രാജാ രവിവര്‍മയുടെ ‘മോഹിനി’ എന്ന ചിത്രത്തിന് ലേലത്തില്‍ ലഭിച്ചത് 17 കോടി രൂപ. പുണ്ടോള്‍ ഗാലറിയാണ് 36.5 ഇഞ്ച് നീളവും 24.5 ഇഞ്ച് വീതിയുമുള്ള ഈ എണ്ണച്ചായാചിത്രം അടക്കം 71 കലാസൃഷ്ടികള്‍ ലേലത്തില്‍ വിറ്റത്.
കാമുകന്റെ വരവും പ്രതീക്ഷിച്ച് ഊഞ്ഞാലാടുന്ന യുവതിയുടെ ചിത്രമാണ് ‘മോഹിനി’. ആരാണ് വാങ്ങിയതെന്ന് വ്യക്തമാക്കിയിട്ടില്ല. 10 മുതല്‍ 15 കോടി രൂപ വരെയായിരുന്നു ഈ ചിത്രത്തിന് ഗാലറി വിലയിട്ടിരുന്നത്.
മുംബൈയില്‍ രവിവര്‍മ ആരംഭിച്ച പ്രസ് നടത്താനായി ജര്‍മനിയില്‍ നിന്നെത്തിയ ജര്‍മന്‍കാരനായ ഫ്രിറ്റ്സ് ഷ്ളിച്ചറിന്റെ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ് ചിത്രം. നര്‍ത്തകിയും പാട്ടുകാരിയുമായ അഞ്ജനിബായ് മല്പെക്കറാണ് മോഹിനിക്ക് മോഡലായത്.