രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട് സി പി ഐയില്‍ ഭിന്നത രൂക്ഷം. ബിനോയ് വിശ്വം
പി പി സുനീറിന്റെ പേര് നിര്‍ദ്ദേശിച്ചതിന് പിന്നാലേയാണ് അഭിപ്രായ ഭിന്നത.അസി. സെക്രട്ടറി പ്രകാശ് ബാബുവിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജി ആര് അനിലിന്റെയും മുല്ലക്കര രത്നാകരന്റെയും നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയതോടെയാണ് അഭിപ്രായഭിന്നതയ്ക്ക് കാരണമായത്. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനം ഇല്ലാതായി എന്നും ഒരു വിഭാഗം നേതാക്കള്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നുമാണ് ഉയരുന്ന പരാതി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തേയും താന്‍പ്രമാണിത്തത്തേയും കുറിച്ച് ഇനി ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും തിരുത്തേണ്ട സമയത്ത് തിരുത്താന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ സി പി ഐക്ക് കൂടുതല്‍ ജനപിന്തുണ ലഭിച്ചേനെ എന്ന ആരോപണവും സി പി ഐയിലെ ഔദ്യോഗിക പക്ഷത്തിനെതിരെയുള്ള വ്യക്തമായ വിയോജിപ്പാണ് പ്രകടമാക്കുന്നത്.
മുന്‍ കാലങ്ങളില്‍ ഇടതുമുന്നണിയില്‍ സി പി ഐ ഒരു തിരുത്തല്‍ ശക്തിയായാണ് പ്രവര്‍ത്തിച്ചിരുന്നത്. സി പി എമ്മില്‍ വിഭാഗീയത ശക്തമായിരുന്ന കാലത്തും വി എസ് അച്ചുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്തും വി എസ് പ്രതിപക്ഷ നേതാവായിരുന്ന കാലത്തുമൊക്കെ സി പി ഐ ശരിയുടെ പക്ഷത്തായിരുന്നു നിലയുറപ്പിച്ചിരുന്നത്. അതായിരുന്നു സി പി ഐയുടെ ജനകീയതയും.
ഒന്നാ പിണറായി സര്‍ക്കാരിന്റെ കാലത്ത് നിലമ്പൂര്‍ കാടുകളില്‍ ഉണ്ടായ മാവോയിസ്റ്റ് വേട്ടയില്‍ നാലു പേര് കൊല്ലപ്പെട്ട സംഭവത്തിലും കോഴിക്കോട് രണ്ട് യുവാക്കളെ മാവോയിസ്റ്റെന്ന പേരില്‍ അറസ്റ്റു ചെയ്ത സംഭവത്തിലും തുടങ്ങി നിരവധി പൊലീസ് വേട്ടകളിലും സി പി ഐ സ്വന്തമായ നിലപാട് സ്വീകരിക്കാനും സര്‍ക്കാരിനെ തിരുത്താനും ശ്രമിച്ചിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും നിരവധി ആരോപണങ്ങളിലൂടെ മുഖ്യമന്ത്രിയും സി പി എമ്മും യാത്ര ചെയ്യുമ്പോഴും പ്രതികരിക്കാന്‍ സി പി ഐ തയ്യാറായിരുന്നില്ല.
മുന്നണി കണ്‍വീനറായ ഇ പി ജയരാജന് ബി ജെ പി നേതാവും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടക്കാഴ്ചയും തൃശ്ശൂരില്‍ സി പി എം – ബി ജെ പി അന്തര്‍ധാരയെന്ന ആരോപണത്തിലും സിപിഐ സംസ്ഥാന നേതൃത്വം വ്യക്തമായ നിലപാട് സ്വീകരിച്ചില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
സിപിഐയില്‍ കാനം പക്ഷക്കാരനായ ബിനോയ് വിശ്വം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാവുന്നതില്‍ ഒരു വിഭാഗത്തിന് താല്പര്യമുണ്ടായിരുന്നില്ല.. എന്നാല്‍ കാനത്തിന്റെ ആഗ്രഹം അതാണെന്നും അതിനാല്‍ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയാവട്ടേ എന്നു തീരുമാനമുണ്ടാക്കുകയായിരുന്നു.സംസ്ഥാന അസി. സെക്രട്ടറിയായ പ്രകാശ് ബാബുവിനെ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന നിര്‍ദ്ദേശം ലക്ഷ്യം കണ്ടില്ല.
കാനം പക്ഷം പാര്‍ട്ടിയില്‍ സര്‍വ്വാധിപത്യം സ്ഥാപിച്ചതോടെ പ്രകാശ് ബാബു പിന്തള്ളപ്പെടുകയായിരുന്നു. രാജ്യസഭാംഗമായ ബിനോയ് വിശ്വം കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവില്‍ പ്രകാശ് ബാബുവിനെ രാജ്യസഭയിലേക്ക് അയക്കണമെന്നായിരുന്നു പാര്‍ട്ടിയില്‍ ഉയര്‍ന്ന അഭിപ്രായം. ഒരു സമയത്തുപോലും പി പി സുനീറിന്റെ പേര് ചര്‍ച്ചയില്‍പോലും കൊണ്ടുവരാതെ അവസാന നിമിഷം ഒഴിവുവരുന്ന പി പി സുനീറിന്റെ പേര് നിര്‍ദ്ദേശിച്ച് മറ്റുനേതാക്കളുടെ നിര്‍ദേശങ്ങളൊന്നും സ്വീകരിക്കാന്‍ തയ്യാറായില്ല.
പാര്‍ട്ടിയിലെ ന്യൂനപക്ഷ മുഖമായതിനാലാണ് പി പി സുനീറിനെ രാജ്യസഭാംഗമാക്കുന്നതെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്. എന്നാല്‍ സി പി ഐ പോലുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങളെ ജാതീയമായും വര്‍ഗീയമായും വേര്‍തിരിച്ച് സ്ഥാനമാനങ്ങള്‍ നല്കുന്ന രീതി എന്നുമുതലാണ് ഉണ്ടായതെന്നാണ് മറുഭാഗം ഉയര്‍ത്തുന്ന ചോദ്യം.
നേരത്തേയും രാജ്യസഭകളിലേക്ക് നിരവധി പേരെ അയച്ച പാര്‍ട്ടിയാണ് സി പി ഐ . അപ്പോഴൊന്നുമില്ലാത്ത ന്യുനപക്ഷ പ്രേമം എങ്ങിനെയാണ് സിപി ഐയില്‍ ഉടലെടുത്തതെന്ന ചോദ്യം ബിനോയ് വിശ്വസത്തെ പ്രതിരോധത്തിലാക്കും. പി പി സുനീര്‍ ന്യൂനപക്ഷ സമുദായാംഗമെന്ന നിലയിലല്ല സി പി ഐ പരിഗണിക്കുന്നത്. കമ്യൂണിസ്റ്റ് ആശയക്കാരനെന്ന നിലയിലാണ്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ മുറുകെ പിടിക്കുമ്പോള്‍ എവിടേയാണ് സഖാവേ പിന്നെ ജാതിയും മതവുമൊക്കെ വരുന്നത്.
കെ ഇ ഇസ്മയില്‍ എന്ന സി പി ഐ നേതാവിനെ അത്തരത്തിലാണോ സി പി ഐ നേതാവാക്കിയിരുന്നത്, മന്ത്രിയാക്കിയിരുന്നത് എന്ന മറു ചോദ്യത്തിനു മുന്നില്‍ ബിനോയ് വിശ്വത്തിന് മറുപടിപറയാന്‍ കഴിയില്ല. മുന്‍ മന്ത്രികൂടിയായ കെ ഇ ഇസ്മയിലിനെ ഗ്രൂപ്പിസത്തിന്റെ പേരില്‍ ഒതുക്കിയ കാനം രാജേന്ദ്രന്റെ പക്ഷക്കാരാണ് പി പി സുനീറിന്റെ ജാതിയന്വേഷിച്ച് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
എന്തായാലും കേരളത്തില്‍ നിന്നും ഒറ്റ പാര്‍ലമെന്റ് അംഗത്തെപ്പോലും അയക്കാന്‍ രണ്ടാം വട്ടവും കഴിയാതെ വന്നതോടെ കേരളത്തിലെ സി പി ഐ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്. അതിനൊപ്പമാണ് സി പി ഐയിലെ ഗ്രൂപ്പിസവും അഭിപ്രായ ഭിന്നതയും രൂക്ഷമാവുന്നതും. ഈ തര്‍ക്കങ്ങള്‍ വരും ദിവസങ്ങളില്‍ സി പി ഐയില്‍ കൂടുതല്‍ അഭിപ്രായ ഭിന്നതകള്‍ പുറത്തുവരാനുളള സാധ്യതയാണ് തുറന്നുകാട്ടുന്നത്.