ജുഡീഷ്യറിക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രസിഡന്റ് ഐഎംഎ പ്രസിഡന്റ് ഡോ. ആര് വി അശോകന് സ്വന്തം ചെലവില്‍ പ്രമുഖ പത്രങ്ങളില്‍ ഖേദപ്രകടനം നടത്തണമെന്ന് സുപ്രീംകോടതി.പതഞ്ജലി കേസില്‍ സുപ്രീംകോടതിയെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി.ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും സന്ദീപ് മേത്തയുടെയും ബെഞ്ചാണ് ഉത്തരവിട്ടത്.
ഐഎംഎയുടെ പ്രതിനിധി എന്ന നിലയിലല്ല, വ്യക്തിപരമായി അശോകന് ഈ ക്ഷമാപണം നടത്തണമെന്നും ചെലവ് അദ്ദേഹം തന്നെ വഹിക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശമെന്ന് ഐഎംഎയെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകന് പിഎസ് പട്വാലിയ കോടതിയെ അറിയിച്ചു. ഏതെല്ലാം പ്രസിദ്ധീകരണങ്ങളിലാണോ ഈ അഭിമുഖം വന്നിട്ടുള്ളത് അവയിലെല്ലാം ക്ഷമാപണം നടത്തണം. നിങ്ങള്‍ സ്വയം കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണെന്നും കൈ കഴുകാനാവില്ലെന്നും ബെഞ്ച് പറഞ്ഞു.