രാജേഷ് തില്ലങ്കേരി
കോഴിക്കോട്ടെ പി എസ് സി കോഴവിവാദം ഒതുക്കാനായി സി പി എം സംസ്ഥാനകമ്മിറ്റിയുടെ തിരക്കിട്ട ഇടപെടല്‍. പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 22 ലക്ഷം കോഴ കൈപ്പറ്റിയെന്ന ആരോപണത്തില്‍ പ്രതിസ്ഥാനത്തുനില്ക്കുന്ന സി.പി. എം പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം.
പരാതിയെക്കുറിച്ച് അറിയില്ലെന്നും, പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും നിലപാട് വ്യക്തമാക്കിയ ജില്ലാ സെക്രട്ടറി പി മോഹനനെ തള്ളിയാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നേരിട്ട് നടപടിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇതിനിടയില്‍ മന്ത്രി റിയാസിനെതിരെ സ്വന്തം തട്ടകത്തുതന്നെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ നീക്കം നടത്തുന്നതായാണ് ഉയരുന്ന ആരോപണം. മുന്‍മന്ത്രിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ എളമരം കരിമിനെതിരെയാണ് റിയാസ് വഭാഗം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സ്ഥാനാര്‍ത്ഥിയായിരുന്ന എളമരം കരിം റിയൽ എസ്റ്റേറ്റ്മാഫിയയുടെ സഹായം തേടിയെന്നാണ് ആരോപണം. സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചത് ഒരു റിയല്‍ എസ്റ്റേറ്റു മുതലാളിയുടെ വാഹനമായിരുന്നു വെന്നാണ് റിയാസ് വിഭാഗത്തിന്റെ പരാതി. എളമരത്തിനെതിരെ താക്കീത് ചെയ്യാനും പാര്‍ട്ടിയിലെ അഴിമതിക്കാരായ ചിലര്‍ക്കെതിരെ കടുത്ത നടപടി വേണം എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എളമരം കരിമും മന്ത്രി മുഹമ്മദ് റിയാസും തമ്മില്‍ കഴിഞ്ഞ കുറച്ചുകാലമായി നല്ല ബന്ധത്തിലല്ല. എളമരം കരിമിന് ജില്ലയിലെ ചില റിയല്‍ എസ്റ്റേറ്റ് മാഫിയയുമായും ഉന്നത വ്യവസായികളുമായി അടുത്ത ബന്ധമുണ്ടെന്നും, സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ മാഫിയ പ്രവര്‍ത്തിക്കുന്നതെന്നുമാണ് ജില്ലാ കമ്മിറ്റിയ്ക്ക് നല്കിയ പരാതിയില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.
മന്ത്രി റിയാസിനെ അഴിമതിയാരോപണത്തില്‍ മനപൂര്‍വ്വം ഉള്‍പ്പെടുത്തി പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് കോഴിക്കോട് നടന്നതെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. ജില്ലാ കമ്മിറ്റിക്ക് നല്കിയ പരാതി ഗൗരവത്തോടെയല്ല പരിഗണിച്ചതെന്നും ആരോപണമുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് റിയലസ്റ്റേറ്റ് മാഫിയ പ്രവര്‍ത്തിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ആര്‍ക്കൊക്കെയാണ് മാഫിയാ സംഘങ്ങളുമായി അടുത്ത ബന്ധമെന്നും ജില്ലാ സെക്രട്ടറി എന്തുകൊണ്ടാണ് ഇത്തരം നേതാക്കള്‍ക്കെതിരെ ഒരു നിലപാടും സ്വീകരിക്കാതിരുന്നതെന്നുള്ള ചോദ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ജില്ലാ സെക്രട്ടറി പി മോഹനനടക്കം പ്രതിരോധത്തിലായിരിക്കയാണ് പി എസ് സി കോഴ വിവാദത്തില്‍. പണം വാങ്ങിയെന്ന പേരില്‍ ആരോപണ വിധേയനായ സി .ഐ .ടി.യു നേതാവുകൂടിയായ പ്രമോദ് കോട്ടൂളിയെ മാത്രം ശിക്ഷിച്ച് വിഷയം ഒത്തുതീര്‍ക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. ആരോപണത്തില്‍ വ്യക്തമായ അന്വേഷണം നടത്തി പണം കൈപ്പറ്റിയത് ആരൊക്കെയെന്ന് വെളിച്ചത്തുകൊണ്ടുവരണമെന്നും, അവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും തയ്യാറായില്ലെങ്കില്‍ കോഴിക്കോട്ട് പാര്‍ട്ടി തകരുമെന്നാണ് നേതാക്കളുടെ വാദം.
മന്ത്രി റിയാസിന്റെയും എം എല്‍ എമാരായ സച്ചിന് ദേവ്, തോട്ടത്തില്‍ രവീന്ദ്രന് എന്നിവരുടെ പേര് പറഞ്ഞും നിരവധി തട്ടിപ്പുകള്‍ കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് നടന്നതായാണ് CPM ലെ ഒരു വിഭാഗം നേതാക്കളുടെ ആരോപണം.
കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ടെന്നും, മാഫിയാ സംഘങ്ങള്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത് പണം കൈപ്പറ്റുന്നതായുമാണ് പരാതി.
തിരഞ്ഞെടുപ്പ് തോല്‍വിയും അനുബന്ധ വിഷയങ്ങളും കേരളത്തിലെ പാര്‍ട്ടിയില്‍ നിരവധി ആരോപണങ്ങള്‍ നേരിടുന്നതിനിടയിലാണ് കോഴിക്കോട് പി എസ് സി കോഴവിവാദം ഉയരുന്നത്. ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട്.
അഴിമതിയും അഹങ്കാരവും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ കനത്ത പരാജയത്തിന് ആക്കം കൂട്ടിയെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. സഭ ചേരുന്ന ദിവസം പാര്‍ട്ടിയെ വെട്ടിലാക്കിയത് ബാര്‍കോഴ ആരോപണമായിരുന്നുവെങ്കില്‍ സമ്മേളനം അവസാനിക്കുമ്പോള്‍ പി എസ് സി കോഴവിവാദത്തിന്റെ പേരിലാണ്. പ്രതിപക്ഷത്തിന്റെ ആക്രമണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു പി. എസ് .സി കോഴയാരോപണം. രണ്ട് ആരോപണങ്ങളിലും മന്ത്രി റിയാസിന്റെ പേര് വലിച്ചിഴച്ചതില്‍ ക്ഷുഭിതനാണ് മുഖ്യമന്ത്രി. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെയാണ് ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തിരക്കിട്ട തീരുമാനത്തിലേക്ക് എത്തിച്ചത്. പ്രമോദുമായി ബന്ധമുള്ള നേതാക്കള്‍ ആരൊക്കെ, വാങ്ങിച്ച 22 കോടിരൂപ എങ്ങോട്ടുപോയി, ഒരാള്‍ മാത്രമാണോ കോഴയിടപാടിനുപിന്നിലെന്നതൊക്കെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടാവുമെന്നാണ് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കുന്നത്.
അഴിമതിയുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് പാര്‍ട്ടിയില്‍ വിഭാഗീയത ഉടലെടുത്തതും പിന്നീട് ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം പാര്ട്ടിവിട്ടതിന്റെയും ക്ഷീണം ഇപ്പോഴും പാര്‍ട്ടിക്കുണ്ട്. ഇതിനിടയിലാണ് കോഴിക്കോട് പാര്‍ട്ടിയെ വിഭാഗീയത ബാധിച്ചിരിക്കുന്നത്.
പി എസ് സി കോഴവിവാദത്തില്‍ നടപടിയുണ്ടായാലും വിഭാഗീയതയ്ക്ക് പരിഹാരമുണ്ടാവില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. പാര്‍ട്ടിയെ വെട്ടിലാക്കിയ പി എസ് സി കോഴവിവാദം പുറത്തുവന്നതും വിഭാഗീതയുടെ ഭാഗമായിരുന്നു.