വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ ക്ഷണിച്ച് കാത്തിരിക്കുകയാണ് സ്കൂളുകള്‍.
കാലവർഷമെത്തിയെങ്കിലും അതൊരുപ്രശ്നമല്ലെന്നും മഴനനയാതെ എന്ത് പ്രവേശനോത്സവമെന്നാണ് സ്കൂളുകളിലെ അധ്യാപകര്‍ പറയുന്നത്. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി.
എസ്എസ്എൽസി മൂല്യനിർണ്ണയത്തിലെ മാറ്റമാണ് ഈവർഷത്തെ പ്രധാന ഹൈലൈറ്റ്. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരികയാണ്. നിരന്തര മൂല്യനിർണ്ണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടുത്ത് എത്തുന്ന വിജയശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ട.