങ്ങളുമില്ലാതെ പരുക്കന്‍ മുഖപടത്തിനുള്ളില്‍ പ്രതിഭാധനനായിരുന്ന വലിയ നടന്റെ ഓര്‍മ്മ മലയാളസിനിമയുടെ കരുത്തുറ്റ ഓര്‍മ്മപ്പെടുത്തലാണ്.
ഒരു കഥാപാത്രത്തില്‍ അയാള്‍ തന്നെ തന്നെ കണ്ടെത്തുമ്പോഴാണ് അയാള്‍ മികച്ച അഭിനേതാവായി മാറുക എന്ന് ‘മെര്ലിന് സ്ട്രീപ്’ എന്ന അമേരിക്കൻ അഭിനയ പ്രതിഭ പറഞ്ഞത് ഓർത്തു പോകുന്നു. അത്തരത്തില്‍, ഭാവാഭിനയത്തിൻ്റെയും ശരീരഭാഷയുടെയും ശബ്ദവിന്യാസ ത്തിൻ്റെയും തനതായ മോഡുലേഷനിലൂടെ കഥാപാത്രങ്ങൾക്കുള്ളില്‍ തൻ്റേതായ അഭിനയ സമവാക്യങ്ങള്‍ മെനഞ്ഞ ഒരു നടനായിരുന്നു മുരളി.
കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കാർഷികകുടുംബത്തിൽ വെളിയം കുടവട്ടൂർ പൊയ്കയിൽ വീട്ടിൽ കെ. ദേവകിയമ്മയുടെ മൂത്ത മകനായി 1954 മേയ് 25-ന് മുരളി ജനിച്ചു. കുടവട്ടൂർ എൽ.പി. സ്കൂൾ, തൃക്കണ്ണമംഗലം എസ്.കെ.വി.എച്ച്.എസ്., ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കുടവട്ടൂര്‍ എൽ.പി. സക്കൂളില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകന് സക്കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്റ്റേജിലെത്തുന്നത്. ശ്രീമന്ദിരം കെ.പി യുടെ (ആദ്യ നാടകം) ‘ഓണമുണ്ടും ഓടക്കുഴലും’ എന്ന നാടകത്തിലെ ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്, മുരളി ബാലനടനായി അരങ്ങേറിയതെന്ന് അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.
ആരോഗ്യവകുപ്പിൽ എൽ.ഡി. ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് യൂണിവേഴ്സിറ്റിയിൽ അഡ്മിനിട്രേറ്റീവ് വിഭാഗത്തിൽ അസിസ്റ്റന്റ് കേഡറിൽ നിയമനം ലഭിച്ചു. ഈ നിയമനം ലഭിച്ചതോടെ മുരളി നാടകാഭിനയത്തിനു സമയം കണ്ടെത്തി. പിന്നീടാണ്, തിരുവനന്തപുരം ലോ അക്കാദമിയിൽ എൽഎൽ. ബി. പാസാകുന്നത്.
1970-80കളിൽ സജീവമായ ആധുനിക മലയാള നാടകപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടും സാഹിത്യമേഖലയിലെ ചെറുചലനങ്ങള്‍പോലും സൂക്ഷ്മമായി നിരീക്ഷിച്ചും നടന്ന മുരളി എല്ലാ പുതിയ നാടകപരീക്ഷണങ്ങള്ക്കും ആദ്യാവസാനം കാഴ്ചക്കാരനായിരുന്നു. കടമ്മനിട്ട ജോലിചെയ്തിരുന്ന പോസ്റ്റല്‍ അക്കൗണ്ട്സിലെ സുഹൃത്തുക്കളുടെ ശാസ്തമംഗലത്തെ നാടക റിഹേഴ്സല്‍ ക്യാമ്പില്‍ മുരളിയെ എത്തിച്ചതും ഈ ബന്ധങ്ങൾ തന്നെ. റിഹേഴ്സലിന്റെ കാഴ്ചക്കാരന് മാത്രമായിരുന്ന മുരളിയെ അരങ്ങില്‍ പരിശീലിക്കാന്‍ നിര്‍ബന്ധിച്ചത് സുഹൃത്തും, സാഹിത്യ നിരൂപകനും നാടകകൃത്തും സംവിധായകനും സിനിമാ അഭിനേതാവുമായ പ്രൊഫ. ആര്. നരേന്ദ്രപ്രസാദായിരുന്നു. പിന്നീട് മുരളി നാടക വേദിയിൽ കൂടുതൽ സജീവമാവുകയും അവസാനം ജോലി രാജി വെയ്ക്കുകയും ചെയ്തു. അരങ്ങില്‍ മുരളിയുടെ വലിയ കൂട്ട് നരേന്ദ്രപ്രസാദ് തന്നെയായിരുന്നു.
പിന്നീട്, നരേന്ദ്രപ്രസാദ് ‘നാട്യഗൃഹം’ എന്ന പരീക്ഷണ നാടകവേദിയൊരുക്കുമ്പോള് മുരളി അതിൻ്റെ ആദ്യാവസാനക്കാരനായി. ‘സൗപര്‍ണിക’ എന്ന നരേന്ദ്രപ്രസാദിന്റെ നാടകത്തിലൂടെയാണ് അരങ്ങില്‍ മുരളി തന്റെ സാന്നിധ്യം ആദ്യം അറിയിക്കുന്നത്. എഡ്വേര്‍ഡ് ആല്‍ബിയുടെ ‘ദി സൂ സ്റ്റോറി’ മലയാളത്തിലേക്ക് മുരളി മൊഴിമാറ്റം നടത്തി, നരേന്ദ്രപ്രസാദിന്റെ സംവിധാനത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഒരു മണിക്കൂറോളം അരങ്ങില്‍ ആദ്യാവസാനം നിന്ന് വിജയിപ്പിക്കാനും മുരളിക്ക് കഴിഞ്ഞു. സി.എൻ. ശ്രീകണ്ഠന് നായരുടെ ‘ലങ്കാലക്ഷ്മി’യാണ് മുരളി അഭിനയിച്ച് പേരുകേട്ട മറ്റൊരു നാടകം. നാടകരംഗത്തു നിന്ന് സിനിമയിലേക്കുള്ള കൂടുമാറ്റമാണ് പിന്നീട് മുരളിക്കുണ്ടായത്.
ഭരത് ഗോപി ആദ്യമായി സംവിധയകനായ ‘ഞാറ്റടി’ എന്ന ചിത്രത്തിൽ മുരളിയെ നായകനാക്കി. ചിത്രം പൂർത്തിയായി എങ്കിലും, ആ ചിത്രം തീയറ്റർ വഴി പുറത്തിറങ്ങിയില്ല. തുടർന്ന്, അപ്രതീക്ഷിതമായി അരവിന്ദന്റെ ‘ചിദംബരം’ (1985) എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അതിനു ശേഷം ‘മീനമാസത്തിലെ സൂര്യൻ’ (1986 – റിലീസ്) എന്ന ചിത്രത്തിൽ അഭിനയിച്ചു. ഹരിഹരന്റെ ‘പഞ്ചാഗ്നി’യാണ് (1986) അവയിൽ ആദ്യം റിലീസായ ചിത്രം. തുടർന്ന്, ‘അസ്ഥികൾ പൂക്കുന്നു’ (1986) എന്ന, പി. ശ്രീകുമാർ സംവിധാനം ചെയ്ത സിനിമയിൽ നായകനായി വന്നു…
‘അര്‍ത്ഥം’, ‘കുട്ടേട്ടന്’, ‘ലാല്‍ സലാം’, ‘ഏയ് ഓട്ടോ’, ‘കിഴക്കുണരും പക്ഷി’, ‘കേളി’ തുടങ്ങിയ ചിത്രങ്ങളിലൂടെ വില്ലനായാണ് ചലച്ചിത്രലോകത്ത് ചുവടുറപ്പിച്ചതെങ്കിലും പിന്നീട്, ‘ദശരഥം’, ‘ധനം’, ‘ചമ്പക്കുളം തച്ചന്’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ക്യാരക്ടര്‍ റോളുകളും അനായാസം വഴങ്ങുമെന്ന് തെളിയിച്ചതോടെ മുരളി മലയാള സിനിമയിലെ മുന്‍നിര നടന്മാരില് ഒരാളായി. മലയാളത്തിലും തമിഴിലും എന്നെന്നും ഓര്‍മ്മിക്കാന്‍ പാകത്തിലുള്ള നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്ന മുരളി ക്യാമറയുടെ പ്രകടനങ്ങള്‍ക്കൊപ്പം അരങ്ങിലെ വെളിച്ചത്തിലും നിറഞ്ഞുനിന്നിരുന്നു.
ആധാരം, കാണാക്കിനാവ്,താലോലം,നെയ്ത്തുകാരൻ,തുടങ്ങിയ ചിത്രങ്ങളിലൂടെ നാല് തവണയാണ് മികച്ച നടനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് മുരളിക്ക് ലഭിക്കുന്നത്.പിന്നീട് അമരം ,വീരാളിപ്പട്ട്, പ്രണയകാലം എന്നീ ചിത്രങ്ങളിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും. 2002 ൽ മികച്ച നടനുള്ള ദേശീയ അവാർഡും മുരളി സ്വന്തമാക്കി.
‘വെങ്കല’ത്തിലെ ഗോപാലന് മൂശാരി, ‘ആകാശദൂതി’ലെ ജോണി, ‘അമര’ത്തിലെ കൊച്ചുരാമന്, ‘ആധാര’ത്തിലെ ബാപ്പൂട്ടി എന്നിവ മുരളിയുടെ ചലച്ചിത്രജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്. ‘ചകോരം’, ‘താലോലം’, ‘കാരുണ്യം’, ‘ലാല്‍സലാം’, ‘പുലിജന്മം’, ‘മാലയോഗം’, ‘കാണാക്കിനാവ്’…. ഇങ്ങനെ നിരവധി സിനിമകളിലെ മുരളിയുടെ അഭിനയത്തേക്കുറിച്ചും എടുത്തു പറയേണ്ടതാണ്
മുരളി പ്രേക്ഷക ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിച്ച അഭിനേതാവാണ്. 1992-ല്‍ പുറത്തിറങ്ങിയ ‘ആധാര’ത്തിലെ ‘ബാപ്പുട്ടി’യാണ് മുരളിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത് എന്നും പറയാം. ‘ആധാര’ത്തിലെ പ്രകടനം അദ്ദേഹത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടിക്കൊടുത്തു. അതിനു മുമ്പേ ‘അമര’ത്തിലെ കൊച്ചു രാമനിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം മുരളിയെ തേടിയെത്തുകയും ചെയ്തിരുന്നു. ‘നെയ്ത്തുകാര’നിലെ അപ്പ മേസ്തരി എന്ന കഥാപത്രമായുള്ള അഭിനയത്തിലൂടെ 2002-ല്‍ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും രണ്ട് തവണ സഹനടനുള്ള പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
അഞ്ജലി മേനോന് സംവിധാനം ചെയത ‘മഞ്ചാടിക്കുരു’വാണ് അവസാനമായി അഭിനയിച്ച ചിത്രം.. ഇത് പക്ഷേ, ഇറങ്ങിയത് 2013-ല്‍ മാത്രമാണ്.
സിപിഎം സ്ഥാനാര്‍ത്ഥിയായി 1999-ല്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചെങ്കിലും വി. എം. സുധീരനോട് പരാജയപ്പെട്ട മുരളി പിന്നീടു രാഷ്ട്രീയ മത്സരത്തിനു മുതിർന്നില്ല. സി.പി.എം. സഹയാത്രികനായി നടന്നപ്പോഴും നെറ്റിയില്‍ ദേവീസിന്ദൂരം ചാര്‍ത്തി ഉള്ളിലെ ഭക്തിയുടെ വെട്ടവും സൂക്ഷിച്ചുപോന്നു.
കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായപ്പോള്‍ (2006-2009) വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ അക്കാദമിയുടെ മുഖച്ഛായതന്നെ മാറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നാടകങ്ങള്‍ മലയാളി പ്രേക്ഷകന് സാദ്ധ്യമാക്കുന്ന നാടകമത്സരങ്ങള്‍ക്കും ഫെസ്റ്റിവലുകള്‍ക്കും തൃശൂരില്‍ തുടക്കം കുറിച്ചു. ‘മുരളി മുതൽ മുരളി വരെ’; ‘മൃഗശാല കഥ’; ‘അഭിനയത്തിന്റെ രസതന്ത്രം’ എന്നിവയെല്ലാം വ്യാഴാഴ്ച തോറും മലയാള മനോരമയിൽ മുരളി എഴുതിയിരുന്ന പംക്തിയിലെ ലേഖനങ്ങളാണ് ഇവ സമാഹരിച്ച ഒരു പുസ്തകമാണ് ‘വ്യാഴപ്പൊരുൾ’. മുരളിയെപ്പറ്റി ഭാനുപ്രകാശ് എഴുതിതയ്യാറാക്കിയ ‘ഹോളി ആക്ടര്‍’എന്ന മറ്റൊരു പുസ്തകവുമുണ്ട്
ജീവിതത്തിന്റെ അവസാന പത്തുവർഷകാലം കടുത്ത പ്രമേഹ ബാധിതനായിരുന്ന മുരളിക്ക്, ഒരു ആഫ്രിക്കൻ യാത്രക്കിടയിൽ രോഗം അധികരിച്ചു; തുടർന്ന് മുരളി തന്റെ 55-ാം വയസ്സിൽ 2009 ഓഗസ്റ്റ് 6- ന് രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്ത് വെച്ച് അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹം കേരള സംഗീത നാടക അക്കാദമി ചെയർമാനായിരുന്നു.അമ്മാവന്റെ മകളായ മിനി എന്ന ഷൈലജയാണ് ഭാര്യ. കാർത്തിക ഏക മകളുമാണ്. മലയാളത്തിൻ്റെ ഒരേ ഒരേ മുരളിയുടെ ഓർമ്മകൾക്ക് പ്രണാമം