ന്യൂഡൽഹി: യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവത്തിൽ അതീവ ഉത്കണ്ഠാകുലനാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇത്തരം പ്രവൃത്തികളെ ശക്തമായി അപലപിക്കേണ്ടതാണ്. അദ്ദേഹം വേഗത്തിൽ പൂർണ്ണമായി സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു -രാഹുൽ അറിയിച്ചു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവം അപലപിച്ചിരുന്നു. ശക്തമായി അപലപിക്കുന്നുവെന്നും രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.അപലപിച്ച് നേതാക്കൾ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ ഡോണൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ ഞെട്ടിൽ രേഖപ്പെടുത്തിയും സംഭവത്തെ അപലപിച്ചും വിവിധ ലോക നേതാക്കൾ രംഗത്തെത്തി.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് വെടിവെപ്പിനെ അപലപിച്ചു. രാഷ്ട്രീയ അക്രമ പ്രവർത്തനമാണിതെന്നാണ് സംഭവത്തെ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.
ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഏത് തരത്തിലുള്ള അക്രമത്തിനെതിരെയും ഉറച്ചുനിൽക്കണമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.ആക്രമണ ദൃശ്യങ്ങൾ ഞെട്ടിച്ചുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു.
ഒരു രൂപത്തിലുള്ള രാഷ്ട്രീയ അക്രമത്തിനും നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വെടിവെപ്പ് ആശങ്കാജനകമാണെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു.