നവജനശക്തി കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ച് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് എ എം സെയ്ത് രംഗത്ത്.
പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡണ്ടായ ശ്രീ മനോജ് ശങ്കരനെല്ലൂര്‍ വ്യക്തിപരമായ ചില നേട്ടങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയെയും നേതാക്കളെയും ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് എ എം സെയ്ത് പാര്‍ട്ടിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപനം നടത്തിയത്.ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ആ പ്രസ്ഥാനവുമായി സഹകരിച്ച് മുന്നോട്ടുപോവുക എന്നത് ദുസാധ്യമായി വന്നിരിക്കുന്നുവെന്നും അത് ബോധ്യപ്പെട്ടെന്നും എ എം സെയ്ത് വ്യക്തമാക്കി.സാമ്പത്തികമായ നേട്ടവും സ്വന്തം കാര്യം നടപ്പിലാക്കലും ജനാധിപത്യപരമായ യാതൊരുവിധ പരിഗണനകളും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്കാതിരിക്കുന്നതാണ് മനോജിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്ന പിഴവ്.സ്വേച്ഛാധിപത്യപരമായ നേതാവിന്റെ പെരുമാറ്റങ്ങളടക്കം ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ നവജനശക്തി കോണ്‍ഗ്രസിന് ഏറെക്കാലം മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
നിലവില്‍ നവജനശക്തി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാക്കളടക്കം പാര്‍ട്ടി വിടുന്നതിനുളള തീരുമാനമെടുക്കുകയാണ്.നേതാക്കളോടോപ്പം നിരവധി പ്രവര്‍ത്തകരും വിവിധ ജില്ലകളില്‍ നിന്ന് കൂട്ടത്തോടെ രാജിവെക്കാനും, തുടര്‍ന്ന് ശ്രീ മാണി സി കാപ്പന് എംഎല്‍എ നേതൃത്വം നല്കുന്ന കേരള ഡെമോക്രാറ്റിക് പാര്‍ട്ടി ( കെ ഡി പി) എന്ന രാഷ്ട്രീയ സംവിധാനവുമായി യോജിച്ച് മുന്നോട്ടുപോകാനുമാണ് തീരുമാനിച്ചിരിക്കുന്നത്.യുഡിഎഫ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന് കേരളം വലിയ വില കല്‍പ്പിക്കുന്ന ഒരു കാലഘട്ടമാണ് നിലവിലുളളത്.ഈ സാഹചര്യത്തില്‍ കെ ഡി പി എന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചേക്കേറുന്നു എന്നത് കെ ഡി പി യുടെ രാഷ്ട്രീയ പ്രാധാന്യം വെളിവാക്കുന്നു.
പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ ശ്രീ.സിബി തോമസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ.സുരേഷ് വേലായുധന് എന്നിവരുമായി നവജനശക്തി കോണ്‍ഗ്രസ് നേതാക്കള്‍ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ട്.കെ ഡി പി നേതാക്കള്‍ അര്‍ഹമായ പ്രാധാന്യത്തോടെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണം അറിയിച്ചിട്ടുണ്ട്.ഉപാധികള്‍ ഒന്നുമില്ലാതെയാണ് കെഡിപി യിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നതെന്നും മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അതും യുഡിഎഫിന്റെ ഭാഗമായി നിന്ന് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്കാണ് കെ ഡി പി തിരഞ്ഞെടുക്കുന്നതെന്നും എ എം സെയ്ത് വ്യക്തമാക്കി.
നവജന ശക്തി എന്ന പാര്‍ട്ടിയില്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളുടെ പ്രവര്‍ത്തകരും നേതാക്കളും കെഡിപിയുടെ വിവിധ സ്ഥാനങ്ങളില്‍ കെഡിപിയുടെ നേതൃത്വം ചുമതലപ്പെടുത്തുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും സമഗ്രമായ മുന്നേറ്റത്തിന് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ നവജന കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ ബോധത്തിന് കേരളവും മാധ്യമ സമൂഹവും നല്കിയ പിന്തുണ അതിനേക്കാള്‍ കൂടിയ അളവില്‍ കെ ഡി പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും ഞങ്ങളോട് കൂടെ ഉണ്ടാവണമെന്നും നവജന കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് എ എം സെയ്ത് പറഞ്ഞു.