പത്തനംതിട്ട:അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യന്.അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് പി ജെ കുര്യന് പറഞ്ഞു.പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അത് ആന്റണിയോടാണോ അനില്‍ ആന്റണിയോടാണോ എന്ന് ഓര്‍മ്മയില്ല.സിബിഐ കാര്യമോ നിയമന കാര്യമോ തനിക്ക് അറിയില്ല.എത്ര രൂപ ആണെന്നും പറഞ്ഞതായി ഓര്‍മ്മയില്ല.എന്തിനെന്ന് ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.പണം തിരികെ ലഭിക്കാന്‍ വേണ്ടി നന്ദകുമാറിനായി ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായമായ മാതാപിതാക്കളെ ഒഴിവാക്കുന്നതുപോലെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിയില്‍ പോയത്.അനില്‍ ആന്റണി ബിജെപി വിട്ട് വന്നാല്‍ കോണ്‍ഗ്രസില്‍ എടുക്കണം എന്നാണ് തന്റെ അഭിപ്രായം.നന്ദകുമാറുമായി തനിക്ക് പരിചയമുണ്ട്. കോണ്‍ഗ്രസിന്റെ മോശം കാലത്താണ് അനില്‍ ആന്റണി കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. ഇന്‍ഡ്യ മുന്നണി ജയിക്കുമ്പോള്‍ അനില്‍ ആന്റണി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരും. അതാണ് അനില്‍ ആന്റണിയുടെ സ്വഭാവം.എ കെ ആന്റണിയെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും ആന്റണി അഴിമതിക്ക് കൂട്ടുനില്‍ക്കില്ലെന്നും പി ജെ കുര്യന് പറഞ്ഞു.
ഇത് സര്‍ക്കാരിന്റെ പുസ്തകമല്ല;’വ്യാജ വാര്‍ത്ത’യില്‍ പ്രതികരണവുമായി മന്ത്രി ശിവന്‍കുട്ടി
ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്തും രണ്ടാം യുപിഎ കാലത്തും ഡല്‍ഹിയിലെ അറിയപ്പെടുന്ന ബ്രോക്കര്‍ ആയിരുന്നു അനില്‍ ആന്റണിയെന്നും സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിന് തന്റെ കയ്യില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചിരുന്നു. നിയമനം ലഭിച്ചില്ല, പണം തിരിച്ചു തന്നില്ല.പി ടി തോമസ് ഇടപെട്ടാണ് പണം നല്‍കിയത്.അനില്‍ ആന്റണി നിഷേധിച്ചാല്‍ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പിതാവിനെ വെച്ച് വില പേശി പണം വാങ്ങിയ ആളാണ് അനില്‍ ആന്റണി. അനില്‍ അംബാനിയുടേതിന് സമാനമായ ഒപ്പാണ് വിസിറ്റേഴ്സിന്റെ ബുക്കില്‍ അനില്‍ ആന്റണി ഇട്ടത്. പി ജെ കുര്യനും ഉമ തോമസിനും ഇക്കാര്യങ്ങള്‍ അറിയാം. ചില ഡിഫന്‍സ് നോട്ടുകള്‍ പുറത്ത് പോയി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനില്‍ ബിജെപിയില്‍ ചേര്‍ന്നത്.താന്‍ പറഞ്ഞ കാര്യം ആന്റണിയെ അറിയിച്ചു എന്നാണ് പി ജെ കുര്യന് പറഞ്ഞതെന്നതടക്കമുള്ള ആരോപണങ്ങളാണ് നന്ദകുമാര്‍ ഉയര്‍ത്തിയത്.