മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു.രാവിലെ ഒമ്പതരയോടെ കൊല്‍ക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധവും വാര്‍ധക്യസഹജവുമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്.ഭരണത്തിന്റെ ആദ്യ അഞ്ച് വര്‍ഷങ്ങള്‍ ഐടി രംഗത്തെയടക്കം മുന്നേറ്റം ബുദ്ധദേവിനും സര്‍ക്കാരിനും കൈയ്യടി നേടികൊടുത്തു.
1966 ലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യകമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഡിവൈഎഫ്ഐയിലൂടെ പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും എത്തി. 1977ല്‍ ആദ്യമായി മന്ത്രിയായി. ജ്യോതി ബസു സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി. പിന്നീട് ജോതി ബസുവിന് ശേഷം മുഖ്യമന്ത്രി പദത്തില്‍ എത്തി. ബംഗാള്‍ മുഖ്യമന്ത്രിയായിരിക്കെയും ബാലിഗഞ്ചിലെ രണ്ടു മുറി ഫ്ളാറ്റിലായിരുന്നു ബുദ്ധദേബിന്റെ താമസം. കൊല്‍ത്തത്തയുടെ തിയേറ്ററുകളില്‍ നാടകവും സിനിമയും കാണാന്‍ അധികാരത്തിന്റെ ജാടകളില്ലാതെ അദ്ദേഹം എത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് രീതികളും ലാളിത്യവും മുഖ്യമന്ത്രിയായിരുന്ന കാലത്തും തിരിച്ചടികള്‍ക്കിടികള്‍ നേരിട്ട കാലത്തും കൈവിടാത്ത വ്യക്തിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ.