രാജേഷ് തില്ലങ്കേരി
2019 ഓഗസ്റ്റ് എട്ട്, വയനാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടല്‍. അന്ന് 57 വീടുകളാണ് പൂര്‍ണ്ണമായും മണ്ണെടുത്തുപോയത്. 17 പേരുടെ ജീവന് നഷ്ടമായി. രാത്രിയില്‍ ഒഴുകിയെത്തിയ ഉരുപൊട്ടലില്‍ ഒലിച്ചുപോയത് ഒരു ഗ്രാമമായിരുന്നു. പലരേയും കാണാതായി. അഞ്ചുപേര്‍, ഇപ്പോഴും കാണാമറയത്താണ്.
പുത്തുമലയില്‍ നിന്നും അധികം ദൂരെയല്ലാത്ത ചൂരല്‍മലയില്‍ ഇന്നലെ രാത്രി ദുരന്തം വീണ്ടും ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ എത്തിയിരിക്കുന്നു, ഒരു പ്രദേശം അങ്ങനെ ഒരുമിച്ച് ഒഴുകിപ്പോയി. കുത്തിയൊലിച്ചു വന്ന ചെളിയിലും വെള്ളത്തിലും ഒരു അങ്ങാടി അപ്പാടെ ഒലിച്ചുപോയി.
മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് പ്രകൃതിയുടെ സംഹാരതാണ്ഡവം അരങ്ങേറിയത്.
നിരവധി വീടുകളും കടകളും നിലനിന്നിരുന്ന സ്ഥലങ്ങളില്‍ പാറക്കല്ലുകളും മരങ്ങളും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ചൂരല്‍മലയിലെ വെള്ളാര്‍മല സ്കൂള്‍ ഒന്നാകെ ചെളിവെള്ളത്തില്‍ മുങ്ങിയിരിക്കുന്നു.ചെമ്പ്ര, വെള്ളരി മലകളില്‍ നിന്നായി ഉത്ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ടു സ്ഥലവുമുള്ളത്. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഒഴുകിപ്പോയി. ഇതോടെ രക്ഷാപ്രവര്‍ത്തനം പോലും സാധ്യമല്ലാതായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കാലമായി വയനാട്ടില്‍ കനത്ത മഴ തുടരുകയായിരുന്നു.
പോത്തുകല്ലും. കവളപ്പാറയും, പെട്ടിമുടിയും, പുത്തുമലയും കടന്ന് ഇതാ വയനാട്ടിലെ ചൂരല്‍മലയും മുണ്ടക്കൈയും കേരളത്തിന്റെ കണ്ണീരായി മാറിയിരിക്കുകയാണ്. ഒരു പ്രദേശത്തെ ആകെ തുടച്ചു നീക്കിയ ഈ ദുരന്തത്തില്‍ ഉറ്റവരെ തേടി, മനുഷ്യര്‍ ദുരന്തഭൂമിയില്‍ കണ്ണീരുമായി അലയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. മുണ്ടക്കൈയില്‍ എത്രപേരെ കാണാനില്ലെന്ന് ആര്‍ക്കും വ്യക്തമല്ല. അവിടെയുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല. ഒരു പ്രദേശം അപ്പാടെ ഒലിച്ചുപോയിരിക്കുന്നു, എന്നുമാത്രമാണ് അവിടെ നിന്നും വരുന്ന വാര്‍ത്തകള്‍. സമാനതകളില്ലാത്ത ഒരു ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്.
ഉരുള്‍പൊട്ടല്‍ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവിടെ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചിലരൊക്കെ മാറിപ്പോയിരുന്നു. പരിസവാസികളായ നിരവധിപേരെ കാണാതായതെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. മരണ സഖ്യ ഇനിയും ഏറെ ഉയരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിരവധി വീടുകളാണ് നിലം പൊത്തിയിരിക്കുന്നത്. ഇത്തരം വീടുകള്‍ക്കുള്ളില്‍ എത്രപേര്‍ കുടിങ്ങിക്കിടക്കുന്നുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. കാലാവസ്ഥ കലിതുള്ളി നില്ക്കുന്നതിനാല് രക്ഷാപ്രവര്‍ത്തനവും അസാധ്യമാണ്.
കേന്ദ്രസേനയും എന്‍ ഡി ആര് എഫും തുടങ്ങിയ സംഘങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ടെങ്കിലും അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റവരെ പുറത്തെത്തിക്കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹാരിസണ്‍ മലയാളം പ്ലാറ്റേഷനില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെയൊക്കെ പുറത്തെത്തിക്കാനുള്ള ദൗത്യം ശ്രമകരമാവും. മലവെള്ളവും കൂടിയിരിക്കുന്ന ചെളിയും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥ.
ഇതേ സമയം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ നിരവധി മൃതദേഹങ്ങള്‍ പോത്തുകല്ല്, മുണ്ടേരി ഭാഗങ്ങളില്‍ വന്നടിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ദുരന്തഭൂമിയില്‍ നിന്നും ചാലിയാര്‍ പുഴയുടെ കൈവഴിയിലൂടെ ഒഴുകിയെത്തിയതോടെ നിലമ്പൂര്‍ പോത്തുകല്ലും പരിസരവും ഒരു ദുരന്തഭൂമിയായി മാറുകയാണ്.
10 മൃതദേഹങ്ങളാണ് ഇവിടെ പുഴയോരത്ത് വന്നടിഞ്ഞത്. കുട്ടികളുടേയും മറ്റും മൃതദേഹങ്ങള്‍ വികൃതമായാണ് കണ്ടെത്തിയിരിക്കുന്നത്. കേട്ടുനില്ക്കാന് കഴിയാത്ത അനുഭവങ്ങളും കണ്ടുനില്ക്കാന് കഴിയാത്ത കാഴ്ചകളും മാത്രമാണ് വയനാട്ടിലെ ദുരന്തഭൂമിയില്‍ നിന്നും ഉയരുന്നത്. മൂടികിടക്കുന്ന മൃദശരീരങ്ങള്ക്കരികില് തങ്ങളുടെ കുടുംബത്തിലുള്ളവരെ തേടി എത്തുന്ന ഉറ്റവരുടെ കണ്ണീരും, ഒന്നിച്ച് കിടന്ന് പുലര്‍ന്നപ്പോള്‍ കാണാതായ ഉറ്റവരുടെ നൊമ്പരവും മാത്രമാണ് വയനാട്ടില്‍ ഇപ്പോള്‍ ബാക്കിയുള്ളത്.