കോണ്‍ഗ്രസില്‍ നിന്നും പോരാടി വാങ്ങിയ രാജ്യസഭാ സീറ്റിനെച്ചൊല്ലി മുസ്ലിംലീഗില്‍ അഭിപ്രായ ഭിന്നത രൂക്ഷം.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ശക്തമാവുകയും സീറ്റുവിഭജന ചര്‍ച്ചകള്‍ വഴിമുട്ടുകയും ചെയ്ത സന്ദര്‍ഭത്തിലാണ് കോണ്‍ഗ്രസ് ഒഴിവുവരുന്ന ഒരു രാജ്യസഭാ സീറ്റ് മുസ്ലിംലീഗിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നത്.കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ മൂന്നാമത്തെ സീറ്റ് യു ഡി എഫിന് വിജയസാധ്യതയുള്ളതാണ്. മുന്‍ ധാരണ പ്രകാരം സീറ്റ് ലീഗിന് ലഭിക്കുമെന്ന് ഉറപ്പായതോടെ സീറ്റ് ലക്ഷ്യമിട്ട് ലീഗീലെ നേതാക്കള്‍ ചരടുവലികള്‍ ആരംഭിച്ചിരിക്കയാണ്.
ജൂണ്‍ 25 നാണ് കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. രാജ്യസഭാ സീറ്റ് യൂത്ത് ലീഗിന് ലഭിക്കണമെന്നാണ് ലീഗ് നേതാക്കളുടെ ആവശ്യം.യുത്ത്ലീഗ് നേതാവ് പി കെ ഫിറോസിനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കള്‍ക്കും അഭിപ്രായമുണ്ട്.എന്നാല്‍ കെ എന്‍ ഷാജിയെപ്പോലുള്ള നേതാക്കള്‍ മുതിര്‍ന്ന നേതാക്കളെ വേണം രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കണമെന്ന നിലപാടാണ് സ്വീകരിക്കുക.
പരിണിതപ്രജ്ഞരായ നേതാക്കളെ വേണം രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കേണ്ടതെന്നാണ് ഷാജിയുടെ നിലപാട്. ഈ നിലപാട് ഷാജി കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചിരിക്കയാണ്. ഇതോടെ ലീഗില്‍ രാജ്യസഭാ വിഷയത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമാവുകയാണ്. യുവജനവിഭാഗം നേതാക്കളെ പരിഗണിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് നിയമസഭാ ഉപനേതാവുകൂടിയായ ഡോ എം കെ മുനീറിന്റെ നിലപാട്. അബ്ദുല്‍ സമദ് സമദാനി രാജ്യസഭാംഗമാവുന്നത് യുവനേതാവായിരിക്കെയാണെന്നായിരുന്നു മുനീറിന്റെ വാദം.
എന്നാല്‍ ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിനെ രാജ്യസഭയില്‍ എത്തിക്കണമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. പി എം എ സലാമിന് സുരക്ഷിതമായൊരിടം നല്കി, ലീഗ് ജനറല്‍ സെക്രട്ടറിസ്ഥാനം മറ്റൊരു നേതാവിനെ ഏല്പ്പിക്കുകയാണെങ്കില് സമസ്തയുമായുള്ള വിഷയം പരിഹരിക്കാനാവും. ഒപ്പം സലാമിനെ രാഷ്ട്രീയമായി പരിഗണിക്കാനും കഴിയും. സലാം സമസ്തയുടെ മുഖ്യശത്രുവായതോടെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തി മത്സരിപ്പിച്ച് ജയിപ്പിക്കാന്‍ പറ്റില്ലെന്ന് കുഞ്ഞാലിക്കുട്ടി മറ്റു നേതാക്കളോടും വ്യക്തമാക്കിയിട്ടുണ്ട്.
കെ എന്‍ എ ഖാദറിനെ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യവും ലീഗില്‍ ഉയരുന്നുണ്ട്. കെ എന്‍ എ ഖാദറിന്റെ ഭാഷാ പ്രാവീണ്യവും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന നിര്‍ദ്ദേശത്തിന് കാരണമായി ചില നേതാക്കള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ മത്സരരംഗത്തുനിന്നും മാറുകയാണെങ്കില്‍ കെ എന്‍ എ ഖാദറിനെ മത്സരിപ്പിക്കാനായിരുന്നു ലീഗില്‍ നടന്ന ചര്‍ച്ച.
ആരോഗ്യ കാരണങ്ങളാല്‍ ഇ ടി മത്സരരംഗത്തുനിന്നും മാറി നില്‍ക്കാനുള്ള തീരുമാനം വരികയാണെങ്കില്‍ കെ എന്‍ എ ഖാദറിനെ ലീഗ് നേതൃത്വം ആ സീറ്റിലേക്ക് പരിഗണിച്ചേനേ. എന്നാല്‍ അവസാന ഘട്ടത്തില്‍ ഇ ടി മലപ്പുറത്ത് മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതോടെ പൊന്നാനിയിലേക്ക് അബ്ദുല്‍ സമദ് സമദാനി മലപ്പുറം വച്ചുമാറുകയായിരുന്നു.
യൂത്ത് ലീഗ് നേതാക്കളില്‍ ആരെയെങ്കിലും പരിഗണിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും മൂന്നാം സീറ്റ് ലഭിച്ചാല്‍ പരിഗണിക്കാമെന്ന് നേതൃത്വം ഉറപ്പുനല്‍കി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്നും വടകരയോ കോഴിക്കോടോ, ലഭിക്കണമെന്നും ലീഗ് കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ സിറ്റിംഗ് എം പി മാര്‍ എല്ലാവരും മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മൂന്നാം സീറ്റ് പരിഗണിക്കാനാവില്ലെന്നും, ലീഗിന് മൂന്നാം സീറ്റിന് അവകാശമുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ലീഗിന് ഉറപ്പുനല്‍കുകയായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുപിന്നാലെ വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുലഭിക്കുന്നത് ലീഗിന് രാഷ്ട്രീയമായി നേട്ടമാണെങ്കിലും ലീഗില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതില്‍ നേതൃത്വം അസ്വസ്ഥരാണ്.
ലീഗിന് നിലവില്‍ ഒരു രാജ്യസഭാ സീറ്റുണ്ട്. അബ്ദുല്‍ വഹാബാണ് നിലവില്‍ ലീഗിന്റെ രാജ്യസഭാംഗം. ഒഴിവുവരുന്ന ഏക രാജ്യസഭാ സീറ്റ് ലീഗിന് കൈമാറിയതോടെ കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍പോലും നടക്കില്ല.ജൂണ്‍ 4 ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ രാജ്യത്ത് ആര് അധികാരത്തിലെത്തുമെന്ന് വ്യക്തമാവും. ഇതിനു ശേഷമേ ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ആരാവുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവൂ. ഇന്‍ഡ്യാ സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ പി കെ കുഞ്ഞാലിക്കുട്ടി രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവുന്നതിലും അത്ഭുതമില്ല.പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ചത് യു പി എ അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു. അന്നു പൊലിഞ്ഞുപോയ കേന്ദ്രമന്ത്രി സ്വപ്നം പൂവണിയാനുള്ള വഴിയായും കുഞ്ഞാലിക്കുട്ടിയുടെ നീക്കവും തള്ളിക്കളയാനാവില്ല.