പാരീസ്: ഒറ്റ ഒളിമ്പിക്സിൽ നാലുസ്വർണവും നാല് ഒളിമ്പിക് റെക്കോഡുകളും, ഇനിയൊരു മത്സരംകൂടി ബാക്കി… നീന്തൽക്കുളത്തിലെ സ്വർണമീനായിരുന്ന മൈക്കിൾ ഫെൽപ്സിന്റെ പിൻഗാമിയാകൻ ഫ്രാൻസിന്റെ ലിയോ മർഷം എന്ന ഇരുപത്തിരണ്ടുകാരൻ വരവറിയിച്ചിരിക്കുന്നു.പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ ബട്ടർഫ്ളൈ, 200 മീറ്റർ വ്യക്തിഗത മെഡ്ലെ, 400 മീറ്റർ വ്യക്തിഗ മെഡ്ലെ എന്നിവയിലാണ് സ്വർണവും ഒളിമ്പിക് റെക്കോഡുകളും നേടിയത്. 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ ലോകറെക്കോഡിന് തൊട്ടടുത്തുവരെ നീന്തിയെത്തി. ഇനി 4X100 മെഡ്ലെ റിലെ മത്സരംകൂടി ബാക്കിയുണ്ട്.
ഇതിൽ രണ്ടുമണിക്കൂറിന്റെ ഇടവേളയിലാണ് രണ്ടു സ്വർണമെഡലുകൾ വന്നത്. നീന്തലിൽ ഒരു ഒളിമ്പിക്സിൽ നാലുസ്വർണംനേടുന്ന നാലാമത്തെ നീന്തൽത്താരമാണ് ലിയോ മർഷം. മൈക്കിൾ ഫെൽപ്സ്, മാർക് സ്പിറ്റ്സ്, ക്രിസ്റ്റൻ ഓട്ടോ എന്നിവരാണ് ഇതിനുമുന്നേ ഈ നേട്ടം കൈവരിച്ചവർ. ഫെൽപ്സിന്റെ മെന്ററും കോച്ചുമായിരുന്ന ബോബ് ബൗമാൻ ആണ് മർഷമിന്റെ കോച്ച്. ലിയോയുടെ അച്ഛൻ സേവ്യർ, ഫ്രാൻസിനായി അറ്റ്ലാൻറ, സിഡ്നി ഒളിമ്പിക്സുകളിലെ നീന്തൽത്താരമായിരുന്നു. അമ്മ സെലിൻ ബാഴ്സലോണ ഒളിമ്പിക്സിലും ഫ്രാൻസിന്റെ നീന്തൽത്താരമായിരുന്നു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അടക്കം മർഷമിന്റെ നീന്തൽകാണാൻ എത്തിയിരുന്നു. ഒളിമ്പിക്സിൽ 1976-നുശേഷം ഒരു ദിവസം രണ്ടുസ്വർണം നേടുന്ന ആദ്യനീന്തൽത്താരമാണ് മർഷം. ഹംഗറിയിലെ ബുഡാപ്പെസ്റ്റിൽ 2022-ൽനടന്ന ലോകചാമ്പ്യൻഷിപ്പിൽ 200 മീറ്റർ മെഡ്ലെ, 400 മീറ്റർ മെഡ്ലെ എന്നിവയിൽ സ്വർണവും 200 മീറ്റർ ബട്ടർഫ്ളൈയിൽ വെള്ളിയും നേടി. ജപ്പാനിലെ ഫുക്കോവോക്കയിൽ 2023-ൽനടന്ന ലോകചാമ്പ്യൻഷിപ്പിൽ ഈ മൂന്നിനങ്ങളിലും സ്വർണംനേടി പാരീസ് ഒളിമ്പിക്സിലേക്കുള്ള തന്റെ സ്വർണസാധ്യതകൾ ലോകത്തെ അറിയിച്ചിരുന്നു.