ന്യൂഡൽഹി:കേരളത്തിൻ്റെ വിദ്യാഭ്യാസ, സാംസ്ക്കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പുണ്യവാനെ നവോത്ഥാന നായകനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാണി സി.കാപ്പൻ എം.എൽ.എ നിവേദനം സമർപ്പിച്ചു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന കാലഘട്ടത്തിൽ നാനാജാതി മതസ്ഥരെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ ആദ്യമായി ആരംഭിച്ചത് ചാവറ പിതാവാണ്.വേദഭാഷയായ സംസ്കൃതം പഠിപ്പിക്കുന്ന ആദ്യ പള്ളിക്കൂടം എല്ലാവർക്കുമായി മാന്നാനത്ത് തുറന്നത് അദ്ദേഹമാണ്.
സ്കൂളിൽ കുട്ടികൾക്കായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ക്രമീകരണം ആരംഭിച്ചതും ചാവറ പിതാവാണ്.അതിൻ്റെ ചുവടു പിടിച്ചാണ് പിന്നീട് ഉച്ച ക്കഞ്ഞിയും തുടർന്ന് പോഷക സമൃദ്ധമായ ഭക്ഷണവും വിദ്യാലയങ്ങളിൽ ആരംഭിച്ചത്. പള്ളിയോടൊപ്പം പള്ളിക്കൂടം തുറക്കണമെന്ന കല്പന പുറപ്പെടുവിച്ച് വിദ്യാഭ്യാസം സാർവ്വത്രികമാക്കിയത് ഇദ്ദേഹം കത്തോലിക്കാസഭയുടെ വികാരി ജനറാളായിരിക്കുമ്പോഴാണ്. കേരളത്തിൽ മലയാളത്തിലുള്ള ആദ്യത്തെ പ്രസ് സ്ഥാപിച്ച് ആദ്യ മലയാള ദിനപത്രം പ്രസിദ്ധീകരിച്ചതും ഇദ്ദേഹമാണ്. നാട്ടിൽ നടമാടിയിരുന്ന അനാചാരങ്ങൾക്കും അസമത്വങ്ങൾക്കെമെതിരെ പോരാടിയ ഈ സാമൂഹ്യ പരിഷ്ക്കാർത്താവ് തമസ്കരിക്കപ്പെടുന്നത് ഖേദകരമാണെന്നും അതിനാൽ വിശുദ്ധ ചാവറ പിതാവിനെ നവോത്ഥന നായകനായി പ്രഖ്യാപിക്കണമെന്നുമാണ് മാണി സി.കാപ്പൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതേ ആവശ്യം ഉന്നയിച്ച് കെ.സി വേണുഗോപാൽ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ, കെ .രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ് ഉൾപ്പെടെ കേരളത്തിലെ മുഴുവൻ ലോക്സഭാംഗങ്ങളും പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തുനൽകി മുതിർന്ന എൻ.സി.പി നേതാവ് ശരദ് പവാറുമായി ഈ വിഷയം ചർച്ച ചെയ്തപ്പോൾ നവോത്ഥാന നായകനു വേണ്ട എല്ലാ യോഗ്യതയും വിശുദ്ധ ചാവറപ്പിതാവിനുണ്ടെന്നും പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പ്രത്യേകം കത്ത് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകിയെന്ന് മാണി സി.കാപ്പൻ അറിയിച്ചു.